വികസനത്തില്‍ വോട്ടര്‍മാര്‍മാര്‍ സംതൃപ്തരാകുമോ? ഉത്തരം ഈ നിക്ഷേപകന്‍ പറയും

വികസനത്തില്‍ വോട്ടര്‍മാര്‍മാര്‍ സംതൃപ്തരാകുമോ? ഉത്തരം ഈ നിക്ഷേപകന്‍ പറയും

മോദിയെക്കുറിച്ചുള്ള റെഫറന്‍ഡമായിരിക്കില്ല ഈ തെരഞ്ഞെടുപ്പ്. മറിച്ച് പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയുടെ ക്ഷമതയായിരിക്കും പരീക്ഷിക്കപ്പെടുക, ആഗോള നിക്ഷേപകരന്‍ രുചിര്‍ ശര്‍മ പറയുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയ ശതമാനം കുറയുമെന്ന് പ്രമുഖ നിക്ഷേപകനും എഴുത്തുകാരനുമായ രുചിര്‍ ശര്‍മ. സുനിശ്ചിത വിജയം എന്ന തലത്തില്‍ നിന്നും 50:50 എന്ന നിലയിലേക്ക് മോദിയുടെ വിജയ സാധ്യത കുറഞ്ഞെന്ന് രുചിര്‍ ശര്‍മ വ്യക്തമാക്കി. മോദിയെപ്പോലൊരു ശക്തനെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിന് എല്ലാ തരത്തിലുള്ള സഹായവും വിവിധ കോണുകളില്‍ നിന്ന് ലഭിക്കേണ്ടി വരുമെന്നും രുചിര്‍ അഭിപ്രായപ്പെട്ടു.

അടുത്തിടെ പുറത്തിറങ്ങിയ ‘ഡെമോക്രസി ഓണ്‍ ദ റോഡ്’ എന്ന രുചിറിന്റെ പുതിയ പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഇന്ത്യയിലെ നേപ്പാള്‍ അതിര്‍ത്തിയിലെ നക്‌സലൈറ്റ് ബാധിത പ്രദേശങ്ങള്‍ മുതല്‍ തെക്കേയറ്റത്തെ തമിഴ്‌നാട് വരെ പര്യടനം നടത്തി ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ മനസിലാക്കിയാണ് അദ്ദേഹം പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷക്കാലം ഇന്ത്യയിലുടനീളം സഞ്ചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പുസ്തകമെഴുതിയിരിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഇന്ത്യയെയും ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുമാണ് രുചിര്‍ ശ്രമയുടെ പുസ്തകത്തിലെ പ്രധാന വിഷയം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. എങ്കിലും മോദി പോലുള്ള ഒരു വന്‍ ശക്തിയെ നേരിടാന്‍ കോണ്‍ഗ്രസിന് എല്ലാ സഹായസഹകരണങ്ങളും ആവശ്യമായി വരും. ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഇപ്പോഴും എന്താണെന്ന് നമുക്കറിയാം. ഇവിടെ കോണ്‍ഗ്രസിന് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടേണ്ടി വരും.

മോദി ഇന്നും ഇന്ത്യയിലെ ഏറ്റവും ജനകീയനായ ഭരണാധികാരിയാണ്, അമിത് ഷായുടെ നേതൃത്തിലുള്ള ബിജെപിയുടെ സംഘാടനവും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍എസ്എസ് നല്‍കുന്ന മനുഷ്യവിഭവവശേഷിയും മറ്റൊന്നിനോടും താരതമ്യപ്പെടുത്താന്‍ പോലും സാധിച്ചേക്കില്ല.

രാജ്യത്തിന്റെ വടക്കന്‍, പടിഞ്ഞാറന്‍ മേഖലയിലായിരിക്കും മോദിക്ക് കൂടുതല്‍ വോട്ട് ലഭിക്കുക. പക്ഷേ, മൊത്തത്തിലുള്ള ഫലം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും.

ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ബാലറ്റ് രണ്ട് വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാനാകും ജനങ്ങളോട് ആവശ്യപ്പെടുക. ഒന്നിലധികം ഇന്ത്യകളുടെ യാഥാര്‍ത്ഥ്യം ആഘോഷിക്കാനുള്ള കാഴ്ച്ചപാടും ഒരൊറ്റ ഇന്ത്യയെ നിര്‍മിക്കാനുള്ള സ്വപ്‌നവും തമ്മിലുള്ള പോരാട്ടമാണത്.

2014ല്‍ മോദിയുടെ ഭാഷ സ്വതന്ത്ര വിപണിയെ പിന്തുണയ്ക്കുന്ന സാമ്പത്തിക പരിഷ്‌കര്‍ത്താവിന്റേതായിരുന്നു. എന്നാല്‍ വളരെ വേഗം ഞാന്‍ തിരിച്ചറിഞ്ഞു, ഈ രാജ്യത്തിന്റെ ഡിഎന്‍എ സോഷ്യലിസ്റ്റിന്റെയും വെല്‍ഫെയറിസ്റ്റിന്റെയുമാണെന്ന്. മോദിയെന്നല്ല ഏത് നേതാവിനെ സംബന്ധിച്ചും ഇന്ത്യയില്‍ ഒരു ഫ്രീമാര്‍ക്കറ്റ് ഇക്കണോമിക് പരിഷ്‌കര്‍ത്താവാകുകയെന്നത്് കടുത്ത വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

ന്യൂയോര്‍ക് ടൈംസ് പോലുള്ള പ്രമുഖ മാധ്യമങ്ങളില്‍ കോളമിസ്റ്റ് കൂടിയായ ശര്‍മയുടെ മുന്‍പുസ്തകം ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് നാഷന്‍സ്: ഫോഴ്‌സസ് ഓഫ് ചെയ്ഞ്ച് ഇന്‍ ദി പോസ്റ്റ് ക്രൈസിസ് വേള്‍ഡ് ഏറെ ചര്‍ച്ചയായിരുന്നു.

Comments

comments

Categories: FK News