രാജ്യത്ത് അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനം കുറഞ്ഞു

രാജ്യത്ത് അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനം കുറഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ജനുവരി മാസം 3.84 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 8.995 മില്യണ്‍ ടണ്‍ അസംസ്‌കൃത സ്റ്റീലാണ് രാജ്യം കഴിഞ്ഞ മാസം ഉല്‍പ്പാദിപ്പിച്ചതെന്ന് ജോയിന്റ് പ്ലാന്റ് കമ്മിറ്റി വ്യക്തമാക്കുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ ഉല്‍പ്പാദന രാജ്യമായി ഇന്ത്യ മാറിയെന്ന് അടുത്തിടെ ലോക സ്റ്റീല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 2018ല്‍ 106.5 മില്യണ്‍ ടണ്‍ അസംസ്‌കൃത സ്റ്റീലാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്. ജപ്പാനില്‍ ഇക്കാലയളവില്‍ രേഖപ്പെടുത്തിയത് 104.3 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനമാണെന്നും കഴിഞ്ഞ മാസം 25ന് പുറത്തിറക്കിയ വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതിനുപുറകെയാണ് കഴിഞ്ഞ മാസം സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 9.355 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീലാണ് രാജ്യം ഉല്‍പ്പാദിപ്പിച്ചത്. ഇതേ വര്‍ഷം ഡിസംബറിലെ ഉല്‍പ്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ മാസം 0.2 ശതമാനത്തിലധികം ഇടിവാണുണ്ടായിട്ടുള്ളത്.

പൊതുമേഖലാ കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, രാഷ്ട്രീയ ഇസ്പത് നിഗാം ലിമിറ്റഡ്, സ്വകാര്യ കമ്പനികളായ ഡെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, പവര്‍ ലിമിറ്റഡ്, എസ്സാര്‍ സ്റ്റീല്‍ എന്നിവ സംയുക്തമായി 5.486 മില്യണ്‍ ടണ്‍ അസംസ്‌കൃ സ്റ്റീലാണ് കഴിഞ്ഞ മാസം ഉല്‍പ്പാദിപ്പിച്ചത്.

Comments

comments

Categories: FK News