പറന്ന് പോയ കിളി

പറന്ന് പോയ കിളി

ലാറ്റിന്‍ അമേരിക്കയിലെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള രാഷ്ട്രങ്ങളിലൊന്നായ വെനിസ്വേലയില്‍ രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരത പരകോടിയിലെത്തിയിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനുതകുന്ന നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയാത്ത പ്രസിഡന്റ് നിക്കോളാസ് മഡുറോ വീണ്ടും അധികാരം പിടിച്ചതോടെയാണ് ജനകീയ പ്രക്ഷോഭം ശക്തമായത്. ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗൈ്വഡോ സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന് അമേരിക്കയുടെയും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും യൂറോപ്പിന്റെയും റഷ്യയുടെയും അംഗീകാരം ലഭിക്കുകയും ചെയ്തു. കറന്‍സിയുടെ റെക്കോഡ് മൂല്യമിടിവടക്കമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം അമേരിക്കയുടെ എണ്ണ വിലക്കും വെനിസ്വേലയെ വീര്‍പ്പു മുട്ടിക്കുകയാണ്

”Suddenly a teeny little bird entered and flew around me three times. It landed on a wooden beam and began to whistle, a beautiful whistle. I stayed there looking at it and also whistled. ‘Well, if you whistle, I whistle.’ So, I whistled. The little bird looked at me strangely. It whistled for a short while. Flew around me once and left, and I felt his spirit.’

– നിക്കൊളാസ് മഡുറോ, വെനിസ്വേല പ്രസിഡന്റ്

പടിഞ്ഞാറന്‍ വെനിസ്വേലയിലെ കാര്‍ഷിക ഗ്രാമമായ സബനീത. പള്ളിയിലെ അള്‍ത്താരയില്‍ രൂപക്കൂടുകള്‍ തുടച്ചു മിനുക്കുന്ന ഒരു ബാലന്‍. ദരിദ്രരായ അദ്ധ്യാപക ദമ്പതിമാരുടെ മകനാണിവന്‍. അവര്‍ താമസിക്കുന്നത് പുല്ലുമേഞ്ഞ, മണ്‍തറകളുള്ള ഒരു വീട്ടില്‍. അതങ്ങ് ഗ്രാമഹൃദയഭാഗത്ത് നിന്ന് പിന്നെയും വളരെ ഉള്ളിലാണ്. ചെറുപ്രായത്തില്‍ അവന്‍ പള്ളിയിലെ കൈക്കാരന്റെ ജോലികള്‍ ചെയ്യുകയാണ്. അടുത്ത വര്‍ഷം അവനെ സെമിനാരിയില്‍ ചേര്‍ക്കും. അവനെ ഒരു കത്തോലിക്കാ പുരോഹിതന്‍ ആക്കണമെന്ന് അവന്റെ അമ്മ ആഗ്രഹിക്കുന്നു. അതിനുള്ള മുന്‍പരിശീലനം നേടുകയാണ് അവന്‍. കുട്ടിക്കാലത്തേ അവന്‍ ബൈബിള്‍ പഠനം നടത്തുന്നുണ്ട്. ഞായറാഴ്ചകളിലെ പുലരികളില്‍ അവനും കൂട്ടുകാരും പ്രഭാത കുര്‍ബ്ബാനയിലും തുടര്‍ന്നുള്ള ബൈബിള്‍ ക്ലാസ്സിലും ഇരുന്നിരുന്നു. ക്രിസ്തുദേവനെ അവന്‍ മാതൃകാപുരുഷനായി കണ്ടു. വ്യവസ്ഥാപിതത്വത്തോട് പ്രതിഷേധിക്കുന്ന ഒരു വിപ്ലവകാരിയായി അവന്‍ മിശിഹായെ ദര്‍ശിച്ചു. പക്ഷേ കൈക്കാരന്‍ ജോലി ചെയ്യാന്‍ പള്ളിയില്‍ സ്ഥിരമായപ്പോള്‍ അവന് ഒരു കാര്യം ബോദ്ധ്യപ്പെട്ടു തുടങ്ങി. പള്ളിക്കാര്‍ യേശുദേവനെ രൂപക്കൂട്ടിലെ ഒരു പ്രതിമയായി മാത്രമാണ് കാണുന്നത്. അതവനെ നിരാശപ്പെടുത്തി. പട്ടം നേടാനുള്ള അവന്റെ ആഗ്രഹം മുരടിച്ചു. ഒരു വര്‍ഷത്തെ ജോലിക്ക് ശേഷം അവന്‍ പള്ളി വിട്ടു. ഇതിനിടയിലും അവന്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. വിദ്യാഭ്യാസം നേടാതെ യാതൊരു പുരോഗതിയും ഉണ്ടാവില്ല എന്ന് അവന്റെ അച്ഛനമ്മമാര്‍ അവനെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. പഠിക്കാന്‍ മിടുക്കനായിരുന്ന അവന്‍ നല്ലപോലെ ബേസ്‌ബോള്‍ കളിക്കുകയും ചെയ്യുമായിരുന്നു. മിലിട്ടറി ബേസ്‌ബോള്‍ ലീഗില്‍ കളിക്കാനുള്ള ആഗ്രഹത്താല്‍ അവന്‍ വെനിസ്വേല മിലിട്ടറി അക്കാദമിയില്‍ കേഡറ്റ് ആയി ചേര്‍ന്നു. അതിനകം നല്ല കളിക്കാരനെന്ന് അംഗീകരിക്കപ്പെട്ടതിനാലും ഉയര്‍ന്ന മാര്‍ക്കുള്ളതിനാലും ആ പതിനേഴുകാരന് മിലിട്ടറി അക്കാദമി, സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. 1975 ല്‍ അന്നത്തെ വെനിസ്വേലന്‍ പ്രസിഡന്റ് കാര്‍ലോസ് പെരെസിന്റെ കൈയ്യില്‍ നിന്ന് നേരിട്ട് ഒരു ഉടവാള്‍ സമ്മാനമായി വാങ്ങി ആ പയ്യന്‍ വെനിസ്വേലന്‍ പട്ടാളത്തില്‍ സബ് ലെഫ്റ്റനന്റ് ആയി. സബ് ലെഫ്റ്റനന്റ് ഹ്യൂഗോ റാഫേല്‍ ഷാവേസ് ഫ്രിയ്‌സ്.

തെക്കേ അമേരിക്കയുടെ വടക്കന്‍ തീരത്ത്, കൊളംബിയയ്ക്കും ഗയാനയ്ക്കും ഇടയില്‍, അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെയും കരീബിയന്‍ കടലിന്റെയും ലാളനമേറ്റ് കിടക്കുന്ന വെനിസ്വേലയുടെ ഒന്‍പത് ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ മൂന്ന് കോടി ജനങ്ങള്‍ വസിക്കുന്നു. ഇന്ത്യയുടെ മൂന്നിലൊന്നോളം വലിപ്പം. ഇന്ത്യയുടെ നാല്‍പ്പത്തിത്തിരണ്ടില്‍ ഒന്ന് ജനസംഖ്യ. കാപ്പിയും കൊക്കോയും സമൃദ്ധമായി വിളഞ്ഞിരുന്ന നാട്. 1522 മുതല്‍ 1811 വരെ സ്പെയിനിന്റെ അധീനതയില്‍ ആയിരുന്നു വെനിസ്വേല. കാപ്പിയും കൊക്കൊയുമെല്ലാം കൃഷി ചെയ്തു തുടങ്ങിയത് സ്‌പെയിന്‍കാരാണ്. 1811, 1821, 1830 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളില്‍ ആയി വെനിസ്വെല പൂര്‍ണ്ണ സ്വാതന്ത്രരാജ്യമായി. സ്വതന്ത്രമായെങ്കിലും 1958 ല്‍ ജനാധിപത്യ ഭരണസംവിധാനം വരുന്നത് വരെ മിക്കവാറും ഏകാധിപത്യ ഭരണത്തില്‍ ആയിരുന്നു നാട്. പ്രകൃതിവിഭവങ്ങളുടെ അനന്തമായ കലവറയാണ് ഈ രാജ്യം. സ്വര്‍ണ്ണം, നിക്കല്‍, ഇരുമ്പ്, വജ്രം, അലുമിന, ബോക്‌സൈറ്റ്, കല്‍ക്കരി, ടാര്‍, പ്രകൃതിവാതകം എന്നിവയ്ക്ക് പുറമേ, ലോകത്തിലെ ഏറ്റവും വലിയ എണ്ണനിക്ഷേപവും വെനിസ്വേലയില്‍ ആണ്. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ പ്രകൃതിവാതക നിക്ഷേപത്തില്‍ രണ്ടാമത് നില്‍ക്കുന്നു വെനിസ്വേല; അഞ്ചര ലക്ഷം കോടി ഘനമീറ്റര്‍. കല്‍ക്കരി ഉല്‍പ്പാദനത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വെച്ച് രണ്ടാമത്. യുഎസ്എ ഏറ്റവും അധികം എണ്ണ വാങ്ങുന്നത് വെനിസ്വേലയില്‍ നിന്നാണ്.

1950 മുതല്‍ എണ്‍പതുകളുടെ ആദ്യം വരെ നല്ല രീതിയില്‍ വളര്‍ന്ന സമ്പദ് വ്യവസ്ഥയായിരുന്നു രാജ്യത്തിന്റേത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം ജീവിതനിലവാരമുള്ള രാജ്യമായി വെനിസ്വേല വളര്‍ന്നു. എന്നാല്‍, 1980 കളില്‍ എണ്ണ വിപണിയില്‍ ഉണ്ടായ വന്‍വീഴ്ച വെനിസ്വേലയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ചു. വിദേശകടം മൊത്തം വരുമാനത്തിലെറെ വര്‍ദ്ധിച്ചു. രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം അനുദിനം മോശമാവാന്‍ തുടങ്ങി. വെനിസ്വേലന്‍ നാണയമായ ബൊളിവര്‍ സോബെറാനോയുടെ മൂല്യം പലതവണ കുറയ്ക്കേണ്ടിവന്നു. പണപ്പെരുപ്പം 1989 ല്‍ 84 ശതമാനവും 1996 ല്‍ 99 ശതമാനവും ആയി. സമൂഹത്തില്‍ അശാന്തി പടര്‍ന്നു. തലസ്ഥാനമായ കാരക്കസില്‍ 1989 ഫെബ്രുവരിയില്‍ തുടങ്ങിയ കലാപം ആഴ്ചകളോളം നീളുകയും മറ്റ് സ്ഥലങ്ങളിയ്ക്ക് പടരുകയും ചെയ്തു. നൂറ് കണക്കിന് ആളുകള്‍ മരിച്ചുവീണു. അഴിമതി സംസ്‌കാരം എവിടെയും വേരോടി പടര്‍ന്ന് പന്തലിച്ചു.

ഇതിനിടയില്‍ സബ് ലെഫ്റ്റനന്റ് ഹ്യൂഗോ ഷാവേസ് ഔദ്യോഗിക പദവികളില്‍ അതിവേഗം വളര്‍ന്ന് വെനിസ്വലന്‍ പട്ടാളത്തിന്റെ പാരട്രൂപ് തലവന്‍ ലെഫ്റ്റനന്റ് കേണല്‍ ആയി. എങ്കിലും, പത്തൊന്‍പതാം നൂറ്റാണ്ടിലെ വെനിസ്വലന്‍ വിപ്ലവകാരി സൈമണ്‍ ബൊളിവറുടെ രചനകളുടെ സ്വാധീനവും പഠനകാലത്തെ അടുത്ത സൗഹൃദങ്ങളില്‍ ഒന്നായ റൂയിസ് സഹോദരന്മാരുടെ വീട്ടിലെ ഗ്രന്ഥശാലയില്‍ നിന്ന് വായിച്ച ഇടതുപക്ഷ പുസ്തകങ്ങളിലെ ചിന്താസരണികളും ഷാവേസിന്റെ മനസ്സില്‍ ഒരു ഭാഗത്ത് കനലെരിഞ്ഞു കിടന്നു. 1981 ല്‍ ക്യാപ്റ്റനും മിലിട്ടറി അക്കാദമി അദ്ധ്യാപകനുമായി നിയമിക്കപ്പെട്ട ഷാവേസ് പുതിയ റിക്രൂട്ടുകളുടെ പരിശീലകന്‍ ആവുന്നതിനൊപ്പം അവരുടെ ഹീറോയുമായി. തന്റേതായ ഒരു വിശ്വസ്ഥവൃന്ദം അദ്ദേഹം പട്ടാളത്തില്‍ വളര്‍ത്തിയെടുത്തു. ജനജീവിതം ദുസ്സഹമായ 1992 ലെ ഒരു നാളില്‍ സമാന മനസ്‌കരായ പട്ടാളക്കാരൊത്ത് ഷാവേസ് പ്രസിഡന്റ് കാര്‍ലോസ് പെരെസില്‍ നിന്ന് അധികാരം പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. പൊളിഞ്ഞ പട്ടാള വിപ്ലവത്തിനൊടുവില്‍ ഷാവേസ് ജയിലിലായി. കീഴടങ്ങുന്ന സമയത്ത് അദ്ദേഹം ടെലിവിഷന്‍ മുഖേന രാജ്യത്തോട് പറഞ്ഞത് അത് താല്‍ക്കാലിക പരാജയം മാത്രമെന്നാണ്. ജനങ്ങള്‍ ഒട്ടാകെ അദ്ദേഹത്തെ മനസ്സിലേറ്റി. മുപ്പത് വര്‍ഷം തടവ് ശിക്ഷ കിട്ടുന്ന കുറ്റം ചുമത്തിയെങ്കിലും വിചാരണ കൂടാതെയാണ് അദ്ദേഹത്തെ തടവറയില്‍ പാര്‍പ്പിച്ചത്.

കാര്‍ലോസ് പെരെസ് രണ്ട് തവണ വെനിസ്വേലയുടെ പ്രസിഡന്റ് ആയിട്ടുണ്ട്. ആദ്യം 1974 മുതല്‍ 1979 വരെ. അക്കാലത്ത് സൗദി വെനിസ്വേല എന്ന ഓമനപ്പേരിലാണ് രാജ്യം അഭിസംബോധന ചെയ്യപ്പെട്ടത്. കാരണം, എണ്ണ വ്യാപാരത്തിലും ജീവിത നിലവാരത്തിലും അന്ന് രാജ്യം സൗദി അറേബ്യക്ക് ഒപ്പമായിരുന്നു. എന്നാല്‍ 1989 ലെ രണ്ടാം വരവ് പെരെസിനോ രാജ്യത്തിനോ ഗുണം ചെയ്തില്ല. ഇരുപത്തഞ്ച് കോടി ബൊളിവര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തട്ടിയെടുത്തതിന് പ്രസിഡന്റ് ഇംപീച്ച് ചെയ്യപ്പെട്ട് പുറത്തായി. രണ്ട് ഇടക്കാല പ്രസിഡന്റുമാര്‍ക്ക് ശേഷം 1994 ല്‍ റാഫേല്‍ റോഡ്രിഗ്സ് (ഷാവേസിന്റെ നേതൃത്വത്തിലുണ്ടായ സൈനിക അട്ടിമറി ശ്രമത്തിന് ഇദ്ദേഹത്തിന്റെ നിഴല്‍പിന്തുണ ഉണ്ടായിരുന്നതായി പറയപ്പെടുന്നു) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ പ്രസിഡന്റ് അധികാരത്തില്‍ വന്ന് ഒരു മാസത്തിനകം ഷാവേസ് മോചിപ്പിക്കപ്പെട്ടു. തുടര്‍ന്നദ്ദേഹം രാഷ്ട്രീയത്തില്‍ മുഴുകി. 1998 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം സോഷ്യലിസത്തിനും മുതലാളിത്തത്തിനും അപ്പുറം ഒരു ‘മൂന്നാം മാര്‍ഗ്ഗം’ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിജയിച്ചു. 1999 ഫെബ്രുവരി രണ്ടിന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ഭരണഘടന പൊളിച്ചെഴുതുന്നത് സംബന്ധിച്ച് അഭിപ്രായവോട്ടെടുപ്പ് പ്രഖ്യാപിച്ചു. അഭിപ്രായവോട്ടെടുപ്പില്‍ ജനങ്ങള്‍ അത്യുല്‍സാഹത്തോടെ ഷാവേസിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചു.

ഇതിനിടെ രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തില്‍ 98 % എണ്ണയില്‍ നിന്നായി മാറിക്കഴിഞ്ഞിരുന്നു. താരതമ്യേന പ്രയാസകരമായ മറ്റ് ഖനന പ്രക്രിയകളുമായി തട്ടിച്ച് നോക്കുമ്പോള്‍ എണ്ണ ഖനനവും വിപണനവും എളുപ്പമായതിനാല്‍ ലോഹ-ലവണ ഖനി വികസനം മന്ദീഭവിച്ചു. 1971 മുതല്‍ എണ്ണ ഉല്‍പ്പാദനത്തിന്റെ ദേശസാല്‍ക്കരണം സര്‍ക്കാരിന്റെ പ്രാഥമിക അജണ്ടയില്‍ വന്നിരുന്നെങ്കിലും 1976 ജനുവരി ഒന്നിനാണ് അത് യാഥാര്‍ഥ്യമായത്. സര്‍ക്കാര്‍ എണ്ണ ഖനനക്കമ്പനിയായ വെനിസ്വേല പെട്രോളിയം എസ്എ (പിഡിവിഎസ്എ) എണ്ണ ഖനന-വിപണന നിയന്ത്രക യന്ത്രമായി. വിദേശ എണ്ണക്കമ്പനികളെ പിഡിവിഎസ്എയുടെ ഉപകമ്പനികളായ പുതിയ കമ്പനികള്‍ ഏറ്റെടുത്തു. ഇത് അമേരിക്കയ്ക്കും മറ്റും അത്ര ഇഷ്ടപ്പെട്ട ഇടപാടായില്ല. അന്ന് പെരെസ് ആയിരുന്നു പ്രസിഡന്റ്. രണ്ടാമത് പെരെസ് വന്നപ്പോള്‍ ആഭ്യന്തര കലാപവും പട്ടാള അട്ടിമറി ശ്രമങ്ങളും ഉണ്ടായി. ഒടുവില്‍ നിയമവിധേയ മാര്‍ഗ്ഗങ്ങളിലൂടെ അദ്ദേഹം അധികാരഭഷ്ടനാക്കപ്പെട്ടു. ഇതിനിടയിലെല്ലാം എന്തെങ്കിലും വരികള്‍ക്കിടയില്‍ വായിക്കണമോ എന്നറിയില്ല. ലോകത്തെവിടെ അധികാരമാറ്റം ഉണ്ടായാലും അവിടെയെല്ലാം പിശാചിന്റെയും അവന്റെ ചാട്ടുളിയുടെയും ഒരു അദൃശ്യസാന്നിദ്ധ്യം പതിവുണ്ട്.

മൂന്നാം മാര്‍ഗ്ഗം വാഗ്ദാനം ചെയ്ത ഷാവേസ് പക്ഷേ മാര്‍ക്‌സിയന്‍ സാമ്പത്തിക തത്വങ്ങള്‍ തന്നെയാണ് നടപ്പാക്കിയത്. രാജ്യത്തെ ഭൂസ്വത്തിന്റെ ഭൂരിഭാഗവും മൂന്ന് ശതമാനം ജനങ്ങളില്‍ ആയിരുന്നു. ഒരു ഭൂപരിഷ്‌കരണത്തിലൂടെ ഭൂസ്വത്തില്‍ ഐകരൂപ്യം നടപ്പിലാക്കി. എന്നാല്‍, തങ്ങളുടെ തൊട്ടടുത്ത് ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യം കൂടി വരുന്നത് കേന്ദ്രീകൃത മുതലാളിത്തത്തിന് ഒട്ടും പിടിച്ചില്ല. അന്നുമുതല്‍ വെനിസ്വേലയുടെ വരുമാനമാര്‍ഗ്ഗങ്ങളില്‍ വിഘ്‌നങ്ങള്‍ ഉണ്ടാക്കാന്‍ അങ്കിള്‍ സാം ശ്രമം തുടങ്ങി. ഷാവേസിന്റെ ആദ്യകാലത്ത് 1991 മുതല്‍ 2001 വരെ വെനിസ്വേലന്‍ സമ്പദ് വ്യവസ്ഥ പുഷ്ടി പ്രാപിച്ചു. 1998 ല്‍ 36 ശതമാനമായിരുന്ന പണപ്പെരുപ്പം 2001 ല്‍ 12 ശതമാനത്തില്‍ ഒതുങ്ങി. 2002 ലെ എണ്ണ വില തകര്‍ച്ചയും അട്ടിമറി ശ്രമവും സാമ്പത്തിക വളര്‍ച്ചയെ പുറകോട്ട് വലിക്കാന്‍ തുടങ്ങി. 2003 ലെ വ്യവസായ പണിമുടക്ക് വലിയ അളവില്‍ വിദേശ നിക്ഷേപകരെ വെനിസ്വേലയില്‍ നിന്ന് പുറത്തേയ്ക്ക് പലായനം ചെയ്യിച്ചു. എല്ലാ മേഖലകളിലും ഉല്‍പ്പാദനം പുറകോട്ടടിച്ചു. ഇതെല്ലാം സ്വാഭാവികമായി ഉണ്ടായതാണോ അതോ ആരുടെയെങ്കിലും കൈക്രിയകള്‍ ഉണ്ടോ എന്ന് കൃത്യമായി ഇനിയും അറിഞ്ഞിട്ടില്ല. എന്തായാലും 2006 ലെ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ഷാവേസ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷിനെ കടന്നാക്രമിക്കുകയുണ്ടായത്.

2003-ല്‍ ബൊളിവറിന്റെ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയനിരക്ക് വെനിസ്വേല സ്ഥിരപ്പെടുത്തി. എന്നാല്‍ മൂല്യത്തകര്‍ച്ചയെ തടയാന്‍ അത് പര്യാപ്തമായില്ല. വെനിസ്വേലയുടെ കയറ്റുമതി വസ്തുക്കള്‍ക്ക് എപ്പോഴും അന്താരാഷ്ട്രവിപണിയില്‍ വില കുറഞ്ഞു തന്നെ നിന്നു.

2013 ല്‍ ഷാവേസ് അകാലമൃത്യു പൂകി. തുടര്‍ന്ന് നിക്കോളാസ് മഡുറോ പ്രസിഡന്റായി. ഷാവേസിനുള്ള ആരാധന സ്വാഭാവികമായും നിക്കോളാസിന് ലഭിച്ചില്ല. സാമ്പത്തികാവസ്ഥയിലുള്ള ഓരോ ചെറിയ സ്പന്ദനവും ജനങ്ങള്‍ക്കിടയില്‍ വലിയ കമ്പനങ്ങള്‍ ആയി മുഴങ്ങി. പ്രസിഡന്റിനെതിരായ ജനവികാരം വര്‍ദ്ധിച്ചു. സ്പീക്കര്‍ ജുവാന്‍ ഗൈ്വഡോ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചു. മഡുറോ പക്ഷേ, വിട്ടുകൊടുത്തില്ല. അമേരിക്കയും റഷ്യയും ഗൈ്വഡോയെ പിന്തുണയ്ക്കുന്നു. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട്, വെനിസ്വേലയ്ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. എണ്ണ വില ഡോളര്‍ മുഖേന സെറ്റില്‍ ചെയ്യുന്നത് ഉപരോധം മൂലം മുടങ്ങി. നാണ്യപ്പെരുപ്പ ശതമാനം ലക്ഷങ്ങള്‍ ആയി. ബൊളിവറിന്റെ മൂല്യം ഉയര്‍ത്താന്‍ കറന്‍സിയുടെ വിലയില്‍ നിന്ന് അഞ്ച് പൂജ്യങ്ങള്‍ എടുത്തുകളഞ്ഞു. അതായത്, ഒരു ലക്ഷം ബൊളിവര്‍ നോട്ട് ഒരു ബൊളിവര്‍ ആയി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത് കൂടുതല്‍ വിനയായി. ഒടുവില്‍ അത് പിന്‍വലിച്ചു.

എണ്ണ കയറ്റുമതി കൊണ്ട് മാത്രം രക്ഷപ്പെടാന്‍ ആവില്ലെന്ന് മനസ്സിലാക്കിയ മഡുറോ സ്വര്‍ണ്ണം ഖനനം ചെയ്ത് കയറ്റുമതി ചെയ്യാന്‍ ആലോചിക്കുകയാണ് ഇപ്പോള്‍. 150 മെട്രിക് ടണ്‍ സ്വര്‍ണ്ണ നിക്ഷേപം ആണ് രാജ്യത്തുള്ളത്. എങ്ങിനെയെങ്കിലും രാജ്യത്തെ രക്ഷിക്കുവാനുള്ള ശ്രമമാണ് മഡുറോ നടത്തുന്നത്. എന്നാല്‍ അമേരിക്ക അതിനും കൂച്ചുവിലങ്ങ് ഇടുകയാണ്. വെനിസ്വേലയുടെ സ്വര്‍ണ്ണക്കച്ചവടം അനധികൃത കച്ചവടമായി പ്രഖ്യാപിക്കും എന്നാണ് ട്രംപിന്റെ ഭീഷണി. ‘മിഥുനം’ എന്ന ചിത്രത്തില്‍ സേതു എന്ന കഥാപാത്രം അളിയനോട് പറയുന്നത് പോലെ ‘ഒരുവിധത്തിലും ജീവിച്ചുപോകാന്‍ അനുവദിക്കില്ല എന്ന് ഉറപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്ക’യാണ് അമേരിക്ക.

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോ 2013 ഏപ്രിലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ജനങ്ങളോട് പ്രസംഗിച്ചത് ആണ് മുകളില്‍ ആദ്യം പറഞ്ഞത്.

‘വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട് എതിര്‍ പാട്ടു പാടുവാന്‍ മോഹിച്ചതും
അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്‍തുടരുവാന്‍ മോഹിച്ചതും
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട് അരുതേ എന്നോതുവാന്‍ മോഹിച്ച’തും… ഹ്യൂഗോ ഷാവേസിന്റെ ആത്മാവ് ചെറുകിളിയായി പറന്ന് വന്നപ്പോഴാണ് എന്നാണ് അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞത്. പക്ഷേ, വാസ്തവത്തില്‍ ഇന്ന് വെനിസ്വേലയുടെ ‘കിളിയാണ് പോയിരി’ക്കുന്നത്.

Comments

comments

Categories: FK Special, Slider