പിഎംഎസ്‌വൈഎം സ്‌കീമില്‍ ഈ മാസം 15 മുതല്‍ ചേരാം

പിഎംഎസ്‌വൈഎം സ്‌കീമില്‍ ഈ മാസം 15 മുതല്‍ ചേരാം

18 മുതല്‍ 40 വയസ് വരെ പ്രായമുള്ള തൊഴിലാളികള്‍ക്കാണ് പദ്ധതിയില്‍ ചേരാനാകുക. 40 വയസിനു മുകളിലുള്ള തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ അസംഘടിത മേഖലയിലെയും തൊഴിലാളികള്‍ക്ക് ഈ മാസം 15 മുതല്‍ പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ധന്‍ (പിഎംഎസ്‌വൈഎം) പെന്‍ഷന്‍ പദ്ധതിയില്‍ ചേരാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3,000 രൂപയുടെ പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ധന്‍.

18 മുതല്‍ 40 വയസ് വരെ പ്രായമുള്ള തൊഴിലാളികള്‍ക്കാണ് പദ്ധതിയില്‍ ചേരാനാകുക. 40 വയസിനു മുകളിലുള്ള തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിച്ചത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് കോടി തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തൊഴില്‍ ചെയ്യുന്ന കാലയളവില്‍ ചെറിയ തുക വിഹിതം നല്‍കുന്നതിലൂടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 60 വയസ്സിന് ശേഷം 3,000 രൂപ പെന്‍ഷന്‍ ഉറപ്പുനല്‍കുന്നതാണ് പദ്ധതി. പദ്ധതിയില്‍ ചേരുന്ന തൊഴിലാളികള്‍ പ്രതിമാസം നല്‍കേണ്ട കുറഞ്ഞ വിഹിതം 55 രൂപയാണ്.

പ്രായം അനുസരിച്ച് മാസം നല്‍കേണ്ട വിഹിതത്തില്‍ മാറ്റമുണ്ടാകും. 40 വയസ്സുള്ള തൊഴിലാളി നല്‍കേണ്ട വിഹിതം 200 രൂപയാണ്. അതേസമയം 29 വയസ്സുള്ള തൊഴിലാളി 100 രൂപയായിരിക്കും നല്‍കേണ്ടത്. വീടുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍, തെരുവോര കച്ചവടക്കാര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, കാര്‍ഷിക ജോലിക്കാര്‍ എന്നിവരാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. തൊഴിലാളികള്‍ക്ക് സ്വന്തം പേരില്‍ സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടും ആധാര്‍ നമ്പറും ഉണ്ടായിരിക്കണം.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ സ്‌കീം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്‌കീം എന്നിവയില്‍ ഉള്‍പ്പെടുന്ന സംഘടിത മേഖലയിലെ തൊഴിലാളികള്‍ പദ്ധതിയില്‍ ചേരാന്‍ അര്‍ഹരായിരിക്കില്ല. ആദായ നികുതി നല്‍കുന്നവര്‍ക്കും പദ്ധതിയില്‍ ചേരാന്‍ കഴിയില്ല. പദ്ധതിയില്‍ തുടര്‍ച്ചയായി വിഹിതം നല്‍കികൊണ്ടിരുന്ന തൊഴിലാളി ഏതെങ്കിലും കാരണത്താല്‍ മരണപ്പെടുകയാണെങ്കില്‍ ഭാര്യക്ക്/ഭര്‍ത്താവിന് തുടര്‍ന്ന് വിഹിതം നല്‍കി കൊണ്ട് പദ്ധതിയില്‍ തുടരാം. അല്ലെങ്കില്‍ അതുവരെ അടച്ച തുക പലിശ സഹിതം സ്വീകരിച്ചു കൊണ്ട് പദ്ധതിയില്‍ നിന്നും പിന്‍മാറാം. പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ആ തൊഴിലാളിയുടെ ഭാര്യ/ ഭര്‍ത്താവ് മാത്രമായിരിക്കും പെന്‍ഷന്റെ 50 ശതമാനത്തിന് അര്‍ഹരായിരിക്കുക.

Categories: FK News
Tags: PMSYM