മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട

മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട

ഇന്ത്യയില്‍ വില്‍ക്കുന്ന പതിനെട്ട് മോഡലുകള്‍ ഇപ്പോഴും കാര്‍ബുറേറ്ററാണ് ഉപയോഗിക്കുന്നത്

ന്യൂഡെല്‍ഹി : ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. നിലവില്‍ എട്ട് സ്‌കൂട്ടറുകളും പതിനാറ് ബൈക്കുകളുമാണ് ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്നത്. ഇവയില്‍ പതിനെട്ട് മോഡലുകള്‍ ഇപ്പോഴും കാര്‍ബുറേറ്ററാണ് ഉപയോഗിക്കുന്നത്.

ഹോണ്ടയുടെ 110, 125 സിസി മോട്ടോറുകള്‍ കരുത്തേകുന്ന മുഴുവന്‍ സ്‌കൂട്ടറുകളും 100-200 സിസി ബൈക്കുകളും കാര്‍ബുറേറ്റര്‍ മോഡലുകളാണ്. മുഴുവന്‍ ബൈക്കുകളാണോ അതോ സ്‌കൂട്ടറുകളാണോ ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുന്നതെന്ന് ഹോണ്ട വ്യക്തമാക്കിയില്ല. എല്ലാ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് (എഫ്‌ഐ) മാറ്റുമെന്നാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രഖ്യാപനം.

ഒരു ഇന്‍ജെക്റ്റര്‍ ഉപയോഗിച്ച് ഇന്റേണല്‍ കമ്പസ്ചന്‍ എന്‍ജിനിലേക്ക് സമ്മര്‍ദ്ദിത ഇന്ധനം സ്‌പ്രേ ചെയ്യുന്ന രീതിയാണ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ (എഫ്‌ഐ). കൂടുതല്‍ കരുത്ത്, കൂടുതല്‍ ഇന്ധനക്ഷമത തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം ഉപയോഗിക്കുന്നത്. എക്‌സോസ്റ്റ് വാതകങ്ങള്‍ കുറേക്കൂടി ഭേദപ്പെട്ടതായിരിക്കും.

2020 ഏപ്രില്‍ ഒന്നിനാണ് ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. ബിഎസ് 4 ല്‍ നിന്ന് ബിഎസ് 5 ഒഴിവാക്കി നേരേ ബിഎസ് 6 ലേക്ക് കടക്കാനാണ് 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അതായത് 2020 ഏപ്രില്‍ ഒന്നിന് ശേഷം ഇന്ത്യയില്‍ ബിഎസ് 4 ബൈക്കുകളും കാറുകളും നിര്‍മ്മിക്കാനും വില്‍ക്കാനും കഴിയില്ല. കാര്‍ബുറേറ്റര്‍ മാറ്റി ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോഡലുകള്‍ വിപണിയിലെത്തിക്കുമ്പോള്‍ സ്വാഭാവികമായും വിലയില്‍ വര്‍ധന പ്രതീക്ഷിക്കാം. എത്രമാത്രം വില വര്‍ധിക്കുമെന്ന് കാത്തിരുന്ന് കാണാം.

Comments

comments

Categories: Auto