വിദേശ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ചപ്പാത്തിക്കട തുടങ്ങിയ മിടുക്കി

വിദേശ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ചപ്പാത്തിക്കട തുടങ്ങിയ മിടുക്കി

പഠിച്ചത് ബിടെക്ക് ആണ് അതുകൊണ്ട് ആ മേഖലയില്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ എന്ന് ആരാണ് പറഞ്ഞത്? ചോദിക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായ ഹിമാസ് ചപ്പാത്തി കാസ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഹിമ മണികണ്ഠനാണ്. നാട്ടില്‍ നിന്ന് ബിടെക്ക് ഇലക്ട്രിക്കല്‍ ബിരുദവും ആസ്ത്രേലിയയില്‍ നിന്നും എംബിഎയും കഴിഞ്ഞ ഹിമ, ഇപ്പോള്‍ ഭക്ഷ്യരംഗത്തെ സജീവ സാന്നിധ്യമാണ്. രുചിയുള്ള ഭക്ഷണം എന്നതുപോലെ തന്നെ ആരോഗ്യകരമായ ഭക്ഷണം എന്ന ആശയം പങ്കു വച്ചുകൊണ്ട് ഹിമ തുടക്കം കുറിച്ച ചപ്പാത്തി കാസ എന്ന സ്ഥാപനം ഹിമയുടെ ജീവിതത്തോടുള്ള സമീപനം പോലെ തന്നെ തീര്‍ത്തും വ്യത്യസ്തമാണ്

ചപ്പാത്തി, ചോറ് കഴിഞ്ഞാല്‍ പിന്നെ മലയാളികളുടെ ഭക്ഷണ മെനുവില്‍ പ്രധാനിയായ വിഭവം. പ്രഭാതഭക്ഷണമായും അത്താഴമയുമെല്ലാം മലയാളികള്‍ അംഗീകരിച്ച ചപ്പാത്തിക്ക് വ്യത്യസ്തമായ ഒരു മാനം നല്‍കിയിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ഹിമാസ് ചപ്പാത്തി കാസ എന്ന സ്ഥാപനത്തിലൂടെ സ്ഥാപകയായ ഹിമ മണികണ്ഠന്‍. പ്രതി ദിനം സംസ്ഥാനത്ത് ഏഴ് ലക്ഷത്തിന് മുകളില്‍ ചപ്പാത്തികള്‍ വിവിധ ഔട്ട് ലെറ്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമായി വിറ്റുപോകുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ പാചകം ചെയ്ത ചപ്പാത്തിയും പാചകം ചെയ്യാത്ത ചപ്പാത്തിയും ഉള്‍പ്പെടും.എന്നാല്‍ ഇത്തരത്തില്‍ ലഭ്യമാകുന്ന ചപ്പാത്തി പൂര്‍ണമായും ഗോതമ്പ് കൊണ്ട് നിര്‍മിച്ചതാണോ? സ്ഥിരം ചപ്പാത്തി കഴിക്കുന്നവര്‍ക്ക് പോലും ഇക്കാര്യത്തില്‍ ഒരുറപ്പ് നല്‍കാനാവില്ല. കാരണം മൈദാ, ചോളപ്പൊടി തുടങ്ങിയവ ചേര്‍ത്ത ചപ്പാത്തികള്‍ നമ്മുടെ വിപണിയില്‍ സുലഭമാണ്. ഈ അവസ്ഥക്ക് ഒരു പരിഹാരം എന്ന നിലക്കാണ് തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കോളിയൂര്‍ ആസ്ഥാനമായി ചപ്പാത്തി കാസയുടെ ആദ്യ ഔട്ട് ലെറ്റ് തുറക്കുന്നത്.

ഹിമാസ് ചപ്പാത്തി കാസ എന്ന ഈ സ്ഥാപനം വളരെ പെട്ടന്നാണ് തിരുവനന്തപുരം കാരുടെ മനസ്സും വയറും കീഴടക്കിയത്. ചപ്പാത്തി കാസയുടെ വിജയത്തെക്കുറിച്ചറിയണമെങ്കില്‍ ആദ്യം സ്ഥാപകയായ ഹിമ മണികണ്ഠനെ പറ്റിയറിയണം. പഠനം, ജോലി, വിവാഹം , കുടുംബം എന്ന രീതിയില്‍ പെണ്‍കുട്ടികള്‍ക്കായി നമ്മുടെ സമൂഹം കല്‍പ്പിച്ചു നല്‍കിയ വ്യവസ്ഥാപിത ജീവിത രീതിയോട് മുഖം തിരിച്ച്,പഠിച്ച വിഷത്തില്‍ തന്നെ ജോലി നേടണമെന്ന അലിഖിത തത്വങ്ങളോട് പടവെട്ടി ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം കയ്യെത്തിപ്പിടിച്ച വ്യക്തിയാണ് ഹിമ മണികണ്ഠന്‍. 2011 ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിടെക്ക് ബിരുദം നേടി പുറത്തിറങ്ങിയ ഹിമ കരിയറിന്റെ തുടക്കം എന്ന നിലയില്‍ ദി ഇംഗ്ലീഷ് ഇന്ത്യ ക്ലേ എന്ന സ്ഥാപനത്തിന്റെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ഏതാനും മാസങ്ങള്‍ പിന്നിട്ടതോടെ അത് തനിക്ക് പറ്റിയ ജോലിയല്ല എന്ന തിരിച്ചറിവ് ഹിമക്കുണ്ടായി. തുടര്‍ന്ന് ഉപരിപഠനം ലക്ഷ്യമിട്ട് ജോലി രാജി വച്ചു. എന്നാല്‍ വിചാരിച്ചപോലെ നാട്ടില്‍ എംബിഎ പഠനം ആരംഭിക്കാനായില്ല. തുടര്‍ന്ന് വിവാഹിതയായ ഹിമയോട് വിദേശത്തേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവ് പ്രവീണ്‍ ആണ്.

അത് വരെ കോളിയൂര്‍ എന്ന ചെറു ഗ്രാമത്തെ ചുറ്റിപ്പറ്റി മാത്രം ചിന്തിച്ചിരുന്ന ഹിമക്ക് ആസ്ത്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ ഒറ്റക്ക് മാനേജ് ചെയ്യേണ്ടതായി വന്നു. ഒരാള്‍ക്ക് ഒറ്റക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതൊക്കെ എന്ന തോന്നലുണ്ടായത് അപ്പോഴാണ്.ആസ്ത്രേലിയയിലെത്തിയ ഹിമ അവിടെ എംബിഎക്ക് ചേര്‍ന്ന്. തുടര്‍ന്ന് ജോലി ലഭിച്ച ഹിമ അഞ്ചു വര്‍ഷക്കാലം ആത്രേലിയയില്‍ത്തന്നെ ചെലവഴിച്ചു. പഠനകാലയളവില്‍ ചില റെസ്റ്റോറന്റുകളില്‍ പാര്‍ട്ടി ടൈം ജോലി ചെയ്താണ് ഹിമ പഠനച്ചെലവുകള്‍ കണ്ടെത്തിയിരുന്നത്. ആസ്ത്രേലിയയില്‍ കഴിഞ്ഞിരുന്ന കാലമത്രയും ഹിമ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നത് നാട്ടിലെ രുചിയുള്ള ഭക്ഷണം കഴിക്കാനായിരുന്നു. പാചകത്തില്‍ മിടുക്കിയായ ഹിമയുടെ അമ്മയുടെ രസക്കൂട്ടുകള്‍ ഹിമക്കും വശമായിരുന്നു.പാചകത്തില്‍ ഹിമക്കും ഏറെ താല്പര്യമുണ്ടായിരുന്നു. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം? ആസ്ത്രേലിയയില്‍ അതിനുള്ള അവസരമെവിടെ ?

സംരംഭകത്വം മനസ്സിലേക്ക് കുടിയേറുന്നു

എംബിഎ പഠനം പൂര്‍ത്തിയായതോടെ സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്ന ചിന്ത ഹിമയുടെ മനസ്സില്‍ അടിയുറച്ചു. എന്നാല്‍ വ്യത്യസ്തമായി എന്താണ് ആരംഭിക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ കുറച്ചു വൈകി. അങ്ങനെയിരിക്കെയാണ് കേരളത്തില്‍ ഭക്ഷ്യ രംഗത്ത് നടക്കുന്ന മായം ചേര്‍ക്കലിനെയും അതുകൊണ്ടുണ്ടാകുന്ന വിപത്തുകളെയും പറ്റിയെല്ലാം ഹിമ കേള്‍ക്കുന്നത്. സ്വാദ് മാത്രം നോക്കി ഭക്ഷണം തേടിപ്പോകുന്നവരാണ് ഇത്തരം മായം ചേര്‍ക്കലിന്റെ ഇരകളെന്ന് മനസിലാക്കിയ ഹിമ സ്വാദിനൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷ്യ സംസ്‌കാരം മലയാളികളെ പഠിപ്പിക്കുന്ന രീതിയിലുള്ള ഒരു സ്ഥാപനം വിഭാവനം ചെയ്തു. അങ്ങനെയാണ് ചപ്പാത്തി കാസ എന്ന സ്ഥാപനത്തിന്റെ അടിസ്ഥാന ആശയം ജനിക്കുന്നത്.സ്ഥിരമായി ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ അതില്‍ ചേര്‍ക്കുന്ന മായത്തേയും കറികളില്‍ ചേര്‍ക്കപ്പെടുന്ന പ്രിസര്‍വേറ്റിവുകളെയും കുറിച്ച് ബോധവാന്മാരല്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കാന്‍ ഉപഭോക്താക്കളെ നിര്ബന്ധിക്കാതെ ആരോഗ്യകരമായ ചപ്പാത്തിയിലൂടെ എന്ത് കൊണ്ട് അവരുടെ ആരോഗ്യവും ധനവും സംരക്ഷിച്ചുകൂടാ എന്ന ചിന്തയില്‍ നിന്നുമാണ് ചപ്പാത്തി കാസ പ്രാവര്‍ത്തികമാക്കുന്നത്.

കളര്‍ഫുള്‍ ചപ്പാത്തികളും കളിമണ്ണില്‍ ചുട്ട കോഴിയും

ഉയര്‍ന്ന ഗുണമേന്മയുള്ള ചപ്പാത്തികളുമായി കോളിയൂരില്‍ തുടങ്ങിയ ആദ്യ യൂണിറ്റില്‍ ചപ്പാത്തികള്‍ മാത്രമാണ് വിറ്റിരുന്നത്. കടയില്‍ നിന്നും വാങ്ങുന്ന ആട്ടപ്പൊടിക്ക് പകരം ഗുണമേന്മയുള്ള ഗോതമ്പ് വാങ്ങി കുതിര്‍ത്ത് പൊടിച്ചെടുത്താണ് ചപ്പാത്തികള്‍ നിര്‍മിച്ചിരുന്നത്. ചപ്പാത്തി നിര്‍മാണ യന്ത്രങ്ങള്‍ക്കുള്ള ആരംഭ നിക്ഷേപമായി അഞ്ചു ലക്ഷം രൂപ ചെലവായി. ചപ്പാത്തി കാസയുടെ ചപ്പാത്തികള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളതാണ് എന്ന് ഉപഭോക്താക്കള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിധിയെഴുതി. എന്നാല്‍ ചപ്പാത്തി കാസയില്‍ നിന്നും ചപ്പാത്തി വാങ്ങി മറ്റൊരു ഹോട്ടലില്‍ നിന്നും അതിനു ചേര്‍ന്ന കരി വാങ്ങുക എന്നത് പ്രവര്‍ത്തികമല്ല എന്ന് ഉപഭോക്താക്കള്‍ പരാതി പറയാന്‍ തുടങ്ങിയതോടെ ഹിമ കറികളും ഉണ്ടാക്കാന്‍ തുടങ്ങി.

ചപ്പാത്തി കാസയുടെ രണ്ടാംഘട്ട വികസനം എന്ന നിലക്ക് ഫ്‌ലേവേര്‍ഡ് ചപ്പാത്തിയും കറികളും രംഗത്തിറക്കി. മുരിങ്ങയില, ഉരുളക്കിഴങ്ങ് , ബീറ്റ് റൂട്ട്, കാരറ്റ് തുടങ്ങിയവ ചേര്‍ത്ത് പല നിറങ്ങളിലും ആകൃതികളിലും ഇറങ്ങിയ ചപ്പാത്തി ചപ്പാത്തി കാസയെ ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റി. സസ്യാഹാരികള്‍ക്കായി പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്ത കുറുമകളും മസാലക്കറികളും ഹിമ പരീക്ഷിച്ചു. മാംസാഹാരികള്‍ക്കായി കളിമണ്ണില്‍ ചുട്ടെടുത്ത കോഴിയെ പരീക്ഷത്തോടെ സ്ഥാപനത്തെ ഭക്ഷണപ്രേമികള്‍ ഏറ്റെടുത്തു. ഫുഡ് ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറാന്‍ ചപ്പാത്തി കാസക്ക് പിന്നെ അധികം സമയമെടുത്തില്ല. കളിമണ്ണില്‍ ചുട്ടെടുത്ത കോഴിക്ക് പുറമെ, താറാവ്, മീന്‍ എന്നിവയും ചപ്പാത്തി കാസയില്‍ പൂര്‍ണ വിജയമായി മാറി. ഗോതമ്പ് പൊടി പൊടിപ്പിച്ചെടുക്കുന്നു എന്ന പോലെ കറികളില്‍ ചേര്‍ക്കുന്ന ഉപ്പ് ഒഴിച്ചിട്ടുള്ള മറ്റ് മസാലക്കൂട്ടുകളെല്ലാം ഹിമയുടെ നേതൃത്വത്തില്‍ കഴുകി, ഉണക്കി പൊടിച്ച് ഉണ്ടാക്കുന്നവയാണ്. സാധാരണ ചപ്പാത്തിക്ക് ഒന്നിന് അഞ്ചു രൂപയും ഫ്‌ലേവേര്‍ഡ് ചപ്പാത്തിക്ക് ഒന്നിന് ഏഴു രൂപയുമാണ് ചപ്പാത്തി കാസ ഈടാക്കുന്നത്.

കൊളിയൂരിലുള്ള ഔട്ട് ലെറ്റില്‍ തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വന്നതോടെ ചപ്പാത്തി കാസയുടെ രണ്ടാമത്തെ ഔട്ട് ലെറ്റ് തൈക്കാട് ആരംഭിച്ചു. ”ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ചപ്പാത്തി കാസക്ക് ലഭിക്കുന്നത്. ചപ്പാത്തി കാസയിലെ ഫ്‌ലേവേര്‍ഡ് ചപ്പാത്തികളിലൂടെ ധാരാളംപേരെ ആരോഗ്യകരമായ ഭക്ഷണ രീതിയുടെ ഭാഗമാക്കി മട്ടന്‍ കഴിഞ്ഞു” ഹിമ മണികണ്ഠന്‍ പറയുന്നു.

സാമൂഹിക പ്രതിബദ്ധതയും പ്രകൃതി സൗഹാര്‍ദ്ദവും

സാമൂഹിക പ്രതിബദ്ധതതയിലും പ്രകൃതി സൗഹാര്‍ദ്ദതയിലും അധിഷ്ഠിതമായ സംരംഭം എന്നതാണ് ചപ്പാത്തി കാസയുടെ മറ്റൊരു പ്രത്യേകത. നിലവില്‍ ടേക്ക് എവേ കൗണ്ടര്‍ ആയ ചപ്പാത്തി കാസയില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഒന്നും ഉപയോഗിക്കുന്നില്ല.ഭക്ഷണം വാങ്ങുന്നതിനായി വീട്ടില്‍ നിന്നും കണ്ടൈനര്‍ കൊണ്ടുവരുന്നവര്‍ക്ക് ചപ്പാത്തി കാസയുടെ ലോയലിറ്റി കാര്‍ഡ് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഓരോ തവണ ഭക്ഷണത്തെ വാങ്ങുമ്പോഴും കാര്‍ഡില്‍ ഓരോ പോയിന്റ് ചേര്‍ക്കപ്പെടും. പത്ത് പോയിന്റ് ആകുമ്പോള്‍ ചപ്പാത്തി കാസയില്‍ നിന്നും 50 രൂപയുടെ ഭക്ഷണം സൗജന്യമായി വാങ്ങാം.ഇതിനു പുറമെ 500 രൂപക്ക് ഭക്ഷണം വാങ്ങുന്നവര്‍ക്ക് ചപ്പാത്തി കാസയുടെ വക ഒരു സീഡ് പേന സൗജന്യമായി നല്‍കും. ഭിന്നശേഷിക്കാരായ ആളുകള്‍ നിര്‍മിക്കുന്ന സീഡ് പേന സൗജന്യമായി നല്‍കുന്നത് അവരുടെ പരിശ്രമത്തിനുള്ള പിന്തുണയായിട്ടാണ്. കടലാസു പേന എന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രഞ്ജിനി കിളിമാനൂര്‍ ആണ് ചപ്പാത്തി കാസക്കായി സീഡ് പേന നിര്‍മിക്കുന്നത്.

”കളിമണ്ണില്‍ ചുട്ട ചിക്കന്‍, ഡക്ക് എന്നിവ കളിമണ്ണോടു കൂടിയാണ് ഞാന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരിക്കല്‍ ഒരു ഉപഭോക്താവ് , എന്തായാലും മണ്ണ് നിങ്ങള്‍ തരുന്നു എങ്കില്‍ പിന്നെ ഒരു ചെടി കൂടി നല്‍കിക്കൂടെ എന്ന് ചോദിച്ചു. ആ ചോദ്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ സീഡ് പേനകള്‍ സമംനമായി നല്‍കാന്‍ തീരുമാനിച്ചത്. പ്രകൃതിക്കും ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും ഒരേ പോലെ പിന്തുണ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്” ഹിമ പറയുന്നു.

അടുത്തതായി ടേക്ക് എവേ കൗണ്ടറില്‍ നിന്നും വ്യത്യസ്തമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ഹാങ്ങ് ഔട്ട് ചപ്പാത്തി കാസയുടേതായി ഏരിയ ആരംഭിക്കണം എന്നതാണ് ഹിമയുടെ ലക്ഷ്യം. നിലവില്‍ ഹിമയും ‘അമ്മ തങ്കവും ഭര്‍ത്താവ് പ്രവീണും ചപ്പാത്തി കാസയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും വ്യാപൃതരാണ്. ഇവരെക്കൂടാതെ മൂന്ന് തൊഴിലാളികളുമുണ്ട്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് സ്ഥാപനത്തിനും തുടര്‍ വികസന പദ്ധതികള്‍ ആലോചിക്കുകയാണ് ഈ സംരംഭക.

Comments

comments

Categories: FK Special, Slider