പത്തില്‍ എട്ട് കമ്പനികള്‍ക്കും നേട്ടം; കൂട്ടിച്ചേര്‍ത്തത് 53,741.36 കോടി രൂപ

പത്തില്‍ എട്ട് കമ്പനികള്‍ക്കും നേട്ടം; കൂട്ടിച്ചേര്‍ത്തത് 53,741.36 കോടി രൂപ

ഐടിസിയും എച്ച്ഡിഎഫ്‌സിയും മാത്രമാണ് വിപണി മൂല്യത്തില്‍ നഷ്ടം കുറിച്ചത്

മുംബൈ: ഓഹരി വിപണിയിലെ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ട് കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 53,741.36 കോടി രൂപയുടെ വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും(ആര്‍ഐഎല്‍) ടാറ്റ കസള്‍ട്ടന്‍സി സര്‍വീസസുമാണ് (ടിസിഎസ്) കഴിഞ്ഞ വാരം വിപണിയില്‍ എറ്റവും കൂടുതല്‍ നേട്ടം കൊയ്ത കമ്പനികള്‍.

ഐടിസിയുടെയും എച്ച്ഡിഎഫ്‌സിയുടെയും വിപണി മൂല്യത്തില്‍ മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടം കുറിച്ചു. 19,047.69 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വിപപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 8,09,669.50 കോടി രൂപയായി ഉയര്‍ന്നു.

ടാറ്റ കസള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണി മൂല്യത്തില്‍ 12,007.64 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 7,74,023.16 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് 8,569.51 കോടി രൂപയുടെ നേട്ടം കൊയ്തു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോഴുള്ള കണക്ക് പ്രകാരം 5,77,598.58 കോടി രൂപയായിരുന്നു ബാങ്കിന്റെ വിപണി മൂല്യം. 7,144.3 കോടി രൂപയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ ബാങ്കിന്റെ മൊത്തം മൂല്യം 2,47,151.12 കോടി രൂപയായി.

1,441.65 കോടി രൂപയാണ് ടെക് ഭീമന്‍ ഇന്‍ഫോസിസ് കഴിഞ്ഞയാഴ്ച കൂട്ടിച്ചേര്‍ത്തത്. ഇതോടെ മൊത്തം മൂല്യം 3,31,951.71 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) മൊത്തം മൂല്യത്തില്‍ 4,578.23 കാടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 669.35 കോടി രൂപയും ഐസിഐസിഐ ബാങ്ക് 282.99 കോടി രൂപയും വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തും. ഈ കമ്പനികളുടെ വിപണി മൂല്യം യഥാക്രമം 3,93,403.30 കോടി രൂപയും 2,54,395.37 കോടി രൂപയും 2,28,644.74 കോടി രൂപയുമാണ്.

ഐടിസിയുടെ വിപണി മൂല്യത്തില്‍ 6,063.49 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ വിപണി മൂല്യം 3,37,901.54 കോടി രൂപയായി ചുരുങ്ങി. എച്ച്ഡിഎഫ്‌സിയുടെ മൂല്യത്തില്‍ 2,931.69 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3,34,256.62 കോടി രൂപയായി. വിപണി മൂല്യത്തില്‍ മുന്നില്‍ ആര്‍ഐഎല്‍ ആണ്. രണ്ടാം സ്ഥാനത്ത് ടിസിഎസും. പത്ത് കമ്പനികളില്‍ ഏറ്റവും കുറവ് വിപണി മൂല്യമുള്ളത് ഐസിഐസിഐ ബാങ്കിനാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് വിപണി മൂല്യത്തില്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളിലുള്ളത്.

Comments

comments

Categories: Business & Economy