ഹോണ്ട ബ്രിയോ ഉല്‍പ്പാദനം അവസാനിപ്പിച്ചു

ഹോണ്ട ബ്രിയോ ഉല്‍പ്പാദനം അവസാനിപ്പിച്ചു

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡല്‍ ഇനി ഹോണ്ട അമേസ് ആയിരിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. ഇതോടെ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡല്‍ ഇനി ഹോണ്ട അമേസ് ആയിരിക്കും. കോംപാക്റ്റ് സെഡാനായ അമേസിന്റെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യയില്‍ തങ്ങളുടെ എന്‍ട്രി കാര്‍ ഇനി അമേസ് ആണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്റ്ററുമായ രാജേഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍ ബ്രിയോ ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തിയെന്നും അടുത്ത തലമുറ ബ്രിയോ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താരതമ്യേന വലിയ മോഡലുകളിലേക്ക് ഉപഭോക്തൃ താല്‍പ്പര്യം മാറിത്തുടങ്ങിയതാണ് ഹോണ്ട ബ്രിയോ മോഡലിന് തിരിച്ചടിയായത്. മറ്റ് ആഗോള വിപണികളിലും ഇതേ പ്രവണതയാണ് കാണുന്നത്. എല്ലാ രാജ്യത്തുമുണ്ടാകുന്ന ‘മോട്ടോറൈസേഷന്‍ സൈക്കിളിന്റെ’ ഭാഗമാണിതെന്ന് ഗോയല്‍ പറഞ്ഞു. എന്നാല്‍ 6-7 വര്‍ഷം മുന്നേ നടക്കേണ്ട ഈ പരിവര്‍ത്തനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ പതുക്കെയാണ് നടക്കുന്നതെന്ന് ഗോയല്‍ അഭിപ്രായപ്പെട്ടു.

ബ്രിയോയുടെ സ്ഥാനത്ത് ഏതെങ്കിലും പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ അവതരിപ്പിക്കുമോയെന്ന ചോദ്യത്തിന് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ എന്‍ട്രി മോഡല്‍ അമേസ് ആയിരിക്കുമെന്ന് രാജേഷ് ഗോയല്‍ മറുപടി നല്‍കി. ജാസ്, ഡബ്ല്യുആര്‍-വി എന്നീ മറ്റ് രണ്ട് മോഡലുകളും ചെറിയ കാര്‍ എന്ന ആവശ്യം നിറവേറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ല്‍ ഹോണ്ട മൊബീലിയോ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Honda Brio