ബൈജൂസ് ആപ്പ് ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു

ബൈജൂസ് ആപ്പ് ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു

ഈ വര്‍ഷം 3,000 മുതല്‍ 3,500 ജീവനക്കാരെ നിയമിക്കാനാണ് പദ്ധതി

ബെംഗളൂരു: ലോകത്തില്‍ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയ മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ബൈജൂസ് ലേണിംഗ് ആപ്പ് ഈ വര്‍ഷം 3,000 മുതല്‍ 3,500 ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രയും വലിയ റിക്രൂട്ട്‌മെന്റ് നടത്തുന്ന സ്വകാര്യ ഇന്റര്‍നെറ്റ് സ്ഥാപനമെന്ന സവിശേഷതയാണ് ഇതോടെ ബൈജൂസ് നേടിയെടുക്കാന്‍ പോകുന്നത്.

ഫൂഡ് ഡെലിവറി കമ്പനികളായ സ്വഗ്ഗി, സൊമാറ്റോ എന്നിവ ഭക്ഷണ വിതരണത്തിനായി ജീവനക്കാരെ നിയമിക്കുന്നതു പോലെ കൂട്ടമായാണ് ബൈജൂസ് ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നത്. സെയില്‍സ്, ഓപ്പറേഷന്‍സ് മേഖലകളിലേക്ക് ഏകദേശം 2,000 പേരെ നിയമിക്കാനാണ് പദ്ധതി. അതേസമയം, ബാക്കിയുള്ളവരെ ഉള്ളടക്ക സൃഷ്ടി സംഘത്തിലേക്കാണ് തെരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ നിയമിക്കുന്ന ജീവനക്കാരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാണ് ബൈജൂസ് ലക്ഷ്യമിടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നാസ്‌പേഴ്‌സ്, ടെന്‍സെന്റ് എന്നീ കമ്പനികള്‍ പിന്തുണയ്ക്കുന്ന ബൈജൂസ് ഈ വര്‍ഷം മാര്‍ച്ച് മാസം അവസാനത്തോടെ 1,400 കോടി രൂപ വരുമാനമുള്ള കമ്പനിയായി മാറാനുള്ള ലക്ഷ്യത്തിലാണെന്ന് സിഇഒ ബൈജു രവീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. 2 മില്യണ്‍ വാര്‍ഷിക പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരാണ് ബൈജൂസ് ആപ്പിനുള്ളത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഈയടുത്ത് 120 മില്യണ്‍ ഡോളറിന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓസ്‌മോ എന്ന എജുക്കേഷണല്‍ ഓണ്‍ലൈന്‍ കമ്പനിയെ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് വയസ്സ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഗണിതം, ശാസ്ത്ര വിഷയങ്ങല്‍ എന്നിവയില്‍ വളരം ലളിതമായ പഠനങ്ങളും പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ലേണിംഗ് ആപ്പില്‍ കുട്ടികളെ വളരെ ലളിതമായും ആകര്‍ഷകമായും പരിശീലനം നടത്താനായി പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്രഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ആരൊക്കെയാണെന്നത് ബൈജു രവീന്ദ്രന്‍ വെളിപ്പെടുത്തിയിട്ടില്ല.

Comments

comments

Categories: Business & Economy
Tags: Byju's app