ജന്‍ ധന്‍ നിക്ഷേപം 90,000 കോടിയിലേക്ക്

ജന്‍ ധന്‍ നിക്ഷേപം 90,000 കോടിയിലേക്ക്

ജനുവരി 30 ലെ കണക്കുകള്‍ പ്രകാരം ജന്‍ ധന്‍ എക്കൗണ്ടുകളിലെ ആകെ നിക്ഷേപ തുക 89,257.57 കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാവരെയും സാമ്പത്തികമായി ഉള്‍ച്ചേര്‍ക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം 90,000 കോടി രൂപയിലേക്ക് എത്തുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 2017 മാര്‍ച്ച് മുതല്‍ നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിട്ടുള്ളത്. 2019 ജനുവരി 23 ന് 88,566.92 കോടി രൂപയായിരുന്ന നിക്ഷേപം ജനുവരി 30 ആയപ്പോഴേക്കും 89,257.57 കോടി രൂപയിലേക്കുയര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ എല്ലാ കുടുംബത്തിനും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ 2014 ഓഗസ്റ്റ് 28 നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന ആരംഭിക്കുന്നത്. പദ്ധതി വിജയം കണ്ടതോടെ 2018 ഓഗസ്റ്റ് 28 മുതലുള്ള പുതിയ എക്കൗണ്ടുകള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. അതിനൊപ്പം ഓവര്‍ഡ്രാഫ്റ്റ് പരിധിയും 10,000 ലേക്ക് വര്‍ധിപ്പിക്കുകയും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ട് എന്ന രീതിയില്‍ സര്‍ക്കാര്‍ ആശയം പുനര്‍ നിര്‍വചിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനക്കു കീഴില്‍ 34.14 കോടി എക്കൗണ്ട് ഉടമകളാണുള്ളത്. 2,615 രൂപയാണ് ഈ എക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം. എക്കൗണ്ട് ഉടമകളില്‍ 53 ശതമാനവും വനിതകളാണ്. 59 ശതമാനം എക്കൗണ്ടുകളും ഗ്രാമീണ, അര്‍ദ്ധ ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരുടേതാണ്. 27.26 കോടി എക്കൗണ്ട് ഉടമകള്‍ക്കും അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള റുപേ ഡെബിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News