എണ്ണവിലയില്‍ നേരിയ ഇടിവ്, ഒപെക് ഇടപെടലില്‍ തിരിച്ചുകയറി

എണ്ണവിലയില്‍ നേരിയ ഇടിവ്, ഒപെക് ഇടപെടലില്‍ തിരിച്ചുകയറി

അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ വ്യാപാരത്തര്‍ക്കങ്ങളാണ് ആഗോള സമ്പദ് വ്യവസ്ഥയ്ക്കും എണ്ണവിപണിക്കും തിരിച്ചടിയാകുന്നത്

സിംഗപ്പൂര്‍ ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ എണ്ണവിലയില്‍ നേരിയ ഇടിവുണ്ടാക്കി. പക്ഷേ ഒപെക് എണ്ണ വിതരണം കുറച്ചതും അമേരിക്ക വെനസ്വലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും എണ്ണവിപണിക്ക് കരുത്തേകി.

അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസ് ഇന്റെര്‍മീഡിയേറ്റിന്റെ ക്രൂഡ് ഫ്യൂച്ചേഴ്‌സില്‍ എണ്ണവില ബാരലിന് 52.27 ഡോളറാണ്. അവസാന ഇടപാടില്‍ നിന്നും 47 സെന്റിന്റെ(0.9 ശതമാനം) കുറവാണ് ഇവിടെ എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. ഇന്റെര്‍നാഷ്ണല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്‌സില്‍ എണ്ണവില ബാരലൊന്നിന് 48 സെന്റ് കുറഞ്ഞ്(0.8 ശതമാനം) 61.15 ഡോളറിലെത്തി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ പരിഹരിക്കപ്പെടാതെ തുടരുന്ന വ്യാപാരത്തര്‍ക്കങ്ങളാണ് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയേകി കൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യം സംബന്ധിച്ച ഈ ആശങ്ക എണ്ണയടക്കമുള്ള മറ്റ് സാമ്പത്തിക വിപണികളിലും പ്രകടമാണ്.

അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ വ്യാപാരത്തര്‍ക്കങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തുന്നതിന് ഇരുരാജ്യങ്ങളും നേരത്തെ നിശ്ചയിച്ചിരുന്ന അവസാന അവധിയായ മാര്‍ച്ച് 1ന് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ കാണാന്‍ ആലോചിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ അഭിപ്രായഭിന്നതകള്‍ പരിഹരിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാമ്പത്തികമാന്ദ്യ ഭീതിയെ തുടര്‍ന്ന് എണ്ണവില ഈ ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത് വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം എണ്ണവിതരണം കുറച്ചുകൊണ്ട് വിലത്തകര്‍ച്ചയെ നേരിടാനുള്ള ശ്രമമാണ് എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഒപെകിലെ ഏറ്റവും വലിയ എണ്ണവിതരണക്കാരായ സൗദി അറേബ്യ ജനുവരി മുതല്‍ എണ്ണവിതരണത്തില്‍ 40,000 ബാരലുകളുടെ കുറവ് വരുത്തിയിരുന്നു. നിലവില്‍ 10.24 മില്യണ്‍ ബിപിഡി എന്ന കണക്കിലാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്.

ജനുവരി അവസാനം മുതല്‍ ഒപെക് അംഗമായ വെനസ്വലയുടെ എണ്ണ വ്യവസായങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതും എണ്ണവിതരണത്തില്‍ തിരിച്ചടിയാകും. അതേസമയം നിശ്ചിതകാലത്തേക്ക് വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കന്‍ ഉപരോധം അന്താരാഷ്ട്ര എണ്ണവിപണികളില്‍ വലിയ സ്വാധീനമുണ്ടാക്കിയേക്കില്ല.

Comments

comments

Categories: Current Affairs
Tags: Oil price, OPEC