ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദ

ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി കൊല്‍ക്കത്തയില്‍ മോട്ടോര്‍സൈക്കിള്‍ ഏറ്റുവാങ്ങി

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ജി 310 ജിഎസ് അഡ്വഞ്ചര്‍ ടൂററിന് ഇന്ത്യയില്‍ ഒരു സെലിബ്രിറ്റി ഉടമ കൂടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് കൊല്‍ക്കത്തയില്‍ മോട്ടോര്‍സൈക്കിള്‍ ഏറ്റുവാങ്ങിയത്. 3.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിളിന്റെ താക്കോല്‍ സൗരവ് ഗാംഗുലി ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹതാരമായിരുന്ന യുവരാജ് സിംഗ് നേരത്തെ ബിഎംഡബ്ല്യു ജി 310 ആര്‍ സ്വന്തമാക്കിയിരുന്നു. യുവരാജിന്റെ ഉപദേശം സ്വീകരിച്ചാണോ സൗരവ് ഗാംഗുലി ജി 310 ജിഎസ് വാങ്ങിയതെന്ന് വ്യക്തമല്ല.

വര്‍ഷങ്ങള്‍ക്കുശേഷമാണ് സൗരവ് ഗാംഗുലിയെ മോട്ടോര്‍സൈക്കിളിന് പുറത്ത് കാണുന്നത്. 1990 കളില്‍ ഹീറോയുടെ പരസ്യങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഗാംഗുലി. 2002 മുതല്‍ ഋത്വിക് റോഷനുമൊത്ത് ഹീറോ ഹോണ്ട സിബിഇസഡ് മോട്ടോര്‍സൈക്കിളിന്റെ ടെലിവിഷന്‍ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ടിവിഎസ് മോട്ടോര്‍ കമ്പനിയുമായി സഹകരിച്ചാണ് ബിഎംഡബ്ല്യു ജി 310 ജിഎസ് വികസിപ്പിച്ചത്. 313 സിസി, വാട്ടര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 34 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് ബിഎംഡബ്ല്യു ജി 310 ജിഎസ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. മുന്നില്‍ 19 ഇഞ്ച് ചക്രവും പിന്നില്‍ 17 ചക്രവും (അലോയ് വീല്‍) നല്‍കിയിരിക്കുന്നു. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്. മണിക്കൂറില്‍ 143 കിലോമീറ്ററാണ് ടോപ് സ്പീഡ്. മൂന്ന് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി ലഭിക്കും.

Comments

comments

Categories: Auto