സിറ്റി ഗ്യാസ് പദ്ധതിക്കായി മുന്നിലുള്ളത് ഐഒസി, അദാനി ഗ്രൂപ്പ്, എച്ച്പിസിഎല്‍

സിറ്റി ഗ്യാസ് പദ്ധതിക്കായി മുന്നിലുള്ളത് ഐഒസി, അദാനി ഗ്രൂപ്പ്, എച്ച്പിസിഎല്‍

35 നഗരങ്ങളിലെ ലൈസന്‍സിനായി ഐഒസി സ്വന്തം നിലയ്ക്ക് താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: സിറ്റി ഗ്യാസ് പദ്ധതിക്കായുള്ള പത്താം ഘട്ട ലേലത്തില്‍ താല്‍പ്പര്യ പത്രങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ മുന്നിലെത്തിയത് പൊതുമേഖലയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. അദാനി ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയെ കോര്‍പ്പ് ലിമിറ്റഡ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് എന്നിവയാണ് വിവിധ നഗരങ്ങളിലേക്കുള്ള ലൈസന്‍സ് സ്വന്തമാക്കുവാന്‍ സജീവമായി രംഗത്തുള്ള കമ്പനികള്‍.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിതരണ കമ്പനിയായ ഐഒസി പ്രകൃതി വാതക വിതരണ ശൃംഖലയിലും വലിയ സാന്നിധ്യമാകുന്ന തരത്തില്‍ വിപുലീകരണത്തിന് തയാറെടുക്കുകയാണ്. 50 നഗരങ്ങളില്‍ വാഹനങ്ങള്‍ക്കായി സിഎന്‍ജിയും വീടുകളില്‍ പൈപ്പുകളിലൂടെ പ്രകൃതി വാതകവും വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനായുള്ള ലേലമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ 35 നഗരങ്ങളിലെ ലൈസന്‍സിനായി ഐഒസി സ്വന്തം നിലയ്ക്ക് താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ അദാനി ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലും 7 നഗരങ്ങളിലെ ലൈസന്‍സിനായി ശ്രമിക്കുന്നു. അദാനി ഗ്രൂപ്പ് സ്വന്തം നിലയ്ക്ക് 19 നഗരങ്ങളിലെ വിതരണത്തിനായാണ് താല്‍പ്പര്യ പത്രം സമര്‍പ്പിച്ചിട്ടുള്ളത്.

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പിന്റെ ഉപ കമ്പനിയായ എച്ച്പിസിഎലാണ് സമര്‍പ്പിക്കപ്പെട്ട താല്‍പ്പര്യ പത്രങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. 24 നഗരങ്ങളിലെ വിതരണത്തിനായാണ് കമ്പനി ശ്രമിക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായ ടൊറന്റ് ഗ്യാസ് 20 നഗരങ്ങളിലെയും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് 15 നഗരങ്ങളിലെയും ബിപിസിഎല്‍ 14 നഗരങ്ങളിലെയും ലൈസന്‍സിനായാണ് ശ്രമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാതക മാര്‍ക്കറ്റിംഗ് കമ്പനിയായ ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ഉപകമ്പനിയായ ഗെയ്ല്‍ ഗ്യാസ് ലിമിറ്റഡിലൂടെ 10 മേഖലകളിലെ ലൈസന്‍സിനായി മാത്രമാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ 9 ഘട്ടങ്ങളില്‍ നടന്ന ലേലത്തില്‍ അദാനി ഗ്യാസ് 13 നഗരങ്ങളിലെ പ്രകൃതി വാതക വിതരണത്തിനുള്ള ലൈസന്‍സ് ഒറ്റയ്ക്ക് സ്വന്തമാക്കി. ഐഒസിയുമായി ചേര്‍ന്ന് 9 നരഗങ്ങളിലെ വിതരണാവകാശവും അദാനി ഗ്രൂപ്പ് നേടിയിട്ടുണ്ട്. ഐഒസി സ്വന്തം നിലയ്ക്ക് 7 നഗരങ്ങളിലെ ലൈസന്‍സാണ് ഇതുവരെയുള്ള ലേലങ്ങളില്‍ നേടിയത്. ഭാരത് ഗ്യാസ് റിസോഴ്‌സസ് ലിമിറ്റഡ് 11 നഗരങ്ങളിലെയും ടോറന്റ് ഗ്യാസ് 10 നഗരങ്ങളിലെയും വിതരണം സ്വന്തമാക്കി.

50 മേഖലകളില്‍ എട്ടെണ്ണത്തില്‍ ഒരു കമ്പനി മാത്രമാണ് താല്‍പ്പര്യ പത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ആറിലും ഐഒസിയാണ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചത്. ഒരിടത്ത് ഭാരത് ഗ്യാസ് റിസോഴ്‌സസും ഒരിടത്ത് ഗെയ്ല്‍ ഗ്യാസ് ലിമിറ്റഡും അപേക്ഷ സമര്‍പ്പിച്ചു.

Comments

comments

Categories: FK News
Tags: City gas