ഇന്റര്‍നെറ്റ് വാര്‍ത്താമാധ്യമങ്ങളുടെ അന്തകനല്ല

ഇന്റര്‍നെറ്റ് വാര്‍ത്താമാധ്യമങ്ങളുടെ അന്തകനല്ല

ഇന്റനെറ്റിന്റെ വരവോടെ വായനയുടെയും വാര്‍ത്താമാധ്യമങ്ങളുടെയും പ്രാധാന്യം അവസാനിച്ചുവെന്ന പ്രചാരണം അസ്ഥാനത്താണെന്ന് പുതിയ എഡിഷന്‍ പത്രങ്ങളും ചാനലുകളും തെളിയിച്ചിരിക്കുന്നു

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വാര്‍ത്താവിസ്‌ഫോടനരംഗത്ത് ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. ലോകത്തിന്റെ ഏതു കോണില്‍ സംഭവിത്തുന്ന കാര്യത്തിന്റെയും പുതിയ വിവരങ്ങള്‍ നിമിഷം പ്രതി ഇന്റര്‍നെറ്റിലൂടെ പുതുക്കിക്കൊണ്ടിരിക്കുന്നതിന് നാം സാക്ഷികളാണ്. ഡിജിറ്റല്‍ യുഗത്തോടെ വായനയുടെയും വാര്‍ത്താമാധ്യമങ്ങളുടെയും കഥ കഴിയുമെന്ന് വലിയ തോതില്‍ മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം പ്രവചനങ്ങളെ അസ്ഥാനത്താക്കി ഓരോ ദിവസവും പുതിയ പത്രങ്ങളും നിലവിലുള്ള പത്രങ്ങളുടെ പുതിയ എഡിഷനുകളും പുതിയ വാര്‍ത്താചാനലുകളും അത്തരം ചാനലുകളുടെ കൂടുതല്‍ പ്രാദേശികമായ കവറേജുകളും ഉണ്ടാകുന്നുവെന്നതാണു വാസ്തവം.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഓണ്‍ലൈന്‍ പത്രങ്ങളും സ്വതന്ത്ര പോര്‍ട്ടലുകളും ബ്ലോഗുകളും ഇതോടൊപ്പം വളരുന്നുണ്ട്. എങ്കിലും ഇവയ്ക്ക് പരമ്പരാഗതമാധ്യമങ്ങള്‍ക്ക് ബദല്‍ ആകാന്‍ സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഓണ്‍ലൈന്‍ പ്രസാധകര്‍ക്ക് പുതുവര്‍ഷം നല്ലതല്ലെന്നാമ് അനുഭവസാക്ഷ്യം. ഡിജിറ്റല്‍ മാധ്യമരംഗത്തെ അതികായരായ ബസ്സ്ഫീഡ്, വെസ് ആന്‍ഡ് വെറൈസണ്‍ മീഡിയ ഗ്രൂപ്പ്, ഹഫ്‌പോ, യാഹൂ തുടങ്ങിയവര്‍ അടുത്തിടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ തകര്‍ച്ചയെന്നാണ് ബസ്സ്ഫീഡിന്റെ ലേ ഓഫിനെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് ഫര്‍ഹദ് മാന്‍ജൂ പ്രതികരിച്ചത്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ സമൂഹമാധ്യമശൃംഖലാനിയന്ത്രിതമായ ഡിജിറ്റല്‍ വിതരണവേദികളെ വളരെയധികം ആശ്രയിച്ചാണ് ഇത്തരം കമ്പനികളുടെ നിലനില്‍പ്പു തന്നെയെന്ന് മാന്‍ജൂ മനസിലാക്കി. ഈ കമ്പനികള്‍ക്ക് മാധ്യമസേവനദാതാക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാമ്പത്തിക പ്രചോദനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങള്‍ക്കു പകരം, പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഉപയോക്താക്കള്‍ തന്നെ സൃഷ്ടിക്കുന്ന ഉള്ളടക്കത്തെ ആശ്രയിക്കണമെന്നും നിര്‍ദേശിക്കുന്നു.

ബുധനാഴ്ചയോടെ ന്യൂയോര്‍ക്ക് ടൈംസ് 2018ലെ ആദ്യപാദ ഫല വരുമാനം പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയുടെ ഓഹരിവില പ്രിതീക്ഷിച്ചതിനേക്കാള്‍ കവിഞ്ഞ്, 12 ശതമാനത്തില്‍ കൂടുതലായിരുന്നു. ഇത് പത്രം അച്ചടിച്ചതു കൊണ്ടുണ്ടായ ലാഭമല്ല. കാരണം, അച്ചടി മാധ്യമരംഗത്ത് ഇനിയൊരു ഉയിര്‍ത്തെണീപ്പ് സാധ്യമല്ല. പത്രത്തിലൂടെയുള്ള പരസ്യ വരുമാനം 2017ല്‍ നിന്ന് 2018 എത്തിയപ്പോഴേക്കും 6.5 ശതമാനം കുറഞ്ഞിരുന്നു. ഈ സമയത്തെ വരിസംഖ്യാവരുമാനമാകട്ടെ വെറും 3.4 ശതമാനം മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍ കമ്പനിയുടെ ഡിജിറ്റല്‍ ബിസിനസ് പുരോഗമിക്കുകയാണ്.

2018ല്‍ സ്ഥാപനത്തിന്റെ ഡിജിറ്റല്‍ വരുമാനം 709 ദശലക്ഷം ഡോളര്‍ ആയിരുന്നെന്നും ഡിജിറ്റല്‍ വരിസംഖ്യാ വരുമാനത്തിന്റെ 17.7 ശതമാനം വളര്‍ച്ചയിലാണ് പിടിച്ചുനിന്നതെന്നും ന്യൂയോര്‍ക്ക് ടെംസ് വ്യക്തമാക്കുന്നു. കമ്പനിയുടെ 3.4 ദശലക്ഷം ഡിജിറ്റല്‍ വരിക്കരില്‍ 267,000 പേരെ ചേര്‍ത്തത് 2018 നാലാം പാദത്തില്‍ മാത്രമാണ്. 2017ലെ ഡിജിറ്റല്‍ വരിക്കാരില്‍ നിന്നുള്ള 27 ശതമാനം വളര്‍ച്ചയാണിത്. 2020 ഓടെ ഡിജിറ്റല്‍ വരുമാനം 800 ദശലക്ഷം ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണു കമ്പനി. 2025 ആകുമ്പോഴേക്കും 10 ദശലക്ഷം ഡിജിറ്റല്‍ വരിക്കാരിലെത്താനും ഉദ്ദേശിക്കുന്നു.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ വളര്‍ച്ചയ്ക്കു കാരണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന്ു കരുതാം. അദ്ദേഹത്തിന്റെ മാധ്യമവിരോധം കുപ്രസിദ്ധമാണല്ലോ. തെരഞ്ഞെടുപ്പിന് ശേഷം ടൈംസ് ഒരു വലിയ വളര്‍ച്ച പ്രതീക്ഷിച്ചു, ട്രംപ് വിരുദ്ധ വാര്‍ത്തകള്‍ പ്രേക്ഷകരെ പലപ്പോഴും ആകര്‍ഷിച്ചു. എന്നാല്‍, ഇവിടെ ടൈംസിന്റെ തന്ത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാന്‍ ഉതകുന്ന സൗജന്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മീഡിയ കമ്പനികളുടെ ബിസിനസ് മാതൃക അവര്‍ നേരത്തേ സ്വീകരിച്ചിരുന്നു.

ഈ പ്രസാധകര്‍ പ്രേക്ഷകരെ വളര്‍ത്തുമ്പോള്‍ വളരെ വേഗംതന്നെ എല്ലാ പരസ്യ വരുമാന വളര്‍ച്ചയും, ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം അഗ്രഗേറ്ററുകളായ ഫേസ്ബുക്കിലേക്കും ഗൂഗിളിലേക്കും വരുന്നു. ടൈംസ്, ഫേസ് ബുക്കുമായി സഹകരിച്ച് നടത്തുന്ന ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പോലുള്ള അവരുടെ മൊബീല്‍ സൈറ്റിലെ ലേഖനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ശ്രമിക്കുന്നു. ടൈംസിലെ പ്രധാന വാര്‍ത്തകള്‍ ചിലപ്പോള്‍ കൂടുതല്‍ രസകരവും ആകര്‍ഷകവുമാണെന്ന് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഏറെ സമയം ചെലവഴിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം, ഓണ്‍ലൈന്‍ പ്രസാധകരില്‍നിന്ന് വന്‍തോതില്‍ മത്സരം നേരിടുന്നതിനാലാണിത്.

എന്നാല്‍ കമ്പനിയുടെ ഡിജിറ്റല്‍ ബിസിനസ്സ് മാതൃക എപ്പോഴും വളരെ ലളിതമായിരിക്കണം, ആളുകള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പ്രസിദ്ധീകരണം, അവര്‍ക്ക് സൗജന്യമായി നല്‍കുക, രുചി പറ്റിക്കഴിയുമ്പോള്‍ അവരോട് അതിനു പണം നല്‍കാന്‍ ആവശ്യപ്പെടുക. ഈ തന്ത്രം ഇതുവരെ, നല്ലതു പോലെ പ്രവര്‍ത്തിച്ചിട്ടുള്ളതായാണു കണ്ടുവരുന്നത്. ടൈംസ് മാത്രമല്ല. ആമസോണ്‍ സിഇഒ ജെഫ് ബെസോസ് 2013 ല്‍ വാഷിംഗ്ണ്‍ പോസ്റ്റ് വാങ്ങിയ ശേഷം പല മാറ്റങ്ങളും വരുത്തി, വരിസംഖ്യ ചുമത്തി. ഇതോടെ വാഷിംഗ്ണ്‍ പോസ്റ്റ് വായിച്ചു ശീലിച്ചവര്‍ പണം കൊടുത്ത് വായിക്കാന്‍ തുടങ്ങി.

വാര്‍ത്ത സൗജന്യമാണെന്ന പാഠമാണ് മാധ്യമ വ്യവസായം 20 വര്‍ഷമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ജെഫ് ബെസോസ് പറയുന്നത്. എന്നാല്‍ സത്യത്തില്‍ വായനക്കാര്‍ മാധ്യമഉടമകളേക്കാള്‍ ഗ്രാഹ്യമുള്ളവരാണ്. നിലവാരമുള്ള പത്രത്തിന് കൂടുതല്‍ പണം ചെലവാകുമെന്ന് അവര്‍ക്കറിയാം. അവര്‍ അതിന് പണം മുടക്കാന്‍ തയ്യാറാണ്, പക്ഷേ നിങ്ങള്‍ അവരോട് അത് ആവശ്യപ്പെടേണ്ടതുണ്ട്. വരിസംഖ്യാരീതി കര്‍ശനമാക്കിയതോടെ വരിക്കാര്‍ കൂടിയതായാണ് അദ്ദേഹം അവകാശപ്പെടുന്നത്. വിലവര്‍ധിപ്പിക്കുന്ന ഓരോ തവണയും വരിക്കാരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.

ഇന്ന് ഡിജിറ്റല്‍ മാധ്യമ പ്രസാധകര്‍ ന്യൂയോര്‍ക്ക് ടൈംസിന്റെയും വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും പാത പിന്തുടരാന്‍ മല്‍സരത്തിലാണ്. ബ്ലൂബെര്‍ഗ്, ബിസിനസ്സ് ഇന്‍്‌സൈഡര്‍, കോണ്ടെ നാസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളെല്ലാം വരിസംഖ്യ ശക്തമാക്കിയിരിക്കുന്നു. വായനക്കാര്‍ ഉടന്‍ തന്നെ പണം കൊടുത്തു വരിക്കാരാകുന്ന ശീലത്തിലേക്ക് വഴിമാഖും. സ്വാകാര്യ ചാനല്‍ വ്യവസായരംഗത്തെ പേ ചാനല്‍ രംഗം വിജയിച്ച തരത്തിലുള്ള ഒരു അവസരത്തിലേക്കാണ് അത് നമ്മെ കൊണ്ടെത്തിക്കുന്നത്. ഇതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠം സുവ്യക്തമാണ്. ഗുണനിലവാരമുള്ള പത്രങ്ങള്‍ക്ക് ആളുകള്‍ പണമൊടുക്കാന്‍ തയാറാണ്.

Comments

comments

Categories: FK News
Tags: internet