പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ സമ്പദ് വ്യവസ്ഥക്ക് കഴിയുമെന്ന് വിദഗ്ധര്‍

പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ സമ്പദ് വ്യവസ്ഥക്ക് കഴിയുമെന്ന് വിദഗ്ധര്‍

ആര്‍ബിഐ പലിശ നിരക്ക് കുറച്ചത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകും; ബാങ്കുകള്‍ പലിശ നിരക്ക് കുറക്കുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: രാജ്യത്ത് പണപ്പെരുപ്പം കഴിഞ്ഞ മാസം നേരിയ തോതില്‍ വര്‍ധിച്ചുവെങ്കിലും റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നതിന് താഴെയാണ് ഇപ്പോഴും നിരക്കെന്ന് റോയിട്ടേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. പലിശ നിരക്ക് കുറക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിന് മുന്‍പ് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് റോയ്‌ട്ടേഴ്്‌സ് പുറത്തു വിട്ടത്. റിസര്‍വ് ബാങ്ക് കൈക്കൊണ്ട തീരുമാനങ്ങള്‍ ശരിവെക്കുന്ന അഭിപ്രായ പ്രകടനങ്ങളും നിര്‍ദേശങ്ങളുമാണ് സര്‍വേയില്‍ പങ്കെടുത്ത 30 സാമ്പത്തിക വിദഗ്ധര്‍ നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരാനും പണപ്പെരുപ്പം അപകടകരമല്ലാത്ത നിലയില്‍ നിലനിര്‍ത്തുന്നതിനും സഹായിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് റിപ്പോ നിരക്ക് 6.5 ല്‍ നിന്നും 6.25 ലേക്ക് റിസര്‍വ് ബാങ്ക് കുറച്ചത്. ധനനയ കാഴ്ചപ്പാട് കാലിബറേറ്റഡ് ടൈറ്റനിംഗില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റാനും ബാങ്കിന്റെ ധനാവലോകന യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. ഇത്തരത്തിലൊരു മാറ്റമുണ്ടാകുമെന്ന് ആര്‍ബിഐയുടെ നിരക്കിളവ് പ്രഖ്യാപനത്തിനു മുമ്പ് സംഘടിപ്പിക്കപ്പെട്ട സര്‍വേയില്‍ പങ്കെടുത്ത 30 സാമ്പത്തിക വിദഗ്ധരില്‍ മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. വിപണിയിലെ വിലക്കയറ്റം ഒരു വര്‍ഷം മുന്‍പുള്ള 2.48 ശതമാനത്തില്‍ നിന്ന് 2.19 ശതമാനമായി വര്‍ധിക്കുമെന്ന് സര്‍വേയില്‍ പ്രവചനമുണ്ടായിരുന്നു. 2017 ജൂണ്‍ മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ഡിസംബറില്‍ പണപ്പെരുപ്പം.

ഭക്ഷ്യ-ഇന്ധന വിപണികളില്‍ വിലക്കയറ്റം കുറയുന്നത് മന്ദഗതിയിലാകാനാണ് സാധ്യതയെന്ന് അഭിപ്രായപ്പെട്ട മിസുഹോ ബാങ്കിന്റെ ഇക്കണോമിക്, സ്ട്രാറ്റജി വിഭാഗം തലവന്‍ വിഷ്ണു വരദന്‍ ഈ വര്‍ഷം മധ്യത്തോടെ വിലക്കയറ്റം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും 3-4 ശതമാനത്തിനിടെ സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തി. ഭക്ഷ്യ-പാനീയങ്ങളുടെ വിലയിലെ വര്‍ധനയാണ് വിപണിയിലെ മൊത്തത്തിലുള്ള വിലക്കയറ്റത്തിന്റെ പകുതിയും സംഭാവന ചെയ്യുന്നതെന്നും കഴിഞ്ഞ നാലു മാസങ്ങളില്‍ ഭക്ഷ്യ-പാനീയങ്ങളുടെ വിലനിലവാരം കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പമുണ്ടായാല്‍ തന്നെ ആ മാറ്റം അപകടകരമല്ലാത്ത രീതിയിലായിരിക്കില്ലെന്നും ആവശ്യകത വര്‍ധിക്കുന്നതു മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകില്ലെന്നും ഐബിഎമ്മിലെ സാമ്പത്തിക വിദഗ്ധനായ ശശാങ്ക് മെന്‍ദിരാട്ട പറഞ്ഞു. എന്നാല്‍ പണപ്പെരുപ്പത്തിന്റെ അടിസ്ഥാന നിരക്കും (ഏകദേശം ആറു ശതമാനം) വാര്‍ത്തകളില്‍ പ്രതിപാദിക്കുന്ന സംഖ്യയും തമ്മില്‍ ഇപ്പോഴും വലിയ വൈരുദ്ധ്യമാണുള്ളതെന്നും ഇത് ആര്‍ബിഐയുടെ ധനനയം നടപ്പിലാക്കുന്നതിന് വലിയ പ്രതിബന്ധം സൃഷ്ടിക്കുമെന്നും ഐഎന്‍ജി സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രകാശ് സക്പാല്‍ പറയുന്നു.

പലിശ താഴ്ത്താന്‍ ബാങ്കുകള്‍ ആവേശം കാട്ടിയേക്കില്ല

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ഭവന-വാഹന വായ്പാര്‍ത്ഥികള്‍ക്കും മറ്റും ആശ്വാസം പകരാനുള്ള ആര്‍ബിഐയുടെ തീരുമാനം താഴെ തട്ടില്‍ അതേ ആവേശത്തോടെ ബാങ്കുകള്‍ ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നാല് പ്രമുഖ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് റോയ്‌റ്റേഴ്‌സിന് സൂചന നല്കിയത്. 5-10 ബേസിസ് പോയന്റിന്റെ ഇളവ് മാത്രമാവും ബാങ്കുകള്‍ വരുത്തിയേക്കുക. അങ്ങനെയെങ്കില്‍ വിവിധ വായ്പകള്‍ക്ക് ലഭിക്കുന്ന പലിശയിളവ് നാമമാത്രമായി ചുരുങ്ങും. കിട്ടാക്കടം ഉയര്‍ന്നു നില്‍ക്കുന്നതും നിക്ഷേപങ്ങളുടെ ചെലവ് വര്‍ധിച്ചതുമാണ് ബാങ്കുകളെ പിന്നോട്ടു വലിക്കുന്നത്. പലിശ നിരക്ക് കുറയുന്നതിലൂടെ താഴെ തട്ടില്‍ വായ്പകള്‍ സജീവമാക്കാമെന്നും തൊഴില്‍ ലഭ്യതയും ക്രയവിക്രയവും ഉയര്‍ത്തി വളര്‍ച്ചക്ക് കരുത്ത് പകരാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

Comments

comments

Categories: FK News, Slider