ഹോണ്ട സിബി300ആര്‍ ഇന്ത്യന്‍ പ്രയാണമാരംഭിച്ചു

ഹോണ്ട സിബി300ആര്‍ ഇന്ത്യന്‍ പ്രയാണമാരംഭിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 2.41 ലക്ഷം രൂ

ന്യൂഡെല്‍ഹി : ഹോണ്ടയുടെ ബ്രാന്‍ഡ് ന്യൂ മോട്ടോര്‍സൈക്കിളായ സിബി300ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.41 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റുകള്‍ ഉപയോഗിച്ച് ഇന്ത്യയിലാണ് ബൈക്ക് അസംബിള്‍ ചെയ്തത്. രാജ്യത്തെ 22 ഹോണ്ട വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ സ്‌പോര്‍ട് നേകഡ് ബൈക്ക് ലഭിക്കും. മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു ജി310ആര്‍ എന്നിവ കൂടാതെ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിനെയും ഹോണ്ട സിബി300ആര്‍ വെല്ലുവിളിക്കും.

ഹോണ്ടയുടെ ‘നിയോ സ്‌പോര്‍ട്‌സ് കഫേ’ സ്റ്റൈലിംഗ് സ്വീകരിച്ചാണ് സിബി300ആര്‍ വരുന്നത്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ് & ടെയ്ല്‍ലാംപ്, ഫുള്‍ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ നിയോ-റെട്രോ ഡിസൈന്‍ ലഭിച്ച മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. ക്ലാസിക് കഫേ റേസര്‍ ഡിസൈനില്‍ പിറന്ന ആധുനിക മോട്ടോര്‍സൈക്കിളാണ് ഹോണ്ട സിബി300ആര്‍ എന്ന് പറയാം. തായ്‌ലാന്‍ഡ്, യൂറോപ്പ്, യുഎസ് തുടങ്ങിയ വിപണികളില്‍ ഹോണ്ട സിബി300ആര്‍ ഇതിനകം വിറ്റുവരുന്നുണ്ട്.

286 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്‌സി എന്‍ജിനാണ് ഹോണ്ട സിബി300ആര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 30 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 27.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് വഴിയാണ് പിന്‍ ചക്രത്തിലേക്ക് കരുത്ത് എത്തിക്കുന്നത്. 143 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് വെയ്റ്റ്. ഇന്ധന ടാങ്കിന്റെ ശേഷി പത്ത് ലിറ്റര്‍. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ 300 കിലോമീറ്ററിലധികം സഞ്ചരിക്കാമെന്ന് ഹോണ്ട അവകാശപ്പെട്ടു.

റേഡിയല്‍ മൗണ്ടഡ് 4 പോയന്റ് ബ്രേക്ക് കാലിപറുകള്‍ സഹിതം 296 എംഎം ഡിസ്‌ക് ബ്രേക്കുകളാണ് മുന്‍ ചക്രത്തില്‍ നല്‍കിയിരിക്കുന്നത്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) സ്റ്റാന്‍ഡേഡായി ലഭിച്ചു. വന്‍കിട സ്‌പോര്‍ട്‌ബൈക്കുകളില്‍ കാണുന്നതുപോലെ ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു) നല്‍കി. മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ 7 സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും.

Comments

comments

Categories: Auto