പൊണ്ണത്തടിയില്‍ തട്ടിത്തടഞ്ഞ്‌ കേരളം !

പൊണ്ണത്തടിയില്‍ തട്ടിത്തടഞ്ഞ്‌ കേരളം !

അലക്ഷ്യമായ ജീവിത രീതികളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും കേരളത്തെ വണ്ണം വയ്പ്പിച്ചുകൊണ്ടിരിക്കുന്നു. അമിതവണ്ണമുള്ളവരുടെ കാര്യത്തില്‍ ഇന്ന് ഇന്ത്യയിലെതന്നെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 2016 ലെ കണക്കുകള്‍ പ്രകാരം പൊണ്ണത്തടിയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാമതായിരുന്ന കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണുള്ളത്. ആവശ്യമായ ബിഎംഐക്ക് അപ്പുറത്തേക്ക് തന്റെ ശരീരഭാരം വര്‍ധിക്കുമ്പോഴാണ് പലരും ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നത്. പിന്നെ വണ്ണം കുറക്കാനുള്ള തത്രപ്പാടായി. 2016 ല്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ ജിമ്മുകളും വെയിറ്റ് ലോസ് ക്ലിനിക്കുകളുമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 52.4% പേരും പൊണ്ണത്തടിയുള്ളവരാണെന്നാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ പൊണ്ണത്തടിയില്‍ തട്ടി കേരളം വീഴുമ്പോള്‍ മറുവശത്ത് വണ്ണം കുറക്കാനുള്ള തന്ത്രങ്ങളുമായി സംരംഭങ്ങള്‍ ചുവടുറപ്പിക്കുകയാണ്.

പൊണ്ണത്തടി അഥവാ അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട ശാരീരിക പ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. മൊത്തം ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ ഇവിടെ അമിതവണ്ണത്തിനടിമകളാണ്. എന്നാല്‍ ഇവരില്‍ പലരും അമിതവണ്ണം എന്നത് കേവലം സൗന്ദര്യപ്രശമായി മാത്രം കണക്കാക്കുന്നതിനാല്‍ വണ്ണം കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുന്നു. സൗന്ദര്യപ്രശ്‌നം എന്നതിലുപരിയായി അമിതവണ്ണം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കുന്ന ഘട്ടം വരുമ്പോഴേക്കും പലരും ജീവിതശൈലി രോഗങ്ങളുടെ ഇരകളായി മാറിയിരിക്കും. പൊണ്ണത്തടി ഒരു രോഗമാണോ? ചിലര്‍ക്കെങ്കിലും അത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമല്ലേ? തന്റെ ശരീരം തടിച്ചിരിക്കാനോ അതോ മെലിഞ്ഞിരിക്കണോ എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരു വ്യക്തിക്കുമുണ്ട്. എന്നാല്‍ ശരീരഭാരം വിവിധ രോഗാവസ്ഥകളിലേക്കുള്ള ചവിട്ടുപടിയായി മാറുന്ന സമയത്ത് വണ്ണം കുറക്കുക തന്നെ വേണം.

എന്താണ് അമിതവണ്ണം ?

അമിതവണ്ണം അഥവാ പൊണ്ണത്തടി എന്നത് എന്താണ് എന്ന് ആദ്യമായി മനസിലാക്കണം. ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധിച്ചാണ് ഇത് മനസിലാക്കുന്നത്. ഒരു വ്യക്തിയുടെ ഭാരവും ഉയരവും കണക്കാക്കിയാണ് ബോഡി മാസ് ഇന്‍ഡക്‌സ് നിര്‍ണയിക്കുന്നത്.ഒരാളുടെ BMI 25നും 30നും ഇടയിലാണെങ്കില്‍ അയാള്‍ക്ക് അമിതവണ്ണമുണ്ടെന്നും BMI 30ന് 30ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു. ഇതോടൊപ്പം രക്ത പരിശോധന നടത്തത്തി രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് അറിയുന്നത് നനന്നായിരിക്കും. കാരണം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്.പുരുഷന്മാരില്‍ അരയുടെ ചുറ്റളവ് 40 ഇഞ്ചില്‍ കൂടുന്നതും സ്ത്രീകളില്‍ 35 ഇഞ്ചില്‍ കൂടുന്നതും ഹൃദ്രോഗസാധ്യത ഏറെയുണ്ടെന്നതിന്റെ സൂചനയാണ്. പ്രായക്കൂടുതല്‍, പാരമ്പര്യം, പുകവലി, ബി.പി, കൊളസ്‌ട്രോള്‍, വ്യായാമമില്ലായ്മ, പ്രമേഹം തുടങ്ങിയ അപകടഘടകങ്ങളില്‍ രണ്ടോ അതിലധികമോ ഉണ്ടെങ്കില്‍ ഹൃദ്രോഗസാധ്യത ഏറെയാണ്. ടാ തടിയാ എന്നുള്ള വിളി അടുത്ത ബന്ധുക്കളിലില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കേട്ട് തുടങ്ങുന്നതിനു മുന്‍പായി സ്വന്തം ശരീരത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞു പാകപ്പെടുത്തുക എന്നതാണ് പ്രധാനം.

എന്നാല്‍ ഒരു വ്യക്തിക്ക് അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടിയുണ്ടാകുമ്പോള്‍ അത് അമിത ഭക്ഷണം മൂലമാണ് എന്നോ, വ്യായാമക്കുറവാണ് എന്നോ മാത്രം പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം, ആളുകളുടെ തൂക്കത്തില്‍ ഉണ്ടാകുന്ന 25 മുതല്‍ 40 വരെ ശതമാനം വ്യതിയാനങ്ങള്‍ക്കു കാരണക്കാര്‍ ജീനുകളാണെന്നു പറയാന്‍ കഴിയും. എന്നാല്‍ ബാക്കി 60 ശതമാനം കാര്യങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ ജീവിതരീതികള്‍, ചുറ്റുപാട്, ഭക്ഷണക്രമം എന്നിവയൊക്കെത്തന്നെയാണ്. പൊണ്ണത്തടിയെന്ന പ്രശ്‌നത്തിന്റെ ഒരു കാതലായ ഭാഗം വ്യക്തിയുടെ ജീവിതരീതിയില്‍ത്തന്നെ അന്തര്‍ലീനമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കികൊണ്ട് വേണം ഈ പ്രശ്‌നത്തെ സമീപിക്കാന്‍. വണ്ണം കുറക്കുക എന്നത് തന്റെ കൂടി ആവശ്യമാണ് എന്ന് ഒരു വ്യക്തിക്ക് പൂര്‍ണമായ തോന്നല്‍ ഉണ്ടായശേഷം മാത്രമേ അതിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചതുകൊണ്ട് ഫലമുള്ളൂ. അതിനായി പൊണ്ണത്തടിയുടെ പരിണിതഫലങ്ങള്‍ എന്തല്ലാമെന്ന് അറിയണം.

പൊണ്ണത്തടി നിങ്ങളെ രോഗിയാക്കും

തീര്‍ച്ചയായും പൊണ്ണത്തടി നിങ്ങളെ രോഗിയാക്കും. അത് ശരീരത്തിലെ ഏത് അവയവത്തെ ആദ്യം ബാധിക്കും എന്നകാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. പെണ്‍കുട്ടികളില്‍ അമിതവണ്ണം ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രധാനകാരണമാണ്. ഇതിനു പുറമെ, ആണ്‍പെണ്‍ വ്യത്യസമില്ലാതെ, ഹൃദ്രോഗങ്ങള്‍, ടൈപ് 2 പ്രമേഹം, ശ്വാസതടസ്സം, കുടലിലെയും മറ്റും അര്‍ബുദങ്ങള്‍, ഓസ്റ്റിയോആര്‍ത്രൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ വരാനുള്ള സാധ്യത അനേകമാണ്. ആരോഗ്യസംരക്ഷണം എന്നതിനപ്പുറത്ത് രുചി, ഭക്ഷ്യത്തോടുള്ള താല്‍പര്യം എന്നിവയ്ക്ക് പ്രാമുഖ്യം കൊടുത്ത് ഭക്ഷണം കഴിക്കുന്നവരിലാണ് ഈ പ്രശ്‌നം പ്രധാനമായും കണ്ടു വരുന്നത്. വളരെ ചുരുക്കം ആളുകളില്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലമായും അന്തഃസ്രാവീരോഗങ്ങള്‍, മനോരോഗങ്ങള്‍ എന്നിവ മൂലവും അമിതവണ്ണം കാണാറുണ്ട്. എന്നാലിത് ചിട്ടയായ ജീവിതരീതികളിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചു കൊണ്ട് പോകാന്‍ കഴിയുന്നതാണ്. അമിതവണ്ണമുള്ള ചിലരാകട്ടെ ഭക്ഷണം വളരെ കുറച്ചു മാത്രമേ കഴിക്കുന്നുണ്ടാകുകയുള്ളൂ, എന്നാല്‍ അവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് പ്രകാരം അവര്‍ക്ക് അമിതവണ്ണമുണ്ട് താനും. ഇതിനുള്ള പ്രധാന കാരണം ശരീരത്തിലെ ഉപാപചയ പ്രകൃയ വളരെ സാവധാനത്തിലാണ് എന്നതാണ്. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ ഇത് കാണപ്പെടാറുള്ളൂ. മാത്രമല്ല, പൊണ്ണത്തടിയന്മാരില്‍ മെറ്റബോളിസത്തിന്റെ നിരക്ക് വര്‍ദ്ധിക്കാനാണ് സാധ്യത. അതിനാല്‍ തന്നെ ഇതിനു ശാസ്ത്രീയമായൊരു അടിത്തറയില്ല.

പൊണ്ണത്തടിയനാണോ ? വണ്ണം കുറയ്ക്കണോ ?

നിങ്ങള്‍ക്ക് അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ടോ ? താമസിയാതെ വണ്ണം കുറക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ ? ഈ ചോദ്യങ്ങള്‍ക്ക് സ്വയം ഒരു ആത്മപരിശോധന നടത്തി ഉത്തരം കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതിനായി ആദ്യം സ്വയം വിലയിരുത്തുക. രണ്ടു പേര്‍ക്കുള്ള ഭക്ഷണം ഒരാള്‍ കഴിക്കുമോ? നാം കഴിക്കുന്ന ഭക്ഷണം വിശപ്പ് മാറുന്നതിനു അനിവാര്യമായതിലും അധികമാണോ?,രണ്ടു പ്രാവശ്യമോ അതില്‍ കൂടുതലോ ഭക്ഷണം വിളമ്പിക്കഴിക്കുമോ? അശ്രദ്ധമായി ചവച്ചരക്കാതെയാണോ ഭക്ഷണം കഴിക്കുന്നത്? ഏത് വിഭാഗത്തില്‍പെട്ട ഭക്ഷണമാണ് നാം കൂടുതലായിക്കഴിക്കുന്നത്? കൊഴുപ്പ് കൂടുതലുള്ളവയും എണ്ണയില്‍ മുക്കിപ്പൊരിച്ചവയായുമായ ഭക്ഷണങ്ങള്‍ എത്ര കഴിക്കും? മാസാഹാരം കഴിക്കുന്നതിന്റെ ക്രമം എങ്ങനെയാണ്? ദിവസത്തില്‍ എത്ര നേരം ഭക്ഷണം കഴിക്കും? ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നതിന്റെ ക്രമം ? മിച്ചം വരുന്ന ഭക്ഷണം കളയാന്‍ മടിച്ച് കഴിക്കാറുണ്ടോ? ടെന്‍ഷന്‍ കൂടുമ്പോള്‍ ഭക്ഷണം കഴിക്കുന്ന പതിവുണ്ടോ? മേല്‍പ്പറഞ്ഞ രീതിയില്‍ പലതിലും നിങ്ങള്‍ ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അനാരോഗ്യകരമായ ഭക്ഷണശൈലിയുടെ ഇരയാണ് നിങ്ങള്‍. പൊണ്ണത്തടി ഗുരുതരമാവുകയാണെങ്കില്‍ ആമാശയത്തിന്റെയും കുടലിന്റെയും വ്യാപ്തം കുറയ്‌ക്കേണ്ടതായി വരും. ഈ അവസ്ഥയിലാണ് പലരും ശാസ്ത്രക്രിയകളെ അഭയം പ്രാപിക്കുന്നത്.

ഭക്ഷണക്രമീകരണവും വ്യായാമവുമാണ് പൊണ്ണത്തടിക്ക് പ്രതിവിധി. എന്നാല്‍ ഇപ്പോള്‍ കണ്ടു വരുന്ന ഒരു പ്രവണത ഡയറ്റുകള്‍ തുടങ്ങി വയ്ക്കുകയും അത് പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്യുന്നതാണ്. ഓ… എന്റെ തടി കുറയില്ല, അമിതവണ്ണം ഞങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയതാണ്, ഭാരമുണ്ടെങ്കിലും ഞാന്‍ തൃപ്തനാണ്, ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാന്‍ പറ്റുമോ?, ഞാന്‍ ഒരു ഭക്ഷണപ്രേമിയാണ്, മരുന്ന് കഴിക്കുന്നത് കൊണ്ടാണ്, തൈറോയ്ഡ് ഉള്ളത്‌കൊണ്ടാണ്, വ്യായാമം ചെയ്യാന്‍ സമയമില്ല തുടങ്ങി വണ്ണം കുറക്കാന്‍ പറയുമ്പോള്‍ നിരത്തപ്പെടുന്ന ന്യായീകരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ക്കൊന്നുംതന്നെ യാതൊരു വിലയുമില്ല എന്ന് മനസിലാക്കുക. നിങ്ങളുടെ ആരോഗ്യത്തിന്റെ താക്കോല്‍ നിങ്ങളുടെ കയ്യില്‍ത്തന്നെയാണ് എന്ന് മനസിലാക്കുക. സ്വയം ആഹാര നിയന്ത്രണം കൊണ്ടുവരാന്‍ കഴിയാതെ വരുമ്പോള്‍ ഒരു ഡയറ്റിഷ്യന്റെ സഹായം തേടാവുന്നതാണ്. വണ്ണം കുറയ്ക്കുന്നതിനായി ഷോര്‍ട്ട്കട്ടുകള്‍ തേടുന്നതിനേക്കാള്‍ നല്ലത് ചിട്ടയായ രീതികളിലൂടെ സ്വയം തിരുത്തുക എന്നതാണ്.

വ്യായാമം ചെയ്യാം ഭക്ഷണം നിയന്ത്രിക്കാം

പട്ടിണി കിടന്നു വണ്ണം കുറക്കുക, ഏഴു ദിന, പത്ത് ദിന ഡയറ്റ് പ്രോഗ്രാമുകള്‍ കൊണ്ട് വണ്ണം കുറക്കുക തുടങ്ങിയ നടപടികള്‍ ഒന്നുംതന്നെ ശാശ്വതമല്ല. ഡയറ്റ് ക്ലിനിക്കുകളെയും ജിമ്മുകളെയും തേടിപ്പോകുന്നതിന് മുന്‍പായി വ്യായാമം ഭക്ഷണം തുടങ്ങിയവയില്‍ സ്വയം ഒരു ചിട്ടയുണ്ടാക്കുക. പകലുറക്കം ഒഴിവാക്കുക,ശരീരം വളച്ച് കൂടുതല്‍ നേരം റ്റി വി യുടേയോ കംപ്യൂട്ടറിന്റേയോ മുന്നില്‍ ഇരിക്കാതിരിക്കുക, നടക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഉപയോഗിക്കുക, ഇരുന്നു ജോലി ചെയ്യുന്നവരാണ് എങ്കില്‍ ഇടക്കിടക്ക് എഴുന്നേറ്റ് നടക്കുക,ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും നടക്കുക. ലോകത്ത് ഒഴിവാക്കാനാകുന്ന മരണങ്ങളില്‍ വലിയൊരു പങ്കും പൊണ്ണത്തടി മൂലമുണ്ടാകുന്നതാണ്. എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക.

ഭക്ഷണ നിയന്ത്രണമാണ് രണ്ടാം ഘട്ടം .പട്ടിണി കിടന്നു വനം കുറക്കുന്നത് അപകടമാണ്.

മൂന്നു നേരത്തെ ഭക്ഷണം മാത്രം കഴിക്കുക എന്നതാണ് ആദ്യപടി. ഇടവേളകളിലെ ഭക്ഷണം ഒഴിവാക്കുക. പകുതി വയറിനു മാത്രം കഴിച്ചു് അളവു കുറക്കുക. ഭക്ഷണത്തിനു അര മണിക്കൂര്‍ മുന്‍പും പിന്‍പും ധാരാളം വെള്ളം കുടിക്കുക, ദിവസത്തില്‍ രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുടിക്കുക, ഇടക്ക് വിശപ്പനുഭവപ്പെട്ടാല്‍ തണ്ണിമത്തനോ, വെള്ളരിക്കയോ, തക്കാളിയോ, സാലഡോ കഴിക്കുക. രാത്രി ഭക്ഷണം കഴിവതും ലഘുവാക്കുക. രാത്രി ഉപാപചയ നിരക്ക് കുറവായിരിക്കും. മധുരപലഹാരങ്ങള്‍, മദ്യം , എണ്ണയില്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ എന്നിവ ഒഴിവാക്കുക, ഇഷ്ടമുള്ള ആഹാരം കഴിക്കണമെന്നു തോന്നിയാല്‍ അതിന്റെ വളരെക്കുറച്ചു ഭാഗം കഴിക്കുക. ഇത്തരത്തില്‍ ചിട്ടയായ രീതികളിലൂടെ അമിതവണ്ണത്തെ വാരിധിയില്‍ നിര്‍ത്താന്‍ കഴിയും

പൊണ്ണത്തടിക്ക് പിന്നിലെ ബിസിനസ് കണക്കുകള്‍

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലാണ് കേരളത്തില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചത്. സ്വയം വ്യായാമം ചെയ്യുക, നടക്കുക തുടങ്ങിയവയിലൂടെ ചിലര്‍ ഭാരം നിയന്ത്രിച്ചു. എന്നാല്‍ നഗരജീവിതത്തിന്റെ ഭാഗമായവര്‍ക്ക് വ്യായാമം ചെയ്യുന്നതിനുള്ള സമയമോ , സ്ഥലമോ ഇല്ലാതായി. അതോടെ ജിമ്മുകള്‍ക്കും ഡയറ്റ് ക്ലിനിക്കുകള്‍ക്കും ചാകരയായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ വെല്‍നെസ്സ് ക്ലിനിക്കുകളുടെയും ജിമ്മുകളുടെയും എണ്ണത്തില്‍ രണ്ടിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനു പുറമെയാണ് ആശുപത്രികളില്‍ പ്രത്യേക ഡയട്ടീഷ്യന്മാരുടെ സേവനവും ഡയറ്റ് ക്ലിനിക്കും ആരംഭിച്ചിരിക്കുന്നത്. ഒരൊറ്റ സിട്ടിംഗിന് 400 മുതല്‍ 600 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. രണ്ടാഴ്ച , ഒരുമാസം തുടങ്ങിയ ഇടവേളകളിലാണ് ഡയറ്റ് ക്ലിനിക്കുകളില്‍ എത്തേണ്ടത്.

ഇതിനു പുറമെ ഡയറ്റ് ഡ്രിങ്ക് മുഖാന്തിരം ഒരു മാസം കൊണ്ട് വണ്ണം കുറപ്പിക്കാനുള്ള പാക്കേജുകളുമായി ചില സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. ഒരു മാസത്തേക്ക് 12000 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. വണ്ണം കുറയുമെങ്കിലും , പെട്ടന്നുള്ള ഈ ഭാരം കുറയല്‍ ഭാവിയില്‍ നിരവധി ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പറയപ്പെടുന്നത്. ജിമ്മുകളില്‍ സ്ത്രീ പുരുഷ ഭേതമന്യേ ആളുകള്‍ എത്തുന്നുണ്ട്. ജിമ്മിലെ സൗകര്യങ്ങള്‍, ഇന്‍സ്ട്രക്റ്ററുടെ സേവനം എന്നിവ പരിഗണിച്ച് ജിമ്മുകളെ പല കാറ്റഗറിയായി തിരിച്ചിരിക്കുന്നു. ഇതിനനുസരിച്ചാണ് മാസ , വാര്‍ഷിക വരിസംഖ്യ നല്‍കേണ്ടത്. ഡയറ്റ് കാപ്‌സ്യൂളുകള്‍, പൊടികള്‍ എന്നിവയുമായി ഫാര്‍മ കമ്പനികളും പൊണ്ണത്തടിയന്മാരില്‍ നിന്നും വരുമാനം കൊയ്യാന്‍ രംഗത്തുണ്ട്. പ്രതിവര്‍ഷം കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് ഈ രംഗത്ത് നടക്കുന്നത്.

Comments

comments

Categories: FK Special, Slider

Related Articles