ആയുഷ്മാന്‍ ഭാരതിന് കൂടുതല്‍ പണമെന്ന് പീയുഷ് ഗോയല്‍

ആയുഷ്മാന്‍ ഭാരതിന് കൂടുതല്‍ പണമെന്ന് പീയുഷ് ഗോയല്‍
  • മോദികെയര്‍ പദ്ധതിക്കുള്ള വിഹിതം 2019-20 വര്‍ഷത്തില്‍ 6,400 കോടിയായി സര്‍ക്കാര്‍
  • ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് ഗോയല്‍
  • ഇതിനോടകം പദ്ധതിയുടെ ഗുണഭോക്താക്കളായത് 10 ലക്ഷത്തിലധികം പേര്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കൂടുതല്‍ ഫണ്ട് നല്‍കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. പദ്ധതി അവതരിപ്പിച്ച് നാല് മാസം പിന്നിടുമ്പോള്‍ 10 ലക്ഷത്തിലധികം ആളുകള്‍ക്ക് ഗുണം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ പീയുഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കായുള്ള വകയിരുത്തല്‍ 6,400 കോടി രൂപയായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

ഇന്ത്യയിലെ 1.3 ബില്ല്യണ്‍ വരുന്ന ജനതയ്ക്ക് വൈഷമ്യങ്ങളില്ലാത്ത തരത്തിലുള്ള ആരോഗ്യപരിരക്ഷ ലഭിക്കണമെന്ന് മന്ത്രി പറഞ്ഞു. ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ലോകം മുഴുവനുമുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അതില്‍ പങ്കാളികളാകാന്‍ മികച്ച അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018 സെപ്റ്റംബര്‍ 23നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിച്ചത്.

മോദികെയര്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുന്ന, ഒട്ടേറെ പ്രത്യേകതകളുള്ള ഈ ആരോഗ്യ പരിരക്ഷ പദ്ധതി ഇന്ത്യപോലെ ആരോഗ്യമേഖലയില്‍ പൊതുചെലവിടല്‍ വളരെ കുറവായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്യുന്നതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഏകദേശം 10 കോടി ദരിദ്രകുടുംബങ്ങള്‍ക്കും 50 കോടി ജനങ്ങള്‍ക്കും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കാന്‍ സാധിക്കുന്ന വമ്പന്‍ പദ്ധതിയായാണ് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന വിഭാവനം ചെയ്തിരിക്കുന്നത്. 2011ലെ സാമൂഹ്യ-സാമ്പത്തിക സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

സ്വകാര്യ ആശുപത്രികളുടെ സജീവ പങ്കാൡമുണ്ടെങ്കിലേ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് പൂര്‍ണഫലം ലഭിക്കൂവെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

നിലവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.5 ശതമാനം മാത്രമാണ് ഇന്ത്യയുടെ ആരോഗ്യ ചെലവിടല്‍. ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യയെപ്പോലൊരു വമ്പന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും പരിതാപകരമായ കണക്കാണിത്. ഈ പശ്ചാത്തലത്തിലാണ് ആയുഷ്മാന്‍ ഭാരത് പ്രസക്തമാകുന്നത്. പദ്ധതി നടപ്പാക്കുന്നതിലൂടെ നാല് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്വകാര്യ മേഖലയിലായിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: Piyush Goyal