ഡാറ്റ ശേഖരിക്കുന്നതിനു നിയന്ത്രണം വേണമെന്നു ഫേസ്ബുക്കിനോട് ജര്‍മനി

ഡാറ്റ ശേഖരിക്കുന്നതിനു നിയന്ത്രണം വേണമെന്നു ഫേസ്ബുക്കിനോട് ജര്‍മനി

ബോണ്‍(ജര്‍മനി): വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ആപ്പുകളില്‍നിന്നും യൂസറുടെ ഡാറ്റ സമ്മതമില്ലാതെ ഏകീകരിക്കരുതെന്നു ഫേസ്ബുക്കിനോടു ജര്‍മനിയിലെ ആന്റി മോണോപോളി റെഗുലേറ്ററായ കാര്‍ട്ടല്‍ ഓഫീസ് ഉത്തരവിട്ടു. വ്യാഴാഴ്ചയാണു ചരിത്രപ്രധാന ഉത്തരവിട്ടത്. അപ്പീലിന് ഫേസ്ബുക്കിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഉത്തരവ് നടപ്പിലാക്കി കഴിഞ്ഞാല്‍ വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ഡാറ്റ ഏകീകരിക്കണമെങ്കില്‍ യൂസറുടെ സമ്മതം തേടണം. യൂസറുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനവുമായി ഫേസ്ബുക്ക് പങ്കുവച്ചെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വലിയ പ്രതിഷേധമാണു ഫേസ്ബുക്കിനെതിരേ ഉയര്‍ന്നു വന്നത്. ഫേസ്ബുക്കിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുണ്ടായി. ഇൗ ആവശ്യം ഉന്നയിച്ചു മുന്‍നിരയിലുണ്ടായിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ജര്‍മനി. ഫേസ്ബുക്കിന് അവരുടെ ഡാറ്റ പോളിസിയില്‍ മാറ്റം വരുത്താന്‍ 12 മാസത്തെ സമയം അനുവദിക്കുമെന്നു ജര്‍മനിയിലെ റെഗുലേറ്റര്‍ വ്യാഴാഴ്ച അറിയിച്ചു.

ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ്, മെസഞ്ചര്‍ എന്നീ പ്ലാറ്റ്‌ഫോമുകളെ ഏകീകരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണു ഫേസ്ബുക്ക്.ഇപ്പോള്‍ ജര്‍മനിയുടെ ഈ ഉത്തരവ് ഫേസ്ബുക്കിനു തിരിച്ചടിയാണു സമ്മാനിക്കുക. ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്നു ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍നിന്നുള്ള ഡാറ്റ പങ്കിടാന്‍ യൂസറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി സോഷ്യല്‍ മീഡിയ രംഗത്തുള്ള ആധിപത്യം ഫേസ്ബുക്ക് ചൂഷണം ചെയ്യുകയായിരുന്നെന്നാണു ജര്‍മന്‍ റെഗുലേറ്ററുടെ കണ്ടെത്തല്‍ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Comments

comments

Categories: FK News