യുകെ, ഇറ്റലി, പോളണ്ട്, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാന്, യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, ലക്സംബര്‍ഗ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 450 വിദേശ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു
കൊല്‍ക്കത്ത: അഞ്ചാമത് ബംഗാള്‍ ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംസ്ഥാനത്തിന് 2,48, 288 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനായതായി പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഉച്ചകോടിയുടെ ഭാഗമായി 86 ധാരണാപത്രങ്ങളിലാണ് ഒപ്പുവെക്കപ്പെട്ടിട്ടുള്ളതെന്നും മുഖ്യ മന്ത്രി പറഞ്ഞു.
1,200 ബിസിനസ് ടു ബിസിനസ് യോഗങ്ങളും 45 ബിസിനസ്-ടു-ഗവണ്മെന്റ് യോഗങ്ങളുമാണ് ഉച്ചകോടിക്കിടെ നടന്നത്. നിരവധി വിദേശ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തതായും യഥാര്‍ത്ഥ ബിസിനസ് ചെയ്യാനാണ് അവരിവിടെ വന്നതെന്നും സംസ്ഥാന ധന, വ്യവസായ, ഐടി വകുപ്പ് മന്ത്രി അമിത് മിത്ര പറഞ്ഞു. നേരത്തെ നടന്നിട്ടുള്ള ബംഗാള്‍ ബിസിനസ് ഉച്ചകോടിയില്‍ വിദേശ പ്രതിനിധികള്‍ പങ്കെടുത്തത് സംസ്ഥാനത്തെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ യുകെ, ഇറ്റലി, പോളണ്ട്, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാന്, യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, ലക്സംബര്‍ഗ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 450 വിദേശ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇവര്‍ സഹകരണത്തിനുള്ളതോ തദ്ദേശീയ പങ്കാളികളുമായി കൈകോര്‍ക്കുന്നതിനോ സംസ്ഥാനത്ത് പുതിയ യൂണിറ്റ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് ഭൂമിയേറ്റെടുക്കുന്നതിനോ ഉള്ള കരാറുകളില്‍ ഒപ്പുവെച്ചതായി മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
നിക്ഷേപ കരാറുകളുടെ മേഖല തിരിച്ചുള്ള വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ ഗ്രേറ്റ് ഈസ്റ്റേണ്‍ എനര്‍ജി കോര്പ്പറേഷന്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, എച്ച് എനര്‍ജി, ഐടിസി, കൊക്കകോള, ഡിപി വേള്‍ഡ് എന്നിവയും സംസ്ഥാനത്ത് നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നടന്നിട്ടുള്ള നാല് ബിസിനസ് ഉച്ചകോടികളിലും ധാരണയായിട്ടുള്ള നിക്ഷേപ കരാറുകളില്‍ 40 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അമിത് മിത്ര അറിയിക്കുന്നത്.