ഉപകാരം ചെയ്യുന്നവര്‍ ഓര്‍ത്തിരിക്കേണ്ടത്

ഉപകാരം ചെയ്യുന്നവര്‍ ഓര്‍ത്തിരിക്കേണ്ടത്

മറ്റുള്ളവര്‍ക്കായി നാം ചെയ്യുന്ന കാര്യങ്ങളില്‍ നന്ദി പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് നമ്മെ നിരാശയിലേക്ക് കൊണ്ടുപോകും. ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുന്നുണ്ടോ? എങ്കില്‍ മാത്രമേ നമുക്ക് ദുഃഖത്തെ അകറ്റി നിര്‍ത്തുവാന്‍ കഴിയൂ. നാം ഉപകാരം ചെയ്യുന്നവര്‍ നന്ദി കാണിക്കും എന്ന പ്രതീക്ഷ എപ്പോള്‍ തുടച്ചു മാറ്റുന്നുവോ അപ്പോള്‍ നമ്മുടെ മനസ് സ്വസ്ഥമാവും

അയാള്‍ അച്ഛന്റെ അകന്ന ഒരു ബന്ധുവായിരുന്നു. എന്റെ ചെറുപ്പത്തില്‍ അയാള്‍ മാസങ്ങളോളം പതിവായി വീട്ടില്‍ വന്നിരുന്നു. രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റു വരുന്ന ഞാന്‍ കണി കാണുന്നത് മിക്കപ്പോഴും അയാളെയായിരുന്നു. അച്ഛനെ കാണാന്‍ വരുന്നതാണ്. മണിക്കൂറുകളോളം വീട്ടില്‍ ചെലവഴിക്കും.

അച്ഛന് കൊച്ചിന്‍ പോര്‍ട്ടിലായിരുന്നു ജോലി. അവിടെ അയാള്‍ക്കും ഒരു ജോലി സംഘടിപ്പിക്കണം. അതായിരുന്നു ആവശ്യം. വീട്ടിലെ സ്ഥിതി വളരെ കഷ്ടത്തിലാണ്. മറ്റാര്‍ക്കും വരുമാനമില്ല. എങ്ങിനെയെങ്കിലും സഹായിക്കണം, അയാള്‍ എന്നും അച്ഛനെ കണ്ട് ഇത് പറഞ്ഞുകൊണ്ടിരുന്നു. എന്റെ അമ്മയും അച്ഛനെ നിര്‍ബന്ധിക്കുമായിരുന്നു. എങ്ങനെയെങ്കിലും അയാള്‍ക്ക് ഒരു ജോലി തരമാക്കുവാന്‍.

സാവധാനം അയാള്‍ വീട്ടിലെ ഒരംഗത്തെപ്പോലെയായി. എന്നും രാവിലെ എത്തുന്ന അയാള്‍ക്ക് അമ്മ ഭക്ഷണം വിളമ്പി നല്‍കും. ചില ദിവസങ്ങളില്‍ അയാള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പലഹാരങ്ങള്‍ വാങ്ങിച്ചു കൊണ്ടുവരും. കുട്ടികളായ ഞങ്ങള്‍ക്ക് അതൊക്കെ വലിയ സന്തോഷങ്ങളായിരുന്നു. അങ്ങനെ ഞങ്ങളുടെ പ്രിയപ്പെട്ട മാമനായി അയാള്‍ മാറി.

അയാളുടെ ജോലിക്കായി അച്ഛന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അയാള്‍ ഒരു ഭാഗ്യവാനായിരുന്നു. കാരണം അച്ഛന്റെ ശ്രമം ഫലം കണ്ടു. അയാള്‍ക്ക് വൈകാതെ ജോലി ലഭിച്ചു. അത്ഭുതമെന്ന് പറയട്ടെ പിറ്റേദിവസം മുതല്‍ അയാളെ കാണാതായി. വീട്ടിലേക്കുള്ള വരവ് നിലച്ചു. ജോലി ലഭിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വീട്ടിലേക്ക് വരുമെന്നും ഞങ്ങളെ കാണുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കാരണം കുറെ നാളുകളായി ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി അയാള്‍ മാറിക്കഴിഞ്ഞിരുന്നല്ലോ.

അമ്മയ്ക്ക് ഈ സംഭവം വളരെ വിഷമമുണ്ടാക്കി. അത് കണ്ട അച്ഛന്‍ പറഞ്ഞു, ”ഇതൊക്കെ ഇങ്ങനെയൊക്കെയേ സംഭവിക്കൂ. നാം ഇത് തന്നെയാണ് പ്രതീക്ഷിക്കേണ്ടതും. നാം ചെയ്യുന്നതിനെല്ലാം നന്ദി പ്രതീക്ഷിച്ചാല്‍ അതില്‍ നിരാശരാകേണ്ടിവരും. അത് കൊണ്ട് ചെയ്യാവുന്നത്ര ചെയ്യുക എന്നിട്ട് മനസില്‍ നിന്ന് അത് മായ്ച്ചു കളയുക.”

അച്ഛന്‍ വലിയ വിദ്യാഭ്യാസമുള്ള ഒരാളായിരുന്നില്ല. എന്നാല്‍ ഒരുപാട് ജീവിതം കണ്ട മനുഷ്യനായിരുന്നു. ഒരിക്കല്‍ ജോലിസ്ഥലത്തു വെച്ച് കണ്ടപ്പോള്‍ അയാള്‍ തല തിരിച്ച് കാണാത്തപോലെ കടന്നുപോയ കാര്യം പറഞ്ഞ് അച്ഛന്‍ ചിരിച്ചു. അച്ഛനെ സംബന്ധിച്ചിടത്തോളം അത് നേരത്തെ കണക്കുകൂട്ടിയ ഒന്നായിരുന്നു. പക്ഷേ ഞങ്ങളെല്ലാവരുടെയും മനസില്‍ ആ സംഭവം കുറെനാള്‍ മായാതെ കിടന്നു.

മറ്റുള്ളവര്‍ക്കായി നാം ചെയ്യുന്ന കാര്യങ്ങളില്‍ നന്ദി പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് നമ്മെ നിരാശയിലേക്ക് കൊണ്ടുപോകും. ഒന്നും പ്രതീക്ഷിക്കാതെ നമുക്ക് എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുന്നുണ്ടോ? എങ്കില്‍ മാത്രമേ നമുക്ക് ദുഃഖത്തെ അകറ്റി നിര്‍ത്തുവാന്‍ കഴിയൂ. നാം ഉപകാരം ചെയ്യുന്നവര്‍ നന്ദി കാണിക്കും എന്ന പ്രതീക്ഷ എപ്പോള്‍ തുടച്ചു മാറ്റുന്നുവോ അപ്പോള്‍ നമ്മുടെ മനസ് സ്വസ്ഥമാവും.

വളരെ വേഗതയില്‍ പാഞ്ഞുവന്ന ഒരു ഓട്ടോറിക്ഷ എന്റെ കാറിന്റെ പിന്നില്‍ വന്ന് ശക്തിയായി ഇടിച്ചു. ഞാന്‍ വണ്ടി റോഡിന്റെ ഓരം ചേര്‍ത്ത് നിര്‍ത്തി. ഓട്ടോറിക്ഷയില്‍ നിന്ന് ചെറുപ്പക്കാരനായ ഡ്രൈവര്‍ പരിഭ്രാന്തിയോടെ ചാടിയിറങ്ങി. അയാള്‍ ആകെ ഉലഞ്ഞിരുന്നു. പെട്ടെന്ന് വയസ്സായപോലെ തോന്നിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ”എന്റെ മകള്‍ ആരുടെയോ ഒപ്പം ഒളിച്ചോടി. ഞാന്‍ അവരെ അന്വേഷിച്ച് നടക്കുകയാണ്. സ്പീഡ് കൂടിപ്പോയി. ക്ഷമിക്കണം,” ആ അച്ഛന്റെ വേദനക്ക് മുന്നില്‍ വണ്ടിയുടെ പരിക്കുകള്‍ നിസാരം. വായില്‍ വന്ന വാക്കുകള്‍ വിഴുങ്ങി ഞാന്‍ തിരിച്ചു നടന്നു.

ആറ്റുനോറ്റ് വളര്‍ത്തിയ മകള്‍ ഒരു സുപ്രഭാതത്തില്‍ ഏതോ ഒരുവനൊപ്പം ഇറങ്ങിപ്പോകുക. അവളെ അന്വേഷിച്ച് നിസഹായനായ അച്ഛന്‍ പരക്കം പായുക. അമ്മ തോരാത്ത കണ്ണുനീരോടെ വീട്ടില്‍ കാത്തിരിക്കുക. ഇവിടെ നന്ദിയും നന്ദികേടും എന്താണ്? നമുക്ക് ഉത്തരങ്ങള്‍ കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാകുന്നു.

നാം ചെയ്യുന്നത് നന്ദിയും കടപ്പാടും പ്രതീക്ഷിക്കാതെയാണെങ്കില്‍ അതാണ് ഏറ്റവും നല്ലത്. മനുഷ്യന്റെ പെരുമാറ്റങ്ങള്‍ നിര്‍വചിക്കുവാനാകില്ല. ഒരു ചട്ടക്കൂടിലും ഒതുക്കി അവനെ വിലയിരുത്താനുമാകില്ല. സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് നിറം മാറുന്ന ഒരു ഓന്ത് പോലെയാണ് അവന്‍. അവന്റെ പെരുമാറ്റങ്ങളും വികാരങ്ങളും ഇങ്ങനെയാവണം എന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും. ഇനി ഉപകാരം ചെയ്യുമ്പോള്‍ ഇക്കാര്യം ഓര്‍ക്കുക. ‘ചെയ്യുക, പിന്നെ അത് മനസില്‍ നിന്ന് മായ്ച്ചു കളയുക’… നമുക്ക് നമ്മുടെ ആത്മാവിനെ രക്ഷിക്കാം.

Comments

comments

Categories: FK Special, Sports