ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമപരമായി നടപടിയെടുക്കും: അനില്‍ അംബാനി

ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമപരമായി നടപടിയെടുക്കും: അനില്‍ അംബാനി

വിപണി മൂല്യത്തില്‍ 55 ശതമാനം ഇടിവുണ്ടാക്കുന്നതും 13,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നതുമായിരുന്നു രണ്ട് ധനകാര്യ ഗ്രൂപ്പുകളുടെ നടപടിയെന്ന് റിലയന്‍സ്

മുംബൈ: ഓഹരി ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് എല്‍ ആന്‍ഡ് ടി ഫിനാന്‍സിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, എഡെല്‍വെയ്‌സ് ഗ്രൂപ്പ് സ്ഥാനങ്ങള്‍ തുടങ്ങിയ ചില ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈടായി നല്‍കിയ ഓഹരികള്‍ പൊതുവിപണിയില്‍ അവര്‍ വില്‍പ്പന നടത്തിയത് കമ്പനിയുടെ ഓഹരി മൂല്യം കുറച്ചതായി നേരത്തേ റിലയന്‍സ് വ്യക്തമാക്കിയിരുന്നു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് പവര്‍ എന്നീ കമ്പനികളുടെ ഓഹരി വില്‍പ്പന ഗുരുതരമായി ബാധിക്കപ്പെട്ടു. 46.75 ലക്ഷം ഓഹരിയുടമകളാണ് ഈ കമ്പനികള്‍ക്ക് പൊതുവായി ഉള്ളത്.

വായ്പാ മാനദണ്ഡങ്ങളോട് ചേരാത്തതും നിയമവിരുദ്ധവുമായ രീതിയിലാണ് ഈട് നല്‍കിയ ഓഹരികള്‍ എന്‍ബിഎഫ്‌സികള്‍ വില്‍പ്പന നടത്തിയതെന്ന് റിലയന്‍സ് ഗ്രൂപ്പ് ആരോപിച്ചിരുന്നു. വിപണി മൂല്യത്തില്‍ 55 ശതമാനം ഇടിവുണ്ടാക്കുന്നതും 13,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നതുമായിരുന്നു രണ്ട് ഗ്രൂപ്പുകളുടെയും നടപടിയെന്ന് റിലയന്‍സ് ചൂണ്ടിക്കാട്ടി. വിപണിയില്‍ കൃത്രിമമായി ഇടപെടര്‍ നടത്തുന്നതിനും വിലയില്‍ തിരിമറി നടത്തുന്നതിനും സമാനമായിരുന്നു ഇതെന്നാണ് റിലയന്‍സ് ഗ്രൂപ്പ് വാദിക്കുന്നു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് തങ്ങളുടെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലൂടെ തങ്ങളുടെ ഭീമമായ വായ്പകള്‍ക്ക് പരിഹാരം കാണുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍കോമുമായി ബന്ധമില്ലാത്ത ഗ്രൂപ്പിന്റെ മറ്റ് ബിസിനസുകളെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കമ്പനി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നത്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് പവര്‍ എന്നിവ എല്ലാ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പ്രകാരവും തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി നോട്ടിസുകള്‍ അയച്ച ശേഷവും തിരിച്ചടവില്‍ വീഴ്ച വന്ന സാഹചര്യത്തിലാണ് വായ്പയുടെയും ഈടിന്റെയും കരാറിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതെന്നാണ് എല്‍ ആന്‍ഡ് ടി ഫിനാര്‍സ് പറയുന്നത്.

Comments

comments

Categories: Business & Economy