ആന്ധ്രയിലെ നിലനില്‍പ്പിന്റെ രാഷ്ടീയ തന്ത്രങ്ങള്‍

ആന്ധ്രയിലെ നിലനില്‍പ്പിന്റെ രാഷ്ടീയ തന്ത്രങ്ങള്‍

സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന വികാരം ആളിക്കത്തിക്കാനുള്ള ശ്രമം

നിലനില്‍പ്പിന്റെ തന്ത്രങ്ങളുടെ കുത്തൊഴുക്കാണ് ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയത്തില്‍ ഇന്ന് അരങ്ങേറുന്നത്. ഇന്നലെ ന്യൂഡെല്‍ഹിയില്‍ നടത്തിയ ഏകദിന നിരാഹാരസമരവും ഇതിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ തട്ടകത്തിലെ അടിത്തട്ട് ഇളകുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഒരു അവസാന തന്ത്രം.

എന്‍ഡിഎ മുന്നണിയില്‍നിന്നും കഴിഞ്ഞ വര്‍ഷം പുറത്തുപോയ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി സംസ്ഥാനത്തിന് ലഭിക്കേണ്ട പ്രത്യേക പദവി സംബന്ധിച്ച വാഗ്ദാനം നടപ്പാക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. അതും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാസങ്ങള്‍ക്കു മുമ്പാണ് അവര്‍ എന്‍ഡിഎയുമായി പരിഞ്ഞത്. അതിനുമുമ്പ് സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉയര്‍ത്താമായിരുന്നെങ്കിലും ആ വഴി അവര്‍ സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയിലെ ഗുണ്ടൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിക്കലായാണ് ഈ റാലിയെ വിലയിരുത്തിയിരുന്നത്. റാലിയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് മോദി ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചത്. ഇതിനെതിനെതിരെ പ്രതികരിക്കേണ്ടത്. നായിഡുവിന്റെ നില്‍നിലനില്‍പ്പിന്റെ ഭാഗമായിത്തീര്‍ന്നു. ഇതാണ് നിരാഹാരത്തിലേക്ക് നയിക്കാനുണ്ടായ മറ്റൊരു കാരണം.

രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതായി ബിജെപിയെ തെലുങ്കുദേശം പാര്‍ട്ടിയും ചന്ദ്രബാബു നായിഡുവും മനപൂര്‍വം കടന്നാക്രമിക്കുകയാണ് ചെയ്യുന്നതെന്ന് ഏതാനും ദിവസം മുമ്പ് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ ആരോപിച്ചിരുന്നു. നിരന്തരം ഒരു പാര്‍ട്ടിക്കെതിരെ മാത്രം ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിയെ സംസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കുകയില്ലെന്നുമുള്ള നായിഡുവിന്റെ പ്രസതാവനകള്‍ ഇതിനുദാഹരണങ്ങളാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരെ മറ്റുപല കാര്യങ്ങളിലേക്കും നയിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആന്ധ്രയില്‍ എത്തിയപ്പോള്‍ ടിഡിപിയുടെ ആഹ്വാന പ്രകാരം വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കരിദിനമായാണ് തെലുങ്കുദേശം പാര്‍ട്ടി ആചരിച്ചത്ഇതും നിലനില്‍പ്പിന്റെ തന്റെ ഭാഗമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്നും അധികാരത്തിനൊപ്പം നില്‍ക്കാനായിരുന്നു നായിഡുവിന് താല്‍പ്പര്യമെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതിനായി കാലുമാറാനും കൂടെയുള്ളവരെ പിന്നില്‍നിന്ന് കുത്താനും അദ്ദേഹത്തിന് മടിയില്ല. അദ്ദേഹത്തിന്റെ ഭാര്യാപിതാവായിരുന്ന എന്‍ടിആറിനെ പോലും താഴെയിറക്കിയ ചരിത്രം അദ്ദേഹത്തിനുണ്ടെന്നും മോദി പറഞ്ഞിരുന്നു. എന്‍ടിആര്‍ ആന്ധ്രക്കാരുടെ ഒരു വികാരമാണ്. അതിനാല്‍ ഉടന്‍ പ്രതികരിക്കേണ്ടത് ടിഡിപിയുടെ ആവശ്യമായി വന്നു. ഇതായിരുന്നു ഏകദിന നിരാഹാരം സംഘടിപ്പിക്കാന്‍ തിടുക്കപ്പെട്ടുള്ള നീക്കത്തിനു പിന്നിലെ മറ്റൊരു കാരണം. അതിനുശേഷം ടിഡിപി പ്രതിനിധിസംഘം രാഷ്ട്രപതിക്ക് നിവേദനവും സമര്‍പ്പിക്കാനുമാണ് തീരുമാനം.

ഗുണ്ടൂരിലെ റാലി വ്യക്തമാക്കുന്നത് ബിജെപി വൈഎസ്ആര്‍ കോണ്‍ഗ്രസുമായി അടുക്കുന്നതിന്റെ സൂചനയാണെന്ന് തെലുങ്കുദേശം പാര്‍ട്ടി കരുതുന്നു. ശ്രീകാകുളം എംപി കെ റാംമോഹന്‍ നടത്തിയ പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഢി പ്രധാനമന്ത്രിയുടെ ആന്ധ്രാസന്ദര്‍ശനത്തിനെതിനെതിരായി ഒന്നും സംസാരിച്ചിട്ടില്ല എന്നതാണ് റാംമോഹന്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. തന്നെയുമല്ല പ്രധാനമന്ത്രിയുടെ പെട്ടന്നുള്ള എന്‍ടിആര്‍ സ്‌നേഹവും സംശയാസ്പദമാണ്. എന്‍ടിആറിനെ അത്രയും താല്‍പ്പര്യമാണെങ്കില്‍ അദ്ദേഹത്തിന് ഭാരത രത്‌ന നല്‍കണമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക് ഇന്ന് ആശങ്കയുണ്ട്. 175 അംഗ നിയമസഭയില്‍ 103 സീറ്റുകള്‍ നേടിയാണ് ടിഡിപി ഭരണത്തിലെത്തിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 66 സീറ്റുകളാണ് നേടിയത്. ബിജെപി നാലും. ഇക്കുറി നിലവിലുള്ള സര്‍ക്കാരിനെതിരായ നിലപാടുകള്‍ ടിഡിപിയെ ജനങ്ങളില്‍ നിന്ന്് അകറ്റിയേക്കാം. അത് ജഗന്‍ മോഹന്‍ റെഢിക്കാണ് ഗുണകരമാകുക. ഇക്കാര്യമാണ് തെലുങ്കുദേശത്തെ അലട്ടുന്നത്.

അണികളെ ആവേശം കൊള്ളിക്കുന്ന പ്രസ്താവനകളുമായാണ് ചന്ദ്രബാബു നായിഡു നിരാഹാരത്തിനെത്തിയത്. പ്രധാനമന്ത്രിയെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയും അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ടിഡിപിയെ കൂടെനിര്‍ത്താനുള്ള നീക്കം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും തെലങ്കാനയിലെ ടിആര്‍എസിനും നിര്‍ണായക പങ്കാണുള്ളതെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു നയിക്കുന്ന തെലങ്കാന രാഷ്ട്രസമിതിക്ക് തല്‍ക്കാലം എതിരാളികള്‍ ഇല്ലെന്നുതന്നെ പറയാം. കഴിഞ്ഞിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിലും അത് ടിആര്‍എസ് തെളിയിച്ചതാണ്. ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഢിയുടെ നേതൃത്വത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളുടെ സ്വീകാര്യത നേടുന്നതില്‍ വിജയിച്ചിരുന്നു. കഴിഞ്ഞമാസം റെഢി നടത്തിയ 3650 കിലോമീറ്റര്‍ പദയാത്ര അതു തെളിയിക്കുന്നതാണ്. കൂടാതെ ടിആര്‍എസുമായി റെഢി ഒരു ധാരണ ഉണ്ടാക്കിയതായും സൂചനയുണ്ട്. ഇന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം അടുത്തമുഖ്യമന്ത്രിയാകാന്‍ ഏറ്റവുമികം പിന്തുണയുള്ളത് ജഗന്‍മോഹന്‍ റെഢിക്കാണ്. ചന്ദ്രബാബു നായിഡു പിന്നിലാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഒരു അഭിപ്രായ സര്‍വേസൂചിപ്പിക്കുന്നത് ലോക്‌സഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ നേടുക ജഗന്‍മോഹന്‍ റെഢിയുടെ പാര്‍ട്ടിയാകും എന്നാണ്. ഈ കണക്കുകള്‍ എല്ലാം തന്നെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാജയം മുന്നില്‍ കാണുന്നു. ഇത് ഒഴിവാക്കാനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങളാണ് നായിഡു നടത്തുന്നത്. അതിനായി സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന വികാരം ആളിക്കത്തിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

Comments

comments

Categories: Politics