പിപിപി പദ്ധതികളെ പ്രോത്സാഹിപ്പിക്കാന്‍ അബുദബിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍

പിപിപി പദ്ധതികളെ പ്രോത്സാഹിപ്പിക്കാന്‍ അബുദബിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍

50 ബില്യണ്‍ ദിര്‍ഹത്തിന്റെ ത്രിവര്‍ഷ ഗദന്‍ 21 പദ്ധതിയുടെ ഭാഗമാണ് പുതിയ നിയമം

അബുദബി: തലസ്ഥാനത്തെ പാര്‍പ്പിട, അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ പദ്ധതികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ അബുദബിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 50 ബില്യണ്‍ ദിര്‍ഹത്തിന്റെ ഗദന്‍ 21 പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമത്തിന് രൂപം നല്‍കിയത്. നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുക, സര്‍ക്കാര്‍ പദ്ധതികളില്‍ സ്വകാര്യമേഖലയെയും പങ്കാളികളാക്കി ബിസിനസുകളെ കൂടുതല്‍ മത്സരക്ഷമമാക്കുക തുടങ്ങിയ ആദ്യന്തിക ലക്ഷ്യമാണ് നിയമത്തിനുള്ളത്.

നേരിട്ടുള്ള വിദേശ നിക്ഷേപം സമാഹരിക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം രൂപീകൃതമായ സര്‍ക്കാര്‍ സംവിധാനമായ അബുദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസിന്റെ (എഡിഐഒ-അദിയോ) രൂപീകരണത്തെ ഈ നിയമം ഔദ്യോഗികമായി അംഗീകരിക്കുകയും യുഎഇയിലെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക് നേതൃത്വം നല്‍കുന്നതിനുള്ള അധിക ചുമതല അദിയോയ്ക്ക് നല്‍കുകയും ചെയ്തു.

ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പിപിപി(പബ്ലിക് -പ്രൈവറ്റ് പാര്‍ടണര്‍ഷിപ്പ്)മോഡല്‍ ഗുണകരമാകുന്ന പ്രധാന പദ്ധതികള്‍ കണ്ടെത്തി അവയെ ഫലപ്രാപ്തിയിലെത്തിക്കുക എന്നതാണ് അദിയോയുടെ പ്രാഥമിക ഉത്തരവാദിത്വം. വേനലവധിയോടെ പിപിപി സ്‌കീമില്‍ ഉള്‍പ്പെടുത്താവുന്ന മൂന്ന് സുപ്രധാന പദ്ധതികള്‍ക്ക് രൂപം നല്‍കി സ്വകാര്യമേഖലയ്ക്ക് ടെന്‍ഡര്‍ നല്‍കാനുള്ള ആലോചനയിലാണ് അദിയോയെന്ന് ആക്ടിംഗ് ചീഫ് എക്‌സിക്യുട്ടീവ് ഇല്‍ഹാം അല്‍ഖാസിം വ്യക്തമാക്കി. പിപിപി പദ്ധതികളുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് സര്‍ക്കാരുമായി ബന്ധപ്പെടുന്നതിനുള്ള സ്ഥിരം സംവിധാനമായിരിക്കും അദിയോ എന്നും ഇല്‍ഹാം പറഞ്ഞു. പാര്‍പ്പിട, അടിസ്ഥാന സൗകര്യ, ഗതാഗത, വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ളതായിരിക്കും പിപിപി മോഡലിലെ ആദ്യ പദ്ധതിയെന്നും ഇല്‍ഹാം സൂചിപ്പിച്ചു. പ്രാദേശിക, അന്തര്‍ദേശീയ ബിസിനസുകളെയും പങ്കാളിത്ത പദ്ധതികളില്‍ അദിയോ ലക്ഷ്യമിടുന്നുണ്ട്. പിപിപി പദ്ധതികളിലെ വിജയകരമായ ആഗോളമാതൃകകളെ കണ്ടെത്തി വിശദപഠനത്തിന് വിധേയമാക്കുമെന്നും അദിയോ അറിയിച്ചു.

പിപിപി പ്രക്രിയകളെ ഒരു പൊതുസംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. അതേസമയം ഓരോ പദ്ധതികള്‍ക്കുമുള്ള മാനദണ്ഡങ്ങളും ഇളവുകളും ഒരുപോലെ ആയിരിക്കില്ല. നിര്‍മ്മാണം മാത്രം, പ്രവര്‍ത്തന, സംരക്ഷണ കരാറുകള്‍ തുടങ്ങിയ ബിസിനസ് മോഡലുകളിലൂടെ ആയിരിക്കും പദ്ധതികള്‍ നടപ്പാക്കുക. നിര്‍മ്മാണത്തിന് പുറമേ പ്രവര്‍ത്തന, സംരക്ഷണ അനുമതികളും ലഭിക്കുന്ന കരാറുകളില്‍ പ്രസ്തുത പദ്ധതികളില്‍ സ്വകാര്യമേഖലയ്ക്ക് ദീര്‍ഘകാല ഓഹരികളും നേടാവുന്നതാണ്.

സമ്പദ്‌വ്യവസ്ഥയ്ക്ക് എണ്ണവ്യാപാരത്തിലുള്ള ആശ്രയത്വം കുറച്ച് പൗരന്മാര്‍ക്ക് മികച്ച സേവനങ്ങളും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള സ്ഥായിയായ മാര്‍ഗങ്ങളെന്ന നിലയില്‍ സ്വകാര്യമേഖലകളെ വളര്‍ത്തിയെടുക്കാനുള്ള വലിയ ശ്രമമാണ് യുഎഇയും സൗദി അറേബ്യയും അടക്കമുള്ള എണ്ണസമ്പന്നമായ അറേബ്യന്‍ രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പിപിപി പദ്ധതികളിലൂടെ അബുദബിയിലെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ(എഫ്ഡിഐ) വ്യാപ്തി വര്‍ധിപ്പിക്കുക എന്ന സുപ്രധാന ലക്ഷ്യമാണ് അദിയോയ്ക്ക് പ്രധാനമായും ഉള്ളത്. വരും വര്‍ഷങ്ങളില്‍ എമിറേറ്റിലുടനീളം ഈ പദ്ധതി വ്യാപിപ്പിക്കാനും അദിയോ തീരുമാനിച്ചിട്ടുണ്ട്. മിഡില്‍ഈസ്റ്റ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള എഫ്ഡിഐ നിക്ഷേപങ്ങളുടെ 37 ശതമാനവും അബുദബിയിലാണ് നടക്കുന്നത്. അദിയോയുടെ കണക്ക് പ്രകാരം 2010ല്‍ അബുദബിയില്‍ 64 ബില്യണിന്റെ എഫ്ഡിഐ ഓഹരികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2017 ആയപ്പോഴേക്കും അത് 130 ബില്യണായി വര്‍ധിച്ചു. അബുദബിയിലുടെ സാമ്പത്തിക വികസനത്തിലും അദിയോയുടെ ഔദ്യോഗിക രൂപീകരണം വളരെ പ്രധാനപ്പെട്ടതാണ്. പുതിയ നിയമപ്രകാരം ടെക്‌നോളജി, ടൂറിസം, അഡ്വാന്‍ഡ്‌സ് മാനുഫാക്ച്വറിംഗ് തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ ധനപരമോ അല്ലാത്തതോ ആയ ഇളവുകള്‍ ലഭ്യമാക്കുന്നതടക്കം സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന പുതിയ നടപടികള്‍ എടുക്കാനുള്ള ഉത്തരവാദിത്വവും അദിയോയുടേതാണ്.

അതേസമയം മത്സരക്ഷമതയുള്ള ആഗോള, പ്രാദേശിക ബിസിനസ് അന്തരീക്ഷത്തിന്റെ അഭാവം യുഎഇയിലുണ്ട്. വരുംവര്‍ഷങ്ങളില്‍ ബിസിനസുകളെ കൂടുതല്‍ മത്സരക്ഷമമാക്കാനുള്ള നടപടികളും യുഎഇ ആരംഭിച്ചുകഴിഞ്ഞു. ബിസിനസുകളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും നടപടികള്‍ ലളിതമാക്കി വളരെ എളുപ്പത്തില്‍ ബിസിനസുകള്‍ സാധ്യമാക്കുന്നതിന്റെയും ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ പുതിയതായി ലൈസന്‍സ് ലഭിച്ച ബിസിനസുകള്‍ക്ക് രണ്ടുവര്‍ത്തേക്ക് പ്രാദേശിക ഫീസുകളില്‍ അബുദബി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

ബിസിനസുകള്‍ക്ക് നല്‍കുന്ന ഇളവുകളും പിപിപി പദ്ധതികളുമെല്ലാം ത്രിവര്‍ഷ ഗദന്‍ 21 പദ്ധതിയുടെ ഭാഗമാണ്. ‘നാളെ21 ‘ എന്നാണ് ഗദന്‍ 21 കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുക, തൊഴിലുകള്‍ സൃഷ്ടിക്കുക, കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, വളര്‍ന്നുവരുന്ന ആഗോളശക്തിയെന്ന യുഎഇയുടെ പ്രതിച്ഛായ ദൃഢമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ഒരു നിര പരിഷ്‌കാരപദ്ധതികളാണ് ഗദന്‍ 21 എന്ന പേരില്‍ അറിയപ്പെടുന്നത്. അബുദബി കിരീടാവകാശിയും സൈന്യത്തിന്റെ സുപ്രീം കമാന്‍ഡറുമായ ഷേഖ് മുഹമ്മദ് ബിന്‍ സയ്യിദ് മുന്‍കൈ എടുത്ത 50 ബില്യണ്‍ ദിര്‍ഹത്തിന്റെ ഈ ബൃഹദ് പദ്ധതി ബിസിനസ്- നിക്ഷേപം, സമൂഹം, അറിവ്-കണ്ടുപിടിത്തങ്ങള്‍, ജീവിതചര്യ എന്നീ നാല് മേഖലകളിലായി 50 ഓളം പരിഷ്‌കാരനടപടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2019ഓടെ എമിറേറ്റിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ 20 ബില്യണ്‍ ദിര്‍ഹം ചിലവഴിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

…………………………
സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പിപിപി(പബ്ലിക് -പ്രൈവറ്റ് പാര്‍ടണര്‍ഷിപ്പ്)മോഡല്‍ ഗുണകരമാകുന്ന പ്രധാന പദ്ധതികള്‍ കണ്ടെത്തി അവയെ ഫലപ്രാപ്തിയിലെത്തിക്കുക എന്നതാണ് അദിയോയുടെ പ്രാഥമിക ഉത്തരവാദിത്വം. ഈ പദ്ധതികളിലൂടെ അബുദബിയിലെ എഫ്ഡിഐ വര്‍ധിപ്പിക്കുക എന്ന സുപ്രധാന ലക്ഷ്യവും അദിയോയ്ക്കുണ്ട്
…………………..

Comments

comments

Categories: Arabia
Tags: abudhabi