പ്രകോപിപ്പിക്കുന്നത് ചൈന, ഇന്ത്യയല്ല

പ്രകോപിപ്പിക്കുന്നത് ചൈന, ഇന്ത്യയല്ല

പ്രധാനമന്ത്രിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെയുള്ള ചൈനയുടെ പ്രതിഷേധം അവരുടെ ധാര്‍ഷ്ട്യത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ്. അധിനിവേശനയത്തിലുറച്ചു നില്‍ക്കാനാണ് തീരുമാനമെങ്കില്‍ ഇന്ത്യയും നയം മാറ്റിപ്പിടിക്കുന്നത് നല്ലതായിരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന ശനിയാഴ്ച്ച ശക്തമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനത്തെ അവര്‍ ഇന്ത്യയുടെ ഭാഗമായല്ല കൂട്ടുന്നതെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ സങ്കീര്‍ണത സൃഷ്ടിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നുമാണ് കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ശാസനം.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളാക്കുന്ന തരത്തിലുള്ള പ്രവൃത്തികളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും ചൈനയുടെ വിദേശമന്ത്രാലയ വക്താവ് പറയുകയുണ്ടായി. ദക്ഷിണ ടിബറ്റിന്റെ ഭാഗമായുള്ള മേഖലയായിട്ടാണ് അരുണാചല്‍ പ്രദേശിനെ ചൈന കാണുന്നത്. അതുകൊണ്ടുതന്നെ തര്‍ക്കപ്രദേശമെന്ന നിലയില്‍ ആവര്‍ത്തിച്ച് ബഹളം വെച്ചുകൊണ്ടിരിക്കുകയാണ് ഷി ജിന്‍പിംഗിന്റെ സര്‍ക്കാര്‍.

ശനിയാഴ്ച്ച അരുണാചല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം 4,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് സംസ്ഥാനത്ത് തറക്കല്ലിട്ടത്. അരുണാചലിന് വളരെയധികം പ്രാധാന്യം നല്‍കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും മോദി പറഞ്ഞു. അതില്‍ വാസ്തവമുണ്ട് താനും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായും നയതന്ത്രപരമായുമുള്ള കാരണങ്ങള്‍ കൊണ്ടാണത്. വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അന്യതാ ബോധം തോന്നരുതെന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കാമത്.

വടക്കുകിഴക്കന്‍ മേഖലയ്ക്ക് മോദി നല്‍കുന്ന പ്രാധാന്യം തന്നെയാണ് ചൈനയെ അലോസരപ്പെടുത്തുന്നത്. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന ഒരു തുണ്ട് ഭൂമിയൊന്നുമല്ല അരുണാചല്‍ പ്രദേശ്. ഐക്യഭാരതത്തിന്റെ അവിഭാജ്യവും അധ്യാധീനപ്പെടുത്താന്‍ സാധ്യമല്ലാത്തതുമായ സംസ്ഥാനമാണത്. അതില്‍ ചൈനയ്ക്ക് ഒരു സന്ദേഹവും വേണ്ട. അതിനു തയറാക്കുന്ന തന്ത്രങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ മാത്രമേ പ്രാവര്‍ത്തികമാകൂ. ദക്ഷിണ ചൈനാ കടലിലും ഹോങ്കോംഗിലും തയ്‌വാനിലുമെല്ലാം കാണിക്കുന്ന കുടിലതയുമായി ചൈന അരുണാചലിലേക്ക് വരരുത്. ഉത്തരവാദിത്തപ്പെട്ട സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള സമീപനം കൈക്കൊണ്ടാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകും.

വ്യാപാരയുദ്ധത്തില്‍ പൊറുതിമുട്ടി നില്‍ക്കുന്ന ചൈനയ്ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം പതിയെ നിഷേധിക്കപ്പെട്ടാല്‍ അത്ര സുഗമമാകില്ല കാര്യങ്ങള്‍. ഇന്ത്യ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ചൈനയ്ക്ക് കൊടുത്തുവെന്നത് സ്വാഗതാര്‍ഹമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതുപോലെ അരുണാചലിലേക്കും കാലങ്ങളായി ദേശീയനേതാക്കള്‍ സന്ദര്‍ശനം നടത്താറുണ്ട്. നിരവധി സന്ദര്‍ഭങ്ങളില്‍ ഈ നിലപാട് ചൈനയെ അറിയിച്ചിട്ടുമുണ്ട്-വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കിയതിങ്ങനെയാണ്.

ഇന്ത്യന്‍ വിപണിയിലെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കിനെ പ്രതിരോധിക്കുന്ന തരത്തില്‍ ആഭ്യന്തര ബ്രാന്‍ഡുകളെയും ദക്ഷിണ കൊറിയ, ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളെയും പരമാവധി പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം. ഘട്ടം ഘട്ടമായി സ്വീകരിക്കുന്ന ഇത്തരമൊരു കാംപെയ്‌നിലൂടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ആശ്രയത്വം രാജ്യത്തിന് കുറയ്ക്കാവുന്നതാണ്. സാഹസത്തിന് ചൈന മുതിര്‍ന്നാല്‍ അവരുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സാധിക്കണം.

Comments

comments

Categories: Editorial, Slider
Tags: india -china

Related Articles