പശ്ചിമ ബംഗാളില്‍ ആര്‍ഐഎല്‍ 10,000 കോടി രൂപ കൂടി നിക്ഷേപിക്കും

പശ്ചിമ ബംഗാളില്‍ ആര്‍ഐഎല്‍ 10,000 കോടി രൂപ കൂടി നിക്ഷേപിക്കും

റിലയന്‍സ് ജിയോയോടൊപ്പം നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാന്‍ ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് പശ്ചിമ ബംഗാള്‍ സജ്ജമാകണമെന്ന് മുകേഷ് അംബാനി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അഞ്ചാമത് ബംഗാള്‍ ആഗോള ബിസിനസ് ഉച്ചകോടി (ബിജിബിഎസ്) യില്‍ സംസാരിക്കുമ്പോഴാണ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്.

റിലയന്‍സ് ജിയോയോടൊപ്പം നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാന്‍ ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് പശ്ചിമ ബംഗാള്‍ സജ്ജമാകണമെന്ന് മുകേഷ് അംബാനി പറഞ്ഞു. സംസ്ഥാനത്തെ ഡിജിറ്റല്‍ രംഗത്ത് പ്രഖ്യാപിച്ചിട്ടുള്ള മൊത്തം നിക്ഷേപത്തില്‍ പത്തിലൊരു ഭാഗം നിക്ഷേപം റിലയന്‍സ് ജിയോ ഇതിനകം നടത്തികഴിഞ്ഞെന്നും അംബാനി അറിയിച്ചു.

28,000 കോടി രൂപയുടെ നിക്ഷേപമാണ് ജിയോ പശ്ചിമ ബംഗാളില്‍ നടത്താനുദ്ദേശിക്കുന്നത്. ഇതിന്റെ പത്തിലൊന്ന് നിക്ഷേപമാണ് ഡിജിറ്റല്‍ രംഗത്ത് കമ്പനി ഇതുവരെ നടത്തിയത്. ഇതുകൂടാതെ 10,000 കോടി രൂപയുടെ നിക്ഷേപം കൂടി സംസ്ഥാനത്ത് നടത്താനാണ് അടുത്ത പദ്ധതിയെന്നും ഇതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അംബാനി പറഞ്ഞു.

ജിയോയില്‍ നിന്നുള്ള 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം അടക്കം ഏകദേശം 43,050 കോടി രൂപയുടെ നിക്ഷേപമാണ് ഉച്ചകോടിയുടെ ആദ്യ ദിനം പശ്ചിമ ബംഗാളിന് ആകര്‍ഷിക്കാനായത്. ഷെയ്ല്‍ ഗ്യാസ് വിപുലീകരണത്തിനായി 15,000 കോടി രൂപയുടെ നിക്ഷേപം ഗ്രേറ്റ് ഈസ്റ്റേണ്‍ എനര്‍ജി കോര്‍പ്പറേഷനും (ജിഇഇസിഎല്‍) പ്രഖ്യാപിച്ചിട്ടുണ്ട്. സജന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ് 7,500 കോടി രൂപയുടെ നിക്ഷേപം നടത്തും. സംസ്ഥാനത്ത് 1000-മെഗാവാട്ട് പമ്പ് സ്റ്റോറേജ് പദ്ധതി വികസിപ്പിക്കുന്നതിനാണിത്.

ഗ്യാസ് പൈപ്പ്‌ലൈനിനായി 2,000 കോടി രൂപയുടെ നിക്ഷേപമാണ് എച്ച് എനര്‍ജി സംസ്ഥാനത്ത് വാഗ്ദാനം ചെയ്തത്. പേഴ്‌സണല്‍ കെയര്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 1,700 കോടി രൂപയുടെ നിക്ഷേപം ഐടിസി നടത്തും. വടക്കന്‍ ബംഗാളില്‍ മറ്റൊരു യൂണിറ്റ് ആരംഭിക്കുന്നതിന് 500 കോടി രൂപ നിക്ഷേപം നടത്തുമെന്ന് കൊക്കകോളയും കുല്‍പി പോര്‍ട്ടിലെ പദ്ധതിക്കായി 3,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഡിപി വേള്‍ഡും സിലിഗുരിയില്‍ ഹെല്‍ത്ത് സിറ്റി വികസിപ്പിക്കുന്നതിന് 350 കോടി രൂപ നിക്ഷേപിക്കുമെന്ന് മക്കയ്ബാരി ടീ ഗാര്‍ഡന്‍ ഡയറക്റ്റര്‍ രുദ്ര ചാറ്റര്‍ജിയും പ്രഖ്യാപിച്ചിട്ടുണ്ട്.

നിക്ഷേപത്തിനുള്ള പുതിയ കേന്ദ്രമാണ് പശ്ചിമ ബംഗാളെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ വ്യവസായ നേതൃത്വങ്ങളും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ ഭാവി മാറ്റിമറിക്കാനുള്ള ശേഷി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 9.1 ശതമാനമാണെന്ന് ബാനര്‍ജി പറഞ്ഞു. ദേശീയ ജിഡിപി വളര്‍ച്ചയേക്കാള്‍ അധികമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy
Tags: investment, RIL