അന്താരാഷ്ട്ര ഐപി സൂചികയില്‍ ഇന്ത്യക്ക് മുന്നേറ്റം

അന്താരാഷ്ട്ര ഐപി സൂചികയില്‍ ഇന്ത്യക്ക് മുന്നേറ്റം

എട്ട് സ്ഥാനം മുന്നേറി 36-ാം സ്ഥാനത്താണ് ബൗദ്ധിക സ്വത്തവകാശ സൂചികയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ (ഐപി) സൂചികയില്‍ ഇന്ത്യക്ക് മുന്നേറ്റം. 50 ആഗോള സമ്പദ് വ്യവസ്ഥകളിലെ ബൗദ്ധിക സ്വത്ത് സാഹചര്യം വിലയിരുത്തുന്ന സൂചികയില്‍ എട്ട് സ്ഥാനം മുന്നേറി 36-ാം സ്ഥാനത്താണ് രാജ്യം നിലയുറപ്പിച്ചിട്ടുള്ളത്. മറ്റ് രാങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ 44ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

യുഎസ് ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഗ്ലോബല്‍ ഇന്നൊവേഷന്‍ പോളിസി സെന്റര്‍ (ഡിഐപിസി) ആണ് സൂചിക തയാറാക്കിയിട്ടുള്ളത്. ഏഴാം പതിപ്പാണ് ഈ വര്‍ഷം പുറത്തിറക്കിയിരിക്കുന്നത്. ഇന്നൊവേഷന്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന 45 നിര്‍ണായക ഘടകങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സൂചികയില്‍ സമ്പദ്‌വ്യവസ്ഥകളെ റാങ്ക് ചെയ്തിട്ടുള്ളത്. യുഎസ്, യുകെ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയാണ് സൂചികയിലെ ആദ്യ അഞ്ച് രാജ്യങ്ങള്‍.

ആഭ്യന്തര സംരംഭകരെയും വിദേശ നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് നൂതന പാരിസ്ഥിതി വികസിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളുടെ ഫലമാണ് ബൗദ്ധിക സ്വത്തവകാശ സൂചികയില്‍ ഇന്ത്യക്കുണ്ടായ നേട്ടമെന്ന് ഗ്ലോബല്‍ ഇന്നൊവേഷന്‍ പോളിസി സെന്റര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പകര്‍പ്പവകാശ പരിരക്ഷയിലെ അന്താരാഷ്ട നിലവാരവും ബൗദ്ധിക സ്വത്തവകാശ പ്രോത്സാഹനവും സൂചികയില്‍ ഇന്ത്യയുടെ മുന്നേറ്റത്തെ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ സൂചികയില്‍ ഇന്ത്യയുടെ മൊത്തം സ്‌കോറിലും കാര്യമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. 30.07 ശതമാനത്തില്‍ നിന്നും 36.04 ശതമാനമായാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ന്നിട്ടുള്ളത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് മറ്റേത് രാജ്യത്തേക്കാളും ഉയര്‍ന്ന നേട്ടം സൂചികയില്‍ ഇന്ത്യ രേഖപ്പെടുത്തുന്നതെന്നും ജിഐപിസി സീനിയര്‍ വൈസ് പ്രസിഡന്റ് പാട്രിക് കില്‍ബ്രൈഡ് പറഞ്ഞു.

സ്ഥാനക്കയറ്റം നേട്ടം തന്നെയാണെങ്കിലും ലൈസന്‍സിംഗ്, സാങ്കേതിക കൈമാറ്റം എന്നിവയിലെ തടസങ്ങളും കര്‍ശന രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങളും പരിമിതമായ ബയോഫാര്‍മസ്യൂട്ടിക്കല്‍ ഐപി അവകാശ സംരക്ഷണ ചട്ടങ്ങളും അന്താരാഷ്ട്ര നിലവാരത്തിന് പുറത്തുള്ള പാറ്റന്റ് നിയമങ്ങളും ദീര്‍ഘമായ പ്രീ-ഗ്രാന്റ് ഓപ്പോസിഷന്‍ നടപടികളും പ്രധാന വെല്ലുവിളികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News