സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ പഴയ നിബന്ധനകളില്‍ മാറ്റംവരണം: സുരേഷ് പ്രഭു

സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ പഴയ നിബന്ധനകളില്‍ മാറ്റംവരണം: സുരേഷ് പ്രഭു

ഏഞ്ചല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് നികുതി അധികൃതരില്‍ നിന്ന് നോട്ടിസ് ലഭിക്കുന്നതായി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: വളര്‍ന്നു വരുന്ന സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹായകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും അതിന് യോജിക്കുന്ന രീതിയില്‍ പഴയ ചട്ടക്കൂടുകളില്‍ മാറ്റം വരണമെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു. സാങ്കേതിക വിദ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഭേദഗതികളാണ് ചട്ടക്കൂടുകളില്‍ വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച വിവിധ സ്റ്റാര്‍ട്ടുകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ടപ്പുകളില്‍ ഏഞ്ചല്‍ നിക്ഷേപകര്‍ നടത്തുന്ന ഫണ്ടിംഗിന് ചുമത്തുന്ന നികുതി സംബന്ധിച്ച് ഉടന്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സുരേഷ് പ്രഭുവിന്റെ പ്രസ്താവനയും എത്തിയിട്ടുള്ളത്. ഈ നികുതിയില്‍ നിന്ന് ഒഴിവാക്കേണ്ടുന്ന സ്റ്റാര്‍ട്ടുകള്‍ സംബന്ധിച്ച് കൃത്യമായ നിര്‍വചനം ഉടന്‍ പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായ നികുതി ആനുകൂല്യം അനുവദിക്കുന്ന പരിധി ഉയര്‍ത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നു ലഭിക്കുന്നതുള്‍പ്പടെ മൊത്തം 10 കോടി രൂപ വരെയുള്ള നിക്ഷേപസമാഹരണത്തിന് നികുതിയിളവ് നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഏഞ്ചല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് നികുതി അധികൃതരില്‍ നിന്ന് നോട്ടിസ് ലഭിക്കുന്നതായി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിഹാരം കാണുന്നതിനായി ആഭ്യന്തര വ്യാപാര-വ്യാവസായിക പ്രോല്‍സാഹന വകുപ്പും പ്രത്യക്ഷ നികുതി ബോര്‍ഡും നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പൂര്‍ണമായും നികുതി ഒഴിവാക്കണമെന്നാണ് സ്റ്റാര്‍ട്ടപ്പുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിക്ഷേപ പരിധി 50 കോടി രൂപ വരെയാക്കി ഉയര്‍ത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

Comments

comments

Categories: FK News

Related Articles