കാലാവധി മാര്‍ച്ച് 31ന് തീരും; ബന്ധിപ്പിച്ചത് 23 കോടി എക്കൗണ്ടുകള്‍

കാലാവധി മാര്‍ച്ച് 31ന് തീരും; ബന്ധിപ്പിച്ചത് 23 കോടി എക്കൗണ്ടുകള്‍

രാജ്യത്ത് ഇതുവരെ 42 കോടി പെര്‍മനന്റ് എക്കൗണ്ട് നമ്പറുകളാണ് (പാന്‍) ആദായ നികുതി വകുപ്പ് വിതരണം ചെയ്തിട്ടുള്ളത്

ന്യൂഡെല്‍ഹി: ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. കാലാവധി തീരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ വെറും 23 കോടി പാന്‍ കാര്‍ഡുകള്‍ മാത്രമാണ് ഇതുവരെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

രാജ്യത്ത് ഇതുവരെ 42 കോടി പെര്‍മനന്റ് എക്കൗണ്ട് നമ്പറുകളാണ് (പാന്‍) ആദായ നികുതി വകുപ്പ് വിതരണം ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. ഇതില്‍ പകുതിയിലധികം പാന്‍ കാര്‍ഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സംഘടനയായ അസോചം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധാര്‍ ബന്ധിപ്പിക്കുന്നതിലൂടെ ഏതെങ്കിലും വ്യാജ പാന്‍ ഉണ്ടോ ഇല്ലയോ എന്ന് അറിയാനാകുമെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു. വ്യാജ പാന്‍ കാര്‍ഡുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതിലൂടെ ഇത്തരം വ്യാജ കാര്‍ഡുകള്‍ കൂടി ഇല്ലാതാകുമെന്നും ചന്ദ്ര വ്യക്തമാക്കി. പാന്‍ ആധാറുമായും ബാങ്ക് എക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതോടെ ഐടി വകുപ്പിന് നികുതിദായകരുടെ ചെലവിടല്‍ രീതിയും മറ്റ് വിവരങ്ങളും മനസിലാക്കാനും ക്ഷേമ പദ്ധതികളുടെ പ്രയോജനം അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നുണ്ടോ എന്ന് അറിയാനും കഴിയുമെന്നും ചന്ദ്ര പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആധാറിന്റെ ഭരണഘടനാ സാധുത ശരിവെച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമായി തന്നെ തുടരുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അതേസമയം, ചില സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ബാങ്ക് എക്കൗണ്ടും മൊബീല്‍ കണക്ഷനുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 എഎ (2) പ്രകാരം എല്ലാ വ്യക്തികള്‍ക്കും പാന്‍ വേണം. ആധാര്‍ നമ്പര്‍ നികുതി അതോറിറ്റിയുമായി ബന്ധിപ്പിക്കണം. ഈവര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ 6.31 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 5.44 കോടി ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ച സ്ഥാനത്താണിത്. 95 പുതിയ നികുതിദായകര്‍ ഇതുവരെ കൂട്ടിച്ചേര്‍ക്കപ്പെട്ടതായും സിബിഡിടി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News