അറബ് രാഷ്ട്രങ്ങളുടെ പൊതു കടം പെരുകുന്നു

അറബ് രാഷ്ട്രങ്ങളുടെ പൊതു കടം പെരുകുന്നു

പകുതിയോളം അറബ് രാജ്യങ്ങളുടെ കടം ജിഡിപിയുടെ 90 ശതമാനത്തിലധികമാണ്

ദുബായ്: അറബ് രാഷ്ട്രങ്ങളുടെ പൊതു കടം പെരുകുന്നതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ മുന്നറിയിപ്പ്. രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 90 ശതമാനത്തിലധികമായി കടം ഉയര്‍ന്നിട്ടുണ്ടെന്നാണ് ഐഎംഎഫ് പറയുന്നത്.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം മുതല്‍ മിക്ക അറബ് രാജ്യങ്ങളുടെയും പൊതു കടം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി ഉയര്‍ന്ന ബജറ്റ് കമ്മിയാണ് കടം പെരുകാനുള്ള കാരണമെന്നും ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അറബ് രാഷ്ട്രങ്ങള്‍ക്കിതുവരെ പുറത്തുകടക്കാനായിട്ടില്ലെന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡെ പറഞ്ഞു. ദുബായിയില്‍ നടന്ന അറബ് സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ലഗാര്‍ഡെ.

എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക മാന്ദ്യത്തിനു മുന്‍പുള്ള തലത്തിലേക്ക് തിരിച്ചെത്താന്‍ ഈ രാഷ്ട്രങ്ങള്‍ക്കും സാധിച്ചിട്ടില്ല. എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ പൊതു കടം 2008ല്‍ ജിഡിപിയുടെ 64 ശതമാനമായിരുന്നു. ഇന്നത് 85 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പകുതിയോളം അറബ് രാജ്യങ്ങളുടെ കടം ജിഡിപിയുടെ 90 ശതമാനത്തിലധികമാണെന്നും ലഗാര്‍ഡെ ചൂണ്ടിക്കാട്ടി.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പൊതു കടം 2008ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 13 ശതമാനമായിരുന്നു. നിലവില്‍ ഈ രാഷ്ട്രങ്ങളുടെ കടം ജിഡിപിയുടെ 33 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആറ് ജിസിസി രാഷ്ട്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അഞ്ച് വര്‍ഷം മുന്‍പ് എണ്ണ വിലയിലുണ്ടായ ഇടിവാണ് ഈ രാജ്യങ്ങളിലെ പ്രതിസന്ധിക്ക് കാരണം. 2014ല്‍ ഉണ്ടായ എണ്ണ വില തകര്‍ച്ചയുടെ ആഘാതത്തില്‍ നിന്ന് ജിസിസി രാഷ്ട്രങ്ങള്‍ക്ക് ഇതുവരെ കരകയറാനായിട്ടില്ലെന്നും ലഗാര്‍ഡെ പറഞ്ഞു.

Categories: Arabia