ളള്ളിലെ തീപ്പൊരിയെ ജ്വലിപ്പിച്ചു നിര്‍ത്തുക

ളള്ളിലെ തീപ്പൊരിയെ ജ്വലിപ്പിച്ചു നിര്‍ത്തുക

സാമൂഹിക ബാധ്യത എന്നത് എല്ലാ കാലത്തും നയിക്കപ്പെട്ടിട്ടുള്ളത് ധിഷണാ ശാലികളായ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും കൈകളിലൂടെയാണ്. ധിഷണാശാലികള്‍ ആയ വ്യക്തികളും പ്രസ്ഥാനങ്ങളും ഇല്ലാത്ത ഒരു ലോകത്ത് മനുഷ്യന്റെ ജീവിത നിലവാരം പലപ്പോഴും ഇതര ജീവികളുടേതിന് തുല്യമാകും. പല നാടുകളും അവരുടെ ചരിത്രവും സംസ്്കാരവും നിലനിര്‍ത്തുന്നത് ഇത്തരം ആളുകളുടെയും പ്രസ്ഥാനങ്ങളുടെയും വേരുകളുമായി സ്വയം ബന്ധിപ്പിച്ചുകൊണ്ടാണ്. ജെസിഐ അഥവാ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടന സമൂഹത്തില്‍ പരിവര്‍ത്തനം സാധ്യമാക്കിയത് അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ്

ദിവസങ്ങളും മാസങ്ങളും ഓടിയാല്‍ പോലും തീരാത്ത, മണല്‍ തിട്ടകള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന മരുഭൂമികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നമുക്ക് കാണാന്‍ കഴിയും. രാത്രിക്ക് പകലും വെളിച്ചത്തിന് ഇരുട്ടും കയറ്റത്തിന് ഇറക്കവും എന്ന പോലെ ഒരിക്കല്‍ ഈ മരുഭൂമികളും വനങ്ങളാല്‍ ചുറ്റപ്പെട്ട ഭൂപ്രദേശമായിരുന്നു. പ്രകൃതിയുടെ കരവിരുതും സൂര്യ താപന വ്യത്യാസവും മൂലം മരുഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നു എന്ന് വേണമെങ്കില്‍ നമുക്ക് ചുരുക്കി വ്യാഖ്യാനിക്കാം. എന്നാല്‍ മനുഷ്യന്റെ സാംസ്‌കാരിക പൈതൃകവും ഉന്നമന ദാഹവും ഒരിക്കലും വഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയുന്ന ഒന്നല്ല. കല്ലില്‍ നിന്നും ഇന്നൊവേഷനുകള്‍ക്ക് തുടക്കം കുറിച്ച ആദിമ മനുഷ്യന്‍ ഇന്ന് വിവിധ ഗ്രഹങ്ങള്‍ സഞ്ചരിച്ച് പ്രപഞ്ചത്തെ അടുത്തറിയാന്‍ ശ്രമിക്കുന്നു. ഓരോ ദിനവും ഒരു പുതിയ അറിവുമായി നമ്മുടെ മുന്നിലേക്കെത്തുകയും ചെയ്യുന്നു.

സാമൂഹിക ജീവിയായ മനുഷ്യന്റെ ആവശ്യങ്ങളും ബാധ്യതകളും എന്നും പരസ്പരം ബന്ധപ്പെട്ടു സഞ്ചരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. മനുഷ്യന്റെ ആവശ്യങ്ങള്‍ തികച്ചും വ്യക്തിപരമാവുമ്പോള്‍, സാമൂഹിക ബാധ്യത എന്നത് എല്ലാ കാലത്തും നയിക്കപ്പെട്ടിട്ടുള്ളത് ധിഷണാ ശാലികളായ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും കൈകളിലൂടെയാണ്. ധിഷണാശാലികള്‍ ആയ വ്യക്തികളും പ്രസ്ഥാനങ്ങളും ഇല്ലാത്ത ഒരു ലോകത്ത് മനുഷ്യന്റെ ജീവിത നിലവാരം പലപ്പോഴും ഇതര ജീവികളുടേതിന് തുല്യമാകും. പല നാടുകളും അവരുടെ ചരിത്രവും സംസ്്കാരവും നിലനിര്‍ത്തുന്നത് ഇത്തരം ആളുകളുടെയും പ്രസ്ഥാനങ്ങളുടെയും വേരുകളുമായി സ്വയം ബന്ധിപ്പിച്ചുകൊണ്ടാണ്.

ഒരു നാടിന്റെ സംസ്‌കാരവും പൈതൃകവും എന്താണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നത് അവിടത്തെ യുവജനത എങ്ങനെ അവരുടെ ജീവിതത്തെ നോക്കിക്കാണുന്നു എന്നതിനെയും അവര്‍ ഇതര സമൂഹങ്ങളുമായി എങ്ങിനെ ഇടപെടുന്നു എന്നതിനെയും അടിസ്ഥാനമാക്കിയയാണ്. ലോകജനതയെ ഒരു കുടക്കീഴില്‍ നിര്‍ത്താനും നല്ല ആശയങ്ങള്‍ കൈമാറ്റം ചെയ്യാനും കഴിയുന്ന ധാരാളം പ്രസ്ഥാനങ്ങളും സംഘടനകളും നമുക്കുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു അന്തര്‍ദേശീയ സംഘടനയാണ് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അഥവാ ജെസിഐ. 124 ലോക രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചതിനൊപ്പം ഇന്ത്യയിലും വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞ അന്താരാഷ്ട്ര സംഘടയും ജെസിഐ തന്നെ. യഥാര്‍ത്ഥത്തില്‍ രൂപീകരിക്കപ്പെട്ടത് 1915 ല്‍ ആണെങ്കിലും ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ എന്ന നാമത്തില്‍ സംഘടന അറിയപ്പെടാന്‍ തുടങ്ങിയത് 1944 ല്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമാണ്. ഇന്ന് ജെസിഐ കൗണ്‍സില്‍ യൂറോപ്പ്, യുനെസ്‌കോ എന്നീ സംഘടകളുടെ പോഷക വൃന്ദത്തില്‍ നിന്നുകൊണ്ട് പല രാജ്യങ്ങളിലും ജനങ്ങളുടെ/ യുവജനതയുടെ സാമൂഹികമായ ഉന്നമനത്തിനും സാമ്പത്തിക സുരക്ഷക്കും ഉതകുമാറ് സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ജെസിഐ എന്ന പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ആശയം ഒരു രാജ്യത്തിന്റെ മുന്നേറ്റം അതാതു നാടുകളിലെ യുവജനങ്ങളുടെ വളര്‍ച്ചയിലൂടെ നേടിയെടുക്കുക എന്നതാണ്. അതിനാല്‍ 18 നും 40 നും ഇടയില്‍ പ്രായമുളള ചെറുപ്പക്കാരുടെ സംഘടന എന്ന നിലയിലാണ് പ്രവര്‍ത്തനം. തന്റെ 18 ാമത്തെ വയസ്സില്‍ ഹെന്റി ജിസെന്‍ബയര്‍ ജൂനിയര്‍ എന്ന ധിഷണാശാലിയാണ് അമേരിക്കയിലെ സെന്റ് ലൂയിസില്‍ പ്രസ്ഥാനം രൂപീകരിക്കുന്നത്. തുടക്കത്തില്‍ 34 ആളുകള്‍ മാത്രമായിരുന്നു അംഗങ്ങള്‍. യംഗ് മെന്‍സ് പ്രോഗ്രസീവ് അസോസിയേഷന്‍ (വൈഎംപിസിഎ) എന്നായിരുന്നു തുടക്കത്തില്‍ ഇത് അറിയപ്പെട്ടിരുന്നത്.

ജെസിഐ എന്ന സംഘടനയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം അത് നേതൃത്വ, പരിശീലന മേഖലകളില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വളരെ നൂതനമായ പരിശീലന പദ്ധതികളാണ്. സാമൂഹിക പരിഷ്‌കരണം എന്നതിനൊപ്പം മനുഷ്യന് സ്വയം വളര്‍ന്നു വരാനും അവസരമൊരുക്കുന്നതാണ് ഈ പരിശീലനങ്ങള്‍. തന്നെയുമല്ല, സ്ത്രീ ശാക്തികരണം എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് വനിതകളുടെ ജെസിഐ കൂട്ടായ്മയും അതുപോലെ വളര്‍ന്നു വരുന്ന കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ജൂനിയര്‍ ജെസിഐയും എല്ലാ ഏരിയകളിലും പ്രവര്‍ത്തിച്ചു വരുന്നു.

സംഘടന നല്‍കുന്ന മറ്റൊരു വലിയ സന്ദേശം, ഓരോ ഉത്തരവാദിത്വവും ജോലികളും ഒരാള്‍ക്ക് ജീവിതത്തില്‍ ഒരേ ഒരു തവണ മാത്രമേ ലഭിക്കുകയുള്ളെന്ന് ഓര്‍ത്ത് പ്രവര്‍ത്തിക്കണമെന്നതാണ്. അതിനാല്‍ ഓരോ ജെസിഐ അംഗവും തന്റെ കര്‍ത്തവ്യം ഏറ്റവും അര്‍പ്പണ ബോധത്തോടെ, ജനസമ്മതി പിടിച്ചു പറ്റുന്ന രീതിയില്‍ ഏറ്റവും സുന്ദരമായ ആശയത്തിലും പ്രവര്‍ത്തന രീതിയിലും ചെയ്തു കൊണ്ടിരിക്കണം. ജെസിഐ മുന്നോട്ടു വെക്കുന്ന പദ്ധതികള്‍ എല്ലാം അതാതു രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ശ്രദ്ധയും വലിയ അംഗീകാരവും നേടിത്തരുന്ന വന്‍ മുന്നേറ്റങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അത്തരം വലിയ മാറ്റങ്ങളും സാമൂഹികമായ ചലനങ്ങളും സംഘടനക്ക് സൃഷ്ടിക്കാന്‍ കഴിയുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള സജീവ താല്‍പ്പര്യവും ഒപ്പം ജനങ്ങള്‍ ജെസിഐ എന്ന പ്രസ്ഥാനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നതും കൊണ്ടാണ്.

ജെസിഐ ഇന്ത്യയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും മികവ് തെളിയിച്ച ഒരു സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. ഏറ്റവും പ്രഗല്‍ഭരായ മൂന്ന് ദേശീയ പ്രസിഡന്റുമാരെ ( ജെസിഐ സെന്‍. എവി വാമനകുമാര്‍ (2003), ജെസിഐ സെന്‍. സന്തോഷ് കുമാര്‍ (2010), ജെസിഐ പിപിപി രാമകുമാര്‍ മേനോന്‍ (2017) ) ഇതിനകം ജെസിഐ ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഇത് കൂടാതെ എടുത്തു പറയേണ്ട മറ്റൊരു വലിയ നേട്ടമാണ് ജെസിഐ ഇന്ത്യയിലെ സോണ്‍-21 എന്ന മേഖല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അത്ഭുതാവഹമായ പദ്ധതികളുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മേഖലയാണിത്. ഇതും നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ എന്നത് ഏറെ സന്തോഷം നല്‍കുന്നു.

ജെസിഐ ഇന്ത്യ ഏറ്റെടുത്തു നടത്തുന്ന വന്‍ ജനപ്രീതി നേടിയ ഏതാനും പരിപാടികള്‍ കൂടി പരിശോധിക്കാം. സുജല്‍, തിങ്ക് ലെപ്രസി നൗ, എംപവറിംഗ് യൂത്ത്, ജാസ്മിന്‍, ജൂനിയര്‍ ചേംബറിന് കീഴിലുള്ള സ്‌കൂളുകള്‍, ദേശീയ തല നൈപുണ്യ മത്സരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, ഗ്രീന്‍ ഇന്ത്യ, രക്തം വേണോ ജെസിഐയെ വിളിക്കൂ, ദാരിദ്ര്യ നിര്‍മാര്‍ജനം, എച്ച്‌ഐവി/എയ്ഡ്‌സിനെതിരായ യുദ്ധം, മലേറിയയും മറ്റ് രോഗങ്ങളും തടയല്‍, സമാധാന്‍, സുരക്ഷ, നതിംഗ് ബട്ട് നെറ്റ്‌സ്, സുരക്ഷിതമായ കുടിവെള്ളം, കരുത്തുറ്റ ജൂനിയര്‍ ചേംബര്‍, ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയാണ് എണ്ണം പറഞ്ഞ പദ്ധതികള്‍. ഇത് കൂടാതെ ജെസിഐ നല്‍കുന്ന പ്രത്യേക പരിശീലന പരിപാടികളാണ് ഐ-സ്മാര്‍ട്ട്, നളന്ദ (നാഷണല്‍ അക്കാദമി ഓഫ് ലീഡര്‍ഷിപ്പ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍), ഏബിള്‍ (അക്കാഡമി ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് എക്‌സലന്‍സ്) തുടങ്ങിയവ.

ഒരു ലാഭേച്ഛയും കൂടാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനവും സ്വയം സന്നദ്ധരായ പ്രവര്‍ത്തക വൃന്ദവും വളരെ നൂതനമായ ട്രെയിനിങ് സംവിധാനങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ പൂന്തോട്ടമാണ് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍. വര്‍ഷാവര്‍ഷം മേഖലാടിസ്ഥാനത്തിലും ദേശീയ തലത്തിലും നടക്കുന്ന സമ്മേളനങ്ങളിലൂടെ നമ്മുടെ സമൂഹത്തിലേക്ക് ഏറ്റവും പ്രഗത്ഭരായ പുതിയ വ്യക്തിത്വങ്ങളെ സമ്മാനിച്ചുകൊണ്ട് ജെസിഐ എന്ന പൂങ്കാവനം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ ഇടയില്‍ മറ്റാരും കൊതിക്കുമാറ് വളര്‍ന്നു വന്ന പല ആളുകളുടെയും ജീവിതത്തില്‍ ജെസിഐ എന്ന പ്രസ്ഥാനം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമാകും. ജെസിഐ നമ്മോട് പറയുന്ന ഒരേ ഒരു വാചകം, ‘കൂടുതല്‍ മെച്ചപ്പെട്ടിരിക്കുക, നിങ്ങളുടെ ഉള്ളിലെ തീപ്പൊരിയെ ആളിക്കത്തിക്കുക’ എന്നതാണ്.

Comments

comments

Categories: FK Special, Slider

Related Articles