ആര്‍ബിഐയോട് 27,380 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രാലയം

ആര്‍ബിഐയോട് 27,380 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രാലയം

മുന്‍വര്‍ഷങ്ങളില്‍ അപകടസാധ്യതയും കരുതല്‍ ധനവും മുന്‍നിര്‍ത്തി കേന്ദ്രബാങ്ക് നീക്കിവെച്ചിരുന്ന തുകയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 27,380 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രാലയം. മുന്‍വര്‍ഷങ്ങളില്‍ അപകടസാധ്യതയും കരുതല്‍ ധനവും മുന്‍നിര്‍ത്തി കേന്ദ്രബാങ്ക് നീക്കിവെച്ചിരുന്ന തുകയാണിത്. 2016-17 കാലയളവില്‍ 13,190 കോടി രൂപയും 2017-18ല്‍ 14,190 കോടി രൂപയുമാണ് ഈ വിഭാഗത്തില്‍ കേന്ദ്ര ബാങ്ക് നീക്കിവെച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതിന് സമാനമായ രീതിയില്‍ നടപ്പ് വര്‍ഷവും ഇടക്കാല ലാഭ വിഹിതം നല്‍കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്ക് പണം കണ്ടെത്തേണ്ട സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ട്.

ആര്‍ബിഐയുടെ ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഈ മാസത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെ 40,000 കോടി രൂപ കേന്ദ്ര ബാങ്ക് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ കൂടി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് ആര്‍ബിഐ ബോര്‍ഡ് അനുമതി നല്‍കിയാല്‍, ആകെ വിഹിതം 68,000 കോടി രൂപയായി ഉയരും.

അടുത്ത സാമ്പത്തിക വര്‍ഷം 69,000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നാണ് സൂചന. 2019-20 കാലയളവില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍, ആര്‍ബിഐ എന്നിവയില്‍ നിന്നായി ലാഭവിഹിതം അല്ലെങ്കില്‍ മിച്ചം ആയി 82,911.56 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കിട്ടാക്കടം, സംശയാസ്പദമായ വായ്പകള്‍, ആസ്തികളുടെ മൂല്യത്തകര്‍ച്ച, ജീവനക്കാരുടെ പങ്ക്, വിരമിക്കല്‍ ഫണ്ട് തുടങ്ങിയവയ്‌ക്കെല്ലാമായി കരുതല്‍ ധനം മാറ്റിവെച്ചുകഴിഞ്ഞാല്‍ ലാഭത്തില്‍ ശേഷിക്കുന്ന തുക സര്‍ക്കാരിന് നല്‍കണമെന്നാണ് ആര്‍ബിഐ നിയമം അനുശാസിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന നികുതിയിതര വരുമാന സ്രോതസുകളിലൊന്നാണ് ആര്‍ബിഐ വിഹിതം.

Comments

comments

Categories: FK News
Tags: RBI