രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നുണ്ടെന്ന് ‘ആധുനിക മാര്‍ക്‌സ്’

രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നുണ്ടെന്ന് ‘ആധുനിക മാര്‍ക്‌സ്’

പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറായ തോമസ് പിക്കെറ്റി മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അഭിജിത്ത് ബാനര്‍ജിയോട് ചേര്‍ന്നാണ് കോണ്‍ഗ്രസിനെ ഉപദേശിക്കുന്നത്

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്തിടെ വാദ്ഗാനം ചെയ്ത വരുമാന ഉറപ്പ് (എംഐജി) പദ്ധതി അഥവാ സാര്‍വത്രിക അടിസ്ഥാന വരുമാന (യുബിഐ) പദ്ധതിയെ പിന്തുണച്ച് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി രംഗത്ത്. വരുമാന ഉറപ്പ് പദ്ധതി വലിയ തോതില്‍ സ്വീകരിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, പദ്ധതി നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് ആശയപരമായ സഹായം നല്‍കുമെന്നും വ്യക്തമാക്കി. രാജ്യത്തെ സമ്പന്നര്‍ ദരിദ്ര ജനവിഭാഗങ്ങളോട് മോശമായിട്ടാണ് പെരുമാറുന്നതെന്നും ജാതീയ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയത്തില്‍ നിന്ന് വരുമാനത്തിന്റെയും സമ്പന്നതയുടെയും രാഷ്ട്ര തന്ത്രത്തിലേക്ക് മാറേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ആധുനിക കാള്‍ മാര്‍ക്‌സ്’ എന്ന് അറിയപ്പെടുന്ന പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറായ തോമസ് പിക്കെറ്റി മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അബ്ദുള്‍ ലത്തീഫ് ജാമീല്‍ പ്രോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്റ്ററും എംഐടിയുടെ ഫോഡ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് പ്രൊഫസറുമായ അഭിജിത്ത് ബാനര്‍ജിയോട് യോജിച്ചാണ് സാമ്പത്തിക കാര്യങ്ങളില്‍ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയെ ഉപദേശിക്കുന്നത്. പദ്ധതിയുടെ ചെലവിനെക്കുറിച്ചും നടപ്പാക്കലിനെക്കുറിച്ചുമുള്ള ആശയങ്ങളാണ് കോണ്‍ഗ്രസുമായി തങ്ങള്‍ പങ്കുവെച്ചതെന്ന് പിക്കെറ്റി വ്യക്തമാക്കി. പ്രശസ്തമായ ‘കാപ്പിറ്റല്‍ ഇന്‍ ദ ട്വന്റി-ഫസ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകത്തില്‍ വ്യാവസായ വിപ്ലവത്തിനു ശേഷം ന്യൂനപക്ഷം വരുന്ന ധനാഢ്യ കുടുംബങ്ങളിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കപ്പെട്ടതിന്റെ ഫലമായി എങ്ങനെയാണ് അസമത്വം വര്‍ധിച്ചതെന്നാണ് പിക്കെറ്റി ചൂണ്ടിക്കാട്ടുന്നത്.

യുബിഐക്ക് സമാനമായ പദ്ധതി രണ്ട് ഹെക്റ്റര്‍ വരെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരം ആറായിരം രൂപയാണ് ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുക.

Comments

comments

Categories: FK News