ഭാവി തൊഴിലവസരങ്ങളിലും വരുമാനത്തിലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഉപഭേക്താക്കള്‍

വിപണിയില്‍ വില സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷകളും ഉപഭോക്താക്കള്‍ പങ്കുവെച്ചിട്ടുണ്ട്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഉപേേഭാക്താക്കളുടെ അശുഭപ്രതീക്ഷകള്‍ കുറയുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്. തങ്ങളുടെ വരുമാനം സംബന്ധിച്ചും ഭാവി തൊഴിലവസരങ്ങള്‍ സംബന്ധിച്ചും വില നിലവാരത്തെ കുറിച്ചും മികച്ച പ്രതീക്ഷകളാണ് രാജ്യത്തെ ഉപഭോക്താക്കള്ക്കുള്ളതെന്ന് കേന്ദ്ര ബാങ്കിന്റെ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആര്‍ബിഐയുടെ ഡിസംബര്‍ മാസത്തെ സര്‍വേയിലാണ് ഉപഭോക്താക്കളുടെ ഭാവി ശുഭാപ്തി വിശ്വാസം പ്രതിഫലിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും വരുമാനം വര്‍ധിക്കുമെന്നും വിപണിയില്‍ വില നിലവാരം മെച്ചപ്പെടുമെന്നുമാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. പൊതു സാമ്പത്തിക സാഹചര്യവും തൊഴില്‍ സാഹര്യവും സംബന്ധിച്ച ശുഭാപ്തി വിശ്വാസം വര്‍ധിച്ചതിന്റെ ഫലമായി ‘ഭാവി പ്രതീക്ഷാ സൂചിക’യില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ബാങ്ക് പറഞ്ഞു.
പൊതു സാമ്പത്തിക സാഹചര്യത്തെ കുറിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി മേശം ചിന്തകളാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരുന്നത്. ഇത് ഡിസംബര്‍ മാസം മാറിയിട്ടുണ്ട്. മുന്നോട്ടുള്ള ഒരു വര്‍ഷത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ വീക്ഷണവും മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസം നിറഞ്ഞതാണ്. ഭാവി തൊഴില്‍ സാഹചര്യം സംബന്ധിച്ച് സര്‍വേയില്‍ പങ്കെടുത്ത മിക്ക ഉപഭോക്താക്കളും ആന്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിലെ തൊഴില്‍ സാഹചര്യത്തില്‍ അവര്‍ക്കുള്ള ആശങ്ക തുടരുന്നതായി സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം ഉപഭോക്താക്കളാണ് ഭാവിയില്‍ തങ്ങളുടെ വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിട്ടുള്ളത്. ചെലവിടലിനെ കുറിച്ചുള്ള ഉപഭോക്തൃ വികാരം മാറ്റമില്ലാതെ തന്നെ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഡെല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പ്പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, പാറ്റ്ന, തിരുവനന്തപുരം എന്നീ 13 പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വേ നടത്തിയത്. പൊതു സാമ്പത്തി സാഹചര്യത്തെ കുറിച്ചുള്ള കുടുംബങ്ങളുടെ ധാരണകളും പ്രതീക്ഷകളും തൊഴില്‍ സാഹചര്യവും വില നിലവാരവും വരുമാനവും ചെലവിടലും സംബന്ധിച്ച പ്രതീക്ഷകളും വിലയിരുത്തുന്നതിന് 5,347 പേരില്‍ നിന്നും ആര്‍ബിഐ വിവരങ്ങള്‍ ശേഖരിച്ചു.