‘110 ആന്‍സ് ബുഗാട്ടി’ എന്ന സ്പെഷല്‍ എഡിഷന് ഷിറോണ്‍ സ്പോര്‍ട് അനാവരണം ചെയ്തു
പാരിസ് : 110 ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഫ്രഞ്ച് ഹൈ-പെര്‍ഫോമന്‍സ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടി. ആഘോഷ പരിപാടികളുടെ ഭാഗമായി ഷിറോണ്‍ സ്പോര്‍ടിന്റെ സ്പെഷല്‍ എഡിഷന് നിര്‍മ്മിച്ചിരിക്കുകയാണ് കമ്പനി. ‘110 ആന്‍സ് ബുഗാട്ടി’ എന്നാണ് പുതിയ ഷിറോണ്‍ സ്പോര്‍ടിന്റെ പേര്. ലിമിറ്റഡ് എഡിഷന് ‘110 ആന്‍സ് ബുഗാട്ടി’ ആകെ 20 എണ്ണം മാത്രമേ നിര്‍മ്മിക്കൂ. മാതൃ രാജ്യമായ ഫ്രാന്‍സിന്റെ ദേശീയ പതാകയിലെ ത്രിവര്‍ണ്ണം (നീല, വെളുപ്പ്, ചുവപ്പ്) ‘110 ആന്‍സ് ബുഗാട്ടി’ എടുത്തണിഞ്ഞിരിക്കുന്നു.
മാറ്റ് ‘സ്റ്റീല്‍ ബ്ലൂ’ പെയിന്റ്വര്ക്കിലാണ് 110 ആന്‍സ് ബുഗാട്ടി വരുന്നത്. ബോഡി, മുന്‍ ഭാഗം എന്നിവ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ‘സി’ ആകൃതിയിലുള്ള ബുഗാട്ടി ലൈന്‍, കുതിര ലാടത്തിന്റെ ആകൃതിയുള്ള ബുഗാട്ടി റേഡിയേറ്റര്‍ എന്നിവയ്ക്കായി അലുമിനിയം ഉപയോഗിച്ചു. പാസഞ്ചര്‍ കംപാര്‍ട്ട്മെന്റിന് ചുറ്റുമായി കാണുന്ന വിഖ്യാത ബുഗാട്ടി ലൈന്‍ പെയിന്റ് ചെയ്തിരിക്കുന്നതും സ്റ്റീല്‍ ബ്ലൂ നിറത്തിലാണ്.
ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകളുടെ മുകളില്‍ നല്‍കിയിരിക്കുന്ന രണ്ട് ഫിക്സ്ഡ് ഗ്ലാസ് പാനലുകളാണ് സ്കൈ വ്യൂ റൂഫ്. ബുഗാട്ടറി ഷിറോണില്‍ ഇത് ഓപ്ഷനാണെങ്കില്‍ സ്പെഷല്‍ എഡിഷന് 110 ആന്‍സ് ബുഗാട്ടിയില്‍ സ്കൈ വ്യൂ റൂഫ് സ്റ്റാന്‍ഡേഡ് ഫീച്ചറാണ്. സോഫ്റ്റ് ‘ഡീപ് ബ്ലൂ’ ലെതറിലാണ് ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പിന്‍ഭാഗത്തെ ഡിഫ്യൂസര്‍, ബംപര്‍ എന്നിവ ഗ്ലോസി സ്റ്റീല്‍ ബ്ലൂ കാര്‍ബണിലാണ്. എക്സോസ്റ്റ് സംവിധാനത്തിന് കോണ്ട്രാസ്റ്റ് മാറ്റ് ബ്ലാക്ക് നിറം നല്കിയിരിക്കുന്നു. റിയര്‍ സ്പോയ്ലറിന്റെ അടിവശത്ത് ഫ്രാന്‍സിന്റെ ദേശീയ പതാകയിലെ ത്രിവര്‍ണ്ണം കാണാം. മാറ്റ് ബ്ലാക്ക് നിറത്തിലുള്ളതാണ് റിയര്‍ സ്പോയ്ലര് മെക്കാനിസം. നസെല്, സ്റ്റിയറിംഗ് വീല്‍, സ്റ്റിയറിംഗ് കോളം, സീറ്റ് അലങ്കാരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു. ‘നോക്റ്റണ്’ മാറ്റ് ബ്ലാക്ക് നിറം നല്കിയ അലോയ് വീലുകള്‍ക്ക് പിറകില്‍ ബ്രൈറ്റ് ബ്ലൂ നിറത്തിലുള്ള ബ്രേക്ക് കാലിപറുകള്‍ നല്‍കിയത് ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പ്പെടും.