ജെഫ് ബെസോസ് v/s നാഷണല്‍ എന്‍ക്വയറര്‍

ജെഫ് ബെസോസ് v/s നാഷണല്‍ എന്‍ക്വയറര്‍

ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ജെഫ് ബെസോസ്. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക കാര്യങ്ങളിലും സ്വകാര്യത സംരക്ഷിക്കുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവാണ്. എന്നാല്‍ സമീപകാലത്ത് അദ്ദേഹത്തിന്റെ സ്വകാര്യത നഷ്ടപ്പെടും വിധത്തിലുള്ള റിപ്പോര്‍ട്ട് ഒരു ടാബ്ലോയ്ഡിലൂടെ പുറത്തുവന്നു. ഇതിനെതിരേ ബ്ലോഗ് പോസ്റ്റിലൂടെ രംഗത്തുവന്നിരിക്കുകയാണു ബെസോസ്.

ലോകത്തെ ഏറ്റവും ധനികനായ വ്യക്തി, അയാളില്‍നിന്നും ചോര്‍ന്നതായി പറയപ്പെടുന്ന അശ്ലീലമായ ടെക്സ്റ്റ് സന്ദേശങ്ങള്‍, ഇതേക്കുറിച്ച് രഹസ്യാന്വേഷണത്തിനു നിയോഗിക്കപ്പെട്ട ചാരന്മാര്‍, ഇതിനിടെ ഒഴുകുന്ന പണം, ഒരു പ്രമുഖനായ വ്യക്തിയെ അന്യായമായി നിയന്ത്രിക്കാന്‍ ശ്രമിക്കല്‍ എന്നിവ അരങ്ങ് തകര്‍ക്കുകയാണ്. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ജെഫ് ബെസോസ്-നാഷണല്‍ എന്‍ക്വയറര്‍ തര്‍ക്കത്തിന് ഒരു ത്രില്ലര്‍ സിനിമയ്ക്കുള്ള എല്ലാ ചേരുവകളുമുണ്ട്.
ഈ മാസം ഏഴിനായിരുന്നു ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ബ്ലോഗ് പോസ്റ്റിലൂടെ നാഷണല്‍ എന്‍ക്വയറര്‍ എന്ന മാധ്യമ സ്ഥാപനത്തിനെതിരേ രംഗത്തുവന്നത്. തന്റെ ഭാര്യയല്ലാത്ത ഒരു യുവതിയുടെയും തന്റെയും അമ്പരപ്പ് ഉളവാക്കും വിധത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് നാഷണല്‍ എന്‍ക്വയറര്‍ ബ്ലാക്ക് മെയ്ല്‍ ചെയ്യാന്‍ ശ്രമിക്കുന്നെന്നായിരുന്നു അദ്ദേഹം ബ്ലോഗ് പോസ്റ്റില്‍ കുറിച്ചത്. 25 വര്‍ഷം കൂടെ കഴിഞ്ഞ ഭാര്യയെ വഞ്ചിച്ചതിനു ബെസോസ് പിടിക്കപ്പെട്ടെന്ന വാര്‍ത്ത ജനുവരിയില്‍ മുന്‍ പേജില്‍ തന്നെ പ്രസിദ്ധീകരിച്ചത് ഈ പത്രം തന്നെയായിരുന്നെന്നും ബെസോസ് ബ്ലോഗില്‍ കുറിച്ചു. നാഷണല്‍ എന്‍ക്വയറര്‍ ബെസോസിനെ കുറിച്ച് പ്രസിദ്ധീകരിച്ചത് രാഷ്ട്രീയലക്ഷ്യം വച്ചായിരുന്നില്ലെന്നു പൊതുസമൂഹത്തിനു മുന്‍പാകെ ബെസോസ് പ്രസ്താവനയിറക്കണമെന്നും, നാഷണല്‍ എന്‍ക്വയററിന് ട്രംപുമായുള്ള ബന്ധത്തെ കുറിച്ചു വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ബെസോസിന്റെയും അദ്ദേഹത്തിന്റെ കാമുകിയെന്നു പറയപ്പെടുന്ന സ്ത്രീയുടെയും കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു പത്രത്തിന്റെ ഭീഷണി. അമേരിക്കന്‍ മീഡിയ ഇന്‍ക്(എഎംഐ) എന്ന സ്ഥാപനം പ്രസിദ്ധീകരിക്കുന്ന ടാബ്ലോയ്ഡാണു നാഷണല്‍ എന്‍ക്വയറര്‍. 1926-ലാണ് എഎംഐ സ്ഥാപിച്ചത്. ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ആസ്ഥാനം. ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ ആമസോണിന്റെ സ്ഥാപകനും, ചെയര്‍മാനും, പ്രസിഡന്റും, സിഇഒയുമാണ് ജെഫ്രി പി.ബെസോസ്.

രാഷ്ട്രീയ ലക്ഷ്യം

ബെസോസ് ടെക്‌നോളജി രംഗത്ത് മുന്‍നിരയിലുള്ള കമ്പനിയുടെ സിഇഒയാണ്. അതോടൊപ്പം മാധ്യമരംഗത്തെ ഭീമനായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമയുമാണ്. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന വിവാദങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണു പൊതുവേ പറയപ്പെടുന്നത്. നാഷണല്‍ എന്‍ക്വയററിന്റെ ഉടമയായ എഎംഐയുടെ സിഇഒയായ ഡേവിഡ് പെക്കര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പഴയ സുഹൃത്താണ്. 2016-ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന സമയത്ത്, പ്രചരണ ഘട്ടത്തില്‍ ട്രംപിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അവയില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്കെതിരേ ട്രംപ് നടത്തിയെന്നു പറയപ്പെടുന്ന അക്രമങ്ങള്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ എന്നിവയായിരുന്നു. ഓരോ ദിവസവും ഓരോ സ്ത്രീകളായിരുന്നു ട്രംപിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നത്. ഈ സാഹചര്യത്തില്‍ ട്രംപിനെ സഹായിച്ചതു പെക്കറായിരുന്നു. ട്രംപിനെതിരേ വരാന്‍ സാധ്യതയുള്ള വാര്‍ത്തകളെയും ആരോപണം ഉയര്‍ത്താന്‍ സാധ്യതയുള്ള വ്യക്തികളെയും തിരിച്ചറിഞ്ഞ് അവയെ വിലയ്‌ക്കെടുത്തതിനു ശേഷം സമൂഹത്തിനു മുന്‍പില്‍ വരാതെ അവയെ നിശബ്ദമാക്കാന്‍ അല്ലെങ്കില്‍ മറച്ചുപിടിക്കാന്‍ പെക്കര്‍ ശ്രമിച്ചു. ഇത്തരം പ്രവര്‍ത്തി മാധ്യമ ലോകത്ത് അറിയപ്പെടുന്നത് ‘ക്യാച്ച് & കില്‍’ (catch and kill) എന്നാണ്. ട്രംപിനു വേണ്ടി പെക്കര്‍ നിര്‍വഹിച്ചതും ക്യാച്ച് ആന്‍ഡ് കില്‍ എന്ന പ്രവര്‍ത്തിയായിരുന്നു. ട്രംപുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നു പറയപ്പെടുന്ന പ്ലേ ബോയ് മോഡല്‍ കേരന്‍ മക് ഡഗല്‍ ട്രംപിനെതിരേ രംഗത്തുവരുന്നതിനു മുന്‍പു ക്യാച്ച് ആന്‍ഡ് കില്ലിന്റെ ഭാഗമായി 1,50,000 ഡോളര്‍ എഎംഐ നല്‍കുകയുണ്ടായി. 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മാധ്യമങ്ങളും ട്രംപിനെ വിമര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ നാഷണല്‍ എന്‍ക്വയറര്‍ പോലുള്ള ചുരുക്കം ചില പത്രങ്ങള്‍ ട്രംപിനെ അനുകൂലിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
‘ഹിലരി: അഴിമതി പുരണ്ട വ്യക്തി, വംശീയ വിരോധി, കുറ്റവാളി ‘ പ്രചാരണ ഘട്ടത്തില്‍ ഒരിക്കല്‍ നാഷണല്‍ എന്‍ക്വയറര്‍ പ്രസിദ്ധീകരിച്ചത് ഈ തലക്കെട്ടുള്ള വാര്‍ത്ത ഉള്‍പ്പെടുത്തിയായിരുന്നു. റിപ്പബ്ലിക്കന്‍ പാനലില്‍ ട്രംപിനോടൊപ്പം പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാനുണ്ടായിരുന്ന ടെഡ് ക്രൂസിന്റെ പിതാവിനു കെന്നഡിയുടെ വധവുമായി ബന്ധമുണ്ടെന്നും നാഷണല്‍ എന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇത്തരത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ട്രംപിനെ അകമഴിഞ്ഞു സഹായിച്ചിരുന്നു പെക്കര്‍.

ഇപ്പോള്‍ നാഷണല്‍ എന്‍ക്വയറര്‍ ബെസോസിനെ ലക്ഷ്യം വയ്ക്കുന്നത് എന്തായിരിക്കാമെന്നാണു പലരും ചോദിക്കുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരമറിയണമെങ്കില്‍ ഏതാനും മാസങ്ങള്‍ക്കു പിന്നിലേക്കു സഞ്ചരിക്കണം. മാസങ്ങള്‍ക്കു മുന്‍പു ബെസോസിനെ ട്രംപ് ആവര്‍ത്തിച്ചു വിമര്‍ശിച്ചിരുന്നു. 2013-ലാണു ബെസോസ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം സ്വന്തമാക്കിയത്. ട്രംപിനെ സ്ഥിരമായി വിമര്‍ശിച്ചിരുന്ന, ഇപ്പോഴും വിമര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പത്രമാണു വാഷിംഗ്ടണ്‍ പോസ്റ്റ്. ഇതിന്റെ പേരില്‍ ട്രംപിനു ജെഫ് ബെസോസിനോടു കടുത്ത അമര്‍ഷവുമുണ്ട്. അമേരിക്കയിലെ മുന്‍നിര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് ‘വാട്ടര്‍ ഗേറ്റ്’ അഴിമതി വെളിച്ചത്തു കൊണ്ടു വന്നവരാണ്. വാട്ടര്‍ ഗേറ്റ് അഴിമതിയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായിരുന്ന റിച്ചാര്‍ഡ് നിക്‌സന്റെ പ്രസിഡന്റ് സ്ഥാനം തെറിപ്പിച്ചത്.
ഇ-കൊമേഴ്‌സ് ബിസിനസിലേര്‍പ്പെട്ടിരിക്കുന്ന ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍, ഉത്പന്നങ്ങളുടെ ഡെവിലറിക്കു യുഎസ് പോസ്റ്റല്‍ സര്‍വീസിനെ ചൂഷണം ചെയ്യുകയാണെന്ന് ട്രംപ് ഒരിക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പുറമേ സൗദി വംശജനും, വാഷിംഗ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റും, തുര്‍ക്കിയിലെ സൗദിയുടെ എംബസിയില്‍ വച്ചു ഏതാനും മാസങ്ങള്‍ക്കു മുന്‍പു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ജമാല്‍ ഖഷോഗിയുടെ മരണം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത രീതിയോട് ട്രംപിനും, എഎംഐക്കും കടുത്ത അതൃപ്തിയുണ്ട്. ഖഷോഗി കൊല്ലപ്പെട്ടതിനു പിന്നില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനു പങ്കുണ്ടെന്നു യുഎസ് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നതാണ്. എന്നാല്‍ രാജകുമാരന്റെ പങ്ക് അവഗണിക്കാന്‍ അഥവാ കണ്ടില്ലെന്നു നടിക്കാന്‍ ട്രംപിനു മേല്‍ പെക്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുള്ള പ്രതിഫലമായി പെക്കറിനു സൗദിയില്‍ ബിസിനസ് അവസരങ്ങള്‍ തുറന്നു കൊടുക്കുകയായിരുന്നെന്നും പത്രം പറയുന്നു.

ബെസോസും മക്കെന്‍സിയും വേര്‍പിരിയുന്നു

മക്കെന്‍സിയുമായുള്ള വേര്‍പിരിയല്‍ വാര്‍ത്ത ഇപ്പോള്‍ ബെസോസിന്റെ ശത്രുക്കള്‍ക്കു വലിയൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി ഒന്‍പതിനായിരുന്നു ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും പിരിയുകയാണെന്നു ട്വീറ്റ് ചെയ്തത്. ഇതേ തുടര്‍ന്നു പിന്നീടുള്ള ദിവസങ്ങളില്‍ നാഷണല്‍ എന്‍ക്വയററും, ന്യൂയോര്‍ക്ക് പോസ്റ്റും മുന്‍ ടിവി അവതാരികയും 49-കാരിയുമായ ലോറന്‍ സാഞ്ചെസുമായുള്ള ബെസോസിന്റെ ബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന, ബെവര്‍ലി ഹില്‍സിലും, കാലിഫോര്‍ണിയയിലും ഓഫീസുകളുള്ള അമേരിക്കന്‍ ടാലന്റ് ഏജന്‍സിയായ വില്യം മോറിസ് എന്‍ഡീവറിന്റെ സഹ സിഇഒയായ പാട്രിക് വൈറ്റ്‌സെല്ലിന്റെ ഭാര്യയാണു ലോറന്‍. എന്നാല്‍ ഇരുവരും ദീര്‍ഘകാലമായി അകന്നു കഴിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ബെസോസിന്റെ അത്രയും ധനികനല്ലെങ്കിലും വൈറ്റ്‌സെല്ലിന്റെ കണക്കാക്കപ്പെടുന്ന ആസ്തി 440 മില്യന്‍ ഡോളറാണ്. ബെസോസിന്റേത് 137 ബില്യന്‍ ഡോളറും. സമീപകാലത്ത് ടിഎംഇസഡ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് വൈറ്റ്‌സെല്‍ മോഡലായ കെയ്ര്‍ അലക്‌സയുമായി ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ്.
ബെസോസുമായുള്ള വേര്‍പിരിയലിലൂടെ 48-കാരിയായ മക്കെന്‍സിക്ക് ലഭിക്കാന്‍ പോകുന്നത് 67 ബില്യന്‍ ഡോളറിന്റെ സ്വത്തായിരിക്കും.

ബെസോസിന്റെ ടെക്സ്റ്റ് സന്ദേശങ്ങള്‍ ചോര്‍ത്തിയത് ആര് ?

ബെസോസ്, ലോറന്‍ സാഞ്ചസിനു നിരവധി ടെക്സ്റ്റ് മെസേജുകളും ഫോട്ടോകളും അയച്ചിരുന്നു. അവയില്‍ അശ്ലീല ചുവയുള്ളതുമുണ്ടായിരുന്നു. ഇത് ചോര്‍ത്തി നാഷണല്‍ എന്‍ക്വയററിനു നല്‍കിയത് ആരാണെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ബെസോസ് പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റേഴ്‌സിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്വേഷണത്തിന്റെ പ്രാഥമികതലത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിച്ചിരിക്കുന്നത്, ടെക്സ്റ്റ് സന്ദേശങ്ങള്‍ ചോര്‍ത്തി നാഷണല്‍ എന്‍ക്വയററിനു നല്‍കിയത് ലോറന്‍ സാഞ്ചസിന്റെ സഹോദരന്‍ മൈക്കിള്‍ സാഞ്ചസാണെന്നാണ്. ലോറന്റെ മാനേജറും, പിആര്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നതും മൈക്കിളാണ്. ട്രംപ് അനുകൂലിയാണു മൈക്കിള്‍ സാഞ്ചസ്. റോജര്‍ സ്റ്റോണ്‍, കാര്‍ട്ടര്‍ പേജ് എന്നിവരുമായി അടുത്ത ബന്ധമാണു മൈക്കിളിനുള്ളത്. 2016 യുഎസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ക്യാംപെയ്‌നിംഗില്‍ ട്രംപിനു വിദേശകാര്യ നയങ്ങളെക്കുറിച്ച് ഉപദേശം നല്‍കിയിരുന്നത് കാര്‍ട്ടര്‍ പേജാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നേതാക്കന്മാര്‍ക്കു വേണ്ടി തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന വ്യക്തിയാണ് റോജര്‍ സ്റ്റോണ്‍. ഇദ്ദേഹം എഴുത്തുകാരന്‍, പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്റ്, ലോബിയിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെടുന്നു. ബെസോസും ലോറനുമായുള്ള ബന്ധത്തെ കുറിച്ചു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ തനിക്ക് അറിയാമായിരുന്നെന്നു മൈക്കിള്‍ പറയുന്നു. 2018 ജൂണില്‍ ആമസോണിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ താനും ലോറനും അമ്മയും സന്ദര്‍ശനം നടത്തിയിരുന്നെന്നും മൈക്കിള്‍ പറയുന്നു. എന്നാല്‍ ബെസോസിന്റെ ടെക്സ്റ്റ് സന്ദേശങ്ങള്‍ എന്‍ക്വയററിനു ചോര്‍ത്തി നല്‍കിയത് താനല്ലെന്നും അദ്ദേഹം പറയുന്നു. വിദേശ സര്‍ക്കാരുകള്‍ക്കു വേണ്ടി ചാരപ്പണി ചെയ്യുന്നവരോ, ബെസോസിന്റെ എതിരാളികളായ ടെക് കമ്പനികളോ അതുമല്ലെങ്കില്‍ യുഎസ് ഭരണകൂടത്തിനുള്ളില്‍ തന്നെയിരുന്നു സമാന്തര ഭരണത്തിനു നേതൃത്വം നല്‍കുന്നവരോ (deep state actors)െ ആകാം വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണു മൈക്കിള്‍ പറയുന്നത്.

ഇനി എന്ത് സംഭവിക്കും ?

ഒരാള്‍ ലോകത്തെ ഏറ്റവും ശക്തന്‍. രണ്ടാമന്‍ ലോകത്തെ ഏറ്റവും ധനികന്‍. ട്രംപിനെയും ബെസോസിനേയും ഇങ്ങനെ വിലയിരുത്താം. ഇപ്പോള്‍ വിവാദം ഉടലെടുത്തിരിക്കുന്നത് യഥാര്‍ഥത്തില്‍ ട്രംപും ബെസോസും തമ്മിലുള്ള അകല്‍ച്ചയില്‍നിന്നാണ്. നാഷണല്‍ എന്‍ക്വയറര്‍ എന്ന പത്രം ഇതിനിടയില്‍ വന്നെന്നു മാത്രം. ഇക്കാര്യം ട്രംപിനും അറിയാം ബെസോസിനും അറിയാം. പക്ഷേ, ഇരുവരും അത് അറിഞ്ഞില്ലെന്നു നടിക്കുന്നെന്നു മാത്രം.

Comments

comments

Categories: FK News