സെയ്ന്‍സ്ബറിസ്-അസ്ഡ ലയനം തീരുമാനം നീളുന്നു

സെയ്ന്‍സ്ബറിസ്-അസ്ഡ ലയനം തീരുമാനം നീളുന്നു

ബ്രിട്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റുകളായ സെയ്ന്‍സ്ബറിസും അസ്ഡയും തമ്മില്‍ ലയിക്കാനുള്ള തീരുമാനക്കില്‍ കല്ലുകടി

ബ്രിട്ടണിലെ ചില്ലറവ്യാപാരമേഖലയെ പുനസ്സംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു സുപ്രധാന തീരുമാനം അനന്തമായി നീളുമോയെന്ന് ആശങ്ക. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ സെയ്ന്‍സ്ബറിസ്-അസ്ഡ ലയനതീരുമാനമാണ് ഇപ്പോള്‍ ത്രിശങ്കുവിലായിരിക്കുന്നത്. കരാറുമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനം സംഭവിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോ ഇടയില്‍ വന്നതാണ് പുതിയ വഴിത്തിരിവ്.

വന്‍തോക്കുകള്‍ ഇടപെടുന്നതോടെ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വില കൊടുക്കേണ്ടി വരുമോ എന്നും അവരുടെ തെരഞ്ഞെടുപ്പിനുള്ള വിശാലമായ സാധ്യത ചുരുങ്ങിപ്പോകുമോ എന്നും നിരീക്ഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. അനുചിതമല്‍സരത്തിന് അറുതിവരുത്തുന്നതിനൊപ്പം സൂക്ഷ്മപരിശോധനയില്‍ ഈ രംഗത്ത് ഇടപെടാനും ഏജന്‍സിക്ക് കഴിയണം. യുഎസ് റീറ്റൈയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സെയ്ന്‍സ്ബറിസും അസ്ഡയും ബ്രിട്ടനിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളാണ്.

ബ്രിട്ടണിലെ പലചരക്ക് വിപണി കനത്ത മല്‍സരം നേരിടുകയാണ്. പ്രധാന വൈരികളായ ആല്‍ഡി, ലിഡില്‍, ടെസ്‌കോ തുടങ്ങിയ ശൃംഖലകളെയും ആമസോണ്‍പോലുള്ള ഓണ്‍ലൈന്‍ ഭീഷണികളെയും പ്രതിരോധിക്കുകയാണു ലയനത്തിന്റെ ലക്ഷ്യം. ഈ രംഗത്തെ പ്രധാന ആകര്‍ഷണം ഉല്‍പ്പാദകരില്‍ നിന്നും വിതരണക്കാരില്‍ നിന്നും കുറഞ്ഞവിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിലൂടെ കൈവരിക്കുന്ന ലാഭമാണ്. ഉദാഹരണമായി, ഇരുകൂട്ടരുടെയും ബിസിനസ്സ് കൂട്ടിയിണക്കുമ്പോള്‍ വിതരണക്കാരില്‍ നിന്ന് ഏറ്റവും കുറഞ്ഞ വിലയ്ക്കു സാധനം വാങ്ങാന്‍ കഴിയും.

അതായത് ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഒരു ടിന്‍ ബീന്‍സിനു വേണ്ടി 10 പെന്നി അടയ്ക്കുമ്പോള്‍ മറ്റേ ശൃംഖല 11 പെന്നി ആയിരിക്കും അടയ്ക്കുക, ഇരുവരും ഒന്നാകുമ്പോള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ബീന്‍സ് ലഭിക്കുന്നു.

ഇത്തരത്തിലുള്ള വിലവ്യത്യാസത്തില്‍ നിന്ന് മാത്രം 350 മില്യണ്‍ പൗണ്ടെങ്കിലും ലാഭമുണ്ടാക്കാനാണ് സെയിന്‍സ്ബറി പദ്ധതിയിടുന്നത്. എന്നിരുന്നാലും, വലിയ വിതരണക്കാര്‍ ഇത് അംഗീകരിക്കാന്‍ വഴിയില്ലെന്നാണ് ലഭിക്കുന്ന് മുന്നറിയിപ്പ്. അതിനാല്‍ ആയിരക്കണക്കിന് ചെറിയ വിതരണക്കാരാകും ഇതിന് ഇരയാകുക.

ഇക്കാര്യം ചില എംപിമാര്‍ തന്നെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ വലിയ വിതരണക്കാരെയാണ് സാധനങ്ങള്‍ വാങ്ങാന്‍ സമീപിക്കാറുള്ളതെന്നും അവരില്‍ നിന്ന് വിലപേശുന്നതിനാല്‍ ചെറുവിതരണക്കാര്‍ക്കു തങ്ങളുടെ നീക്കം പ്രയാസമുണ്ടാക്കില്ലെന്നുമാണ് സെയിന്‍സ്ബറി ചീഫ് എക്‌സിക്യുട്ടീവ് മൈക് കൂപ്പ് അവകാശപ്പെടുന്നത്. ലയനം മൂലം നിത്യോപയോഗ സാധനങ്ങളുടെ വില 10 ശതമാനം കുറയുമെന്നാണ് അവകാശവാദം. ബ്രെക്‌സിറ്റ് നികുതിയിളവുവഴി തങ്ങള്‍ക്കു ലഭിക്കുന്ന ലാഭം ഉപയോക്താക്കള്‍ക്കു കൈമാറാമെന്നും അവര്‍ പറയുന്നു. സാധനവില കുറയ്ക്കാമെന്നും ഭാവിയിലെ 18 മാസങ്ങള്‍ കൊണ്ട് വില വിപണിയിലെ മല്‍സരത്തിനനുസരിച്ച് താഴുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴില്‍ അസ്ഥിരത അടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനയായ ജിഎംബി യൂണിയന്റെ നേതാവ് ഗാരി കാര്‍ട്ടര്‍ പറയുന്നത്, തങ്ങളുടെ അവസ്ഥ സംബന്ധിച്ച അനിശ്ചിതത്വം കാരണം അംഗങ്ങള്‍ വലിയ വിഷമവും സമ്മര്‍ദ്ദവുമനുഭവിക്കുന്നുവെന്നാണ്. ലയനത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ആളുകള്‍ക്ക് ധാരണയില്ല. പുതിയ തൊഴിലുടമ ആരെന്നും ജോലി തന്നെ ഉണ്ടാകുമോയെന്നുനമൊക്കെ ആശങ്ക വളരുന്നു. സെയ്ന്‍സ്ബറിയിലെ ജീവനക്കാരെപ്പോലെ ഉയര്‍ന്ന ശമ്പളം ലഭിക്കുമോയെന്നാണ് അസ്ഡയിലെ ചില ജീവനക്കാരുടെ ചിന്ത.

ചെലവു ചുരുക്കലാണ് ലയനത്തിന്റെ പ്രധാന ഉദ്ദേശ്യം. അതിനാല്‍ തൊഴില്‍ നഷ്ടം അനിവാര്യമാണ്. സെയ്ന്‍സ്ബറിസ്- അസ്ഡ ലയനം സംഭവിച്ചാലും അവരവരുടെ കീഴിലുള്ള ബ്രാന്‍ഡുകള്‍ തനതായി നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഇതോടെ ഈ സ്ഥാപനം ബ്രിട്ടണിലെ 2,800-ല്‍ കൂടുതല്‍ ഷോപ്പുകളുള്ള റീറ്റെയ്ല്‍ ഭീമനായി മാറും. 2018 ഓഗസ്റ്റ് എട്ടിനാണ് ലയനകരാര്‍, കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) മുമ്പാകെ അവതരിപ്പിച്ചത്.

ലയനം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചാല്‍, ഇരു കൂട്ടരും ചില സ്റ്റോറുകള്‍ വില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 70 മുതല്‍ 300 സ്റ്റോറുകളാണ് വില്‍ക്കാന്‍ കണക്കാക്കുന്നത്. ഇങ്ങനെ വിറ്റൊഴിവാക്കാുന്ന സ്റ്റോറുകളുടെ എണ്ണവും കടകളില്‍ നിന്നുള്ള ലാഭവുമാണ് കരാര്‍ നില നില്‍ക്കുമോ എന്ന് നിര്‍ണയിക്കാന്‍ പോകുന്നത്. ലയനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി സിഎംഎ രണ്ട് ശൃംഖലകളും തമ്മിലുള്ള മല്‍സരം കണക്കിലെടുത്തിരുന്നു. ഒപ്പം മറ്റ് റീറ്റെയ്‌ലര്‍മാരില്‍ നിന്നുള്ള മത്സരം തടയുമെന്നും അറിയിച്ചു.

വീട്ടുപകരണങ്ങള്‍, ഇന്ധനം, കളിപ്പാട്ടങ്ങള്‍, വൈദ്യുത ഉല്‍പ്പന്നങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയാണ് സിഎംഎ അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുക. സിഎംഎയുടെ താല്‍ക്കാലിക തീരുമാനം ഒരിക്കല്‍ നല്‍കി കഴിഞ്ഞാല്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മറ്റ് താല്‍പ്പര കക്ഷികള്‍ക്കും അന്തിമ തീരുമാനത്തിന് മുമ്പ് അഭിപ്രായം വ്യക്തമാക്കാന്‍ കഴിയും. മാര്‍ച്ച് അഞ്ചിനാണു കാലാവധി അവസാനിക്കുന്നത്. വിധി തങ്ങള്‍ക്കെതിരാണെങ്കില്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ഈ സൂപ്പര്‍മാക്കറ്റുകള്‍ക്ക് അധികാരമുണ്ട്.

Comments

comments

Categories: Business & Economy