പുതിയ ഇ-ടെയ്ല്‍ നയത്തെ പിന്തുണച്ച് പതഞ്ജലി

പുതിയ ഇ-ടെയ്ല്‍ നയത്തെ പിന്തുണച്ച് പതഞ്ജലി

പുതിയ നയം റീട്ടെയ്ല്‍ കമ്പനികള്‍ക്കിടിയില്‍ ന്യായവും ആരോഗ്യകരവുമായ മത്സരം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുകയും തുല്യ അവസരം സൃഷ്ടിക്കുകയും ചെയ്യും

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭേദഗതികളെ പിന്തുണച്ച് യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി. ഇ-കൊമേഴ്‌സ് മേഖലയിലെ എഫ്ഡിഐ വ്യവസ്ഥകളില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാ റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും വിജയത്തിലേക്ക് മുന്നേറുന്നതിന് നൈതികവും തുല്യവുമായ അവസരം സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും കമ്പനികള്‍ക്കിടിയില്‍ ന്യായവും ആരോഗ്യകരവുമായ മത്സരം പ്രോത്സാഹിപ്പിക്കുമെന്നും പതഞ്ജലി ആയുര്‍വേദ് വക്താവ് എസ്‌കെ ടിജരവാല പറഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് പതഞ്ജലി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികളായ ഫഌപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം മാള്‍ എന്നിവയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടത്. സംഘടിത വ്യാപാരം എന്ന നിലയ്ക്ക് എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും തുല്യമായ അവസരം ഒരുക്കുന്ന ഒരു വ്യവസ്ഥ ആവശ്യമുണ്ടെന്നാണ് തങ്ങളുടെ നിരീക്ഷണമെന്നും റീട്ടെയ്ല്‍ മേഖല ഇന്ത്യയില്‍ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെുന്നും ടിജരവാല വ്യക്തമാക്കി.

ഓണ്‍ലൈന്‍ വഴിയുള്ള ഷോപ്പിംഗിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതും ഇത്തരം ഷോപ്പിംഗുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതുമായ യുവാക്കളിലേക്ക് അടക്കം കൂടുതല്‍ ആളുകളിലേക്ക് പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് ഇ-കൊമേഴ്‌സ് കമ്പനികളുമായി സഹകരിക്കുന്ന സമയത്ത് ബാബ രാംദേവ് പറഞ്ഞിരുന്നു. ഇന്ത്യന്‍ എഫ്എംസിജി രംഗത്ത് അതിവേഗത്തിലുള്ള വിപ്ലവാത്മകമായ മുന്നേറ്റമാണ് പതഞ്ജലി നടത്തുന്നത്.

വിപണിയിലെ പ്രമുഖ എഫ്എംസിജി കമ്പനികളായ എച്ച്‌യുഎല്‍, കോള്‍ഗേറ്റ്-പാമോലീവ് എന്നിവ ഹെര്‍ബല്‍ ആയുര്‍വേദിക് ഉല്‍പ്പന്നങ്ങളിലേക്ക് കടക്കാന്‍ സമ്മര്‍ദം ചെലുത്തിയത് പതഞ്ജലിയുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ്. കെയര്‍ റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗത്തില്‍ 8,148 കോടി രൂപയുടെ വരുമാനമാണ് പതഞ്ജലി രേഖപ്പെടുത്തിയിട്ടുള്ളത്.

പതഞ്ജലിയുടെ മൊത്തം വിറ്റുവരവില്‍ 12-15 ശതമാനം പങ്കുവഹിക്കുന്നത് ഓണ്‍ലൈന്‍ വില്‍പ്പനയാണ്. ആമസോണ്‍, ഫഌപ്കാര്‍ട്ട്, പേടിഎം മാള്‍ എന്നിവയ്ക്ക് പുറമെ ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, നെറ്റ്‌മെഡ്‌സ്, 1എംജി, ഷോപ്പ്ക്ലൂസ് എന്നിവയുമായും കമ്പനി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. 2030ഓടെ മൊത്തം എഫ്എംസിജി വില്‍പ്പനയില്‍ ഇ-കൊമേഴ്‌സിന്റെ പങ്ക് നിലവിലുള്ള 1.3 ശതമാനത്തില്‍ നിന്നും 11 ശതമാനമായി ഉയരുമെന്നാണ് വിപണി ഗവേഷണ സംരംഭമായ നീല്‍സണ്‍ പ്രതീക്ഷിക്കുന്നത്. അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് മടങ്ങ് വളര്‍ച്ച എഫ്എംസിജി മേഖലയില്‍ നിന്നുള്ള ഇ-കൊമേഴ്‌സ് വില്‍പ്പനയില്‍ ഉണ്ടാകുമെന്നാണ് നീല്‍സണ്‍ പറയുന്നത്.

Categories: Business & Economy