ജനീവ മോട്ടോര്‍ ഷോയില്‍ പങ്കാളിത്തം കുറയും

ജനീവ മോട്ടോര്‍ ഷോയില്‍ പങ്കാളിത്തം കുറയും

ഹ്യുണ്ടായ്, ജെഎല്‍ആര്‍, ഫോഡ്, വോള്‍വോ എന്നീ വാഹന നിര്‍മ്മാതാക്കള്‍ പങ്കെടുക്കില്ല

ജനീവ : മാര്‍ച്ച് 5 ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പങ്കാളിത്തം കുറയും. ഹ്യുണ്ടായ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ഫോഡ്, വോള്‍വോ എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഇത്തവണ ജനീവയിലെത്തില്ല. അതേസമയം മറ്റുചില കാര്‍ നിര്‍മ്മാതാക്കള്‍ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന മോഡലുകളും കണ്‍സെപ്റ്റുകളും ഏതെല്ലാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ഏപ്രില്‍ 19 ന് ആരംഭിക്കുന്ന ന്യൂയോര്‍ക് മോട്ടോര്‍ ഷോയില്‍ ഹ്യുണ്ടായ് തങ്ങളുടെ ഓള്‍ ന്യൂ എസ്‌യുവി പ്രദര്‍ശിപ്പിച്ചേക്കും. സെപ്റ്റംബര്‍ 12 ന് ആരംഭിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലും ഹ്യുണ്ടായ് പങ്കെടുക്കും. അതേസമയം സഹോദര ബ്രാന്‍ഡായ കിയ മോട്ടോഴ്‌സ് ജനീവ മോട്ടോര്‍ ഷോയില്‍ സജീവ സാന്നിധ്യമാകും. കിയ സീഡ് അടിസ്ഥാനമാക്കിയുള്ള വലിയ ക്രോസ്-ഹാച്ച് പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎംഡബ്ല്യു 7 സീരീസ് ഫേസ്‌ലിഫ്റ്റ്, ഹോണ്ട അര്‍ബന്‍ ഇവി, മെഴ്‌സേഡീസ് സിഎല്‍എ ഷൂട്ടിംഗ് ബ്രേക്ക്, ജിഎല്‍സി ഫേസ്‌ലിഫ്റ്റ്, പിനിന്‍ഫറീന ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ തുടങ്ങിയ മോഡലുകള്‍ 2019 ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിക്കും.

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിഷന്‍ ഹോണ്‍ബില്‍ എന്ന പുതിയ മൈക്രോ എസ്‌യുവി കണ്‍സെപ്റ്റാണ് അതിലൊന്ന്. കൂടാതെ, ടാറ്റ ഹാരിയറിന്റെ 7 സീറ്റ് വേര്‍ഷനായ എച്ച്7എക്‌സ് ഇതാദ്യമായി ജനീവയില്‍ പ്രദര്‍ശിപ്പിക്കും. 45എക്‌സ് ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ വേര്‍ഷനും ജനീവയിലേക്ക് കൊണ്ടുവരും. 45എക്‌സ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് വേര്‍ഷന്‍ കണ്‍സെപ്റ്റും ടാറ്റ മോട്ടോഴ്‌സ് കാഴ്ച്ചവെയ്ക്കും.

Comments

comments

Categories: Auto