വോഡഫോണ്‍ ഐഡിയയുടെ അറ്റ നഷ്ടം 5000 കോടി രൂപയ്ക്കു മുകളില്‍

വോഡഫോണ്‍ ഐഡിയയുടെ അറ്റ നഷ്ടം 5000 കോടി രൂപയ്ക്കു മുകളില്‍

ലയനത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ കമ്പനി ട്രാക്കിലാണെന്ന് സിഇഒ ബലേഷ് ശര്‍മ

മുംബൈ: ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ രാജ്യത്ത് ഉപഭോക്തൃ അടിത്തറയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയത് 5004.6 കോടി രൂപയുടെ സംയോജിത നഷ്ടം. വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റെയും ലയനം ഓഗസ്റ്റില്‍ പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ പാദഫലമാണ് ഇപ്പോള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 4,973.8 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തിലെ മൊത്തം വകുമാനം 11,982.8 കോടി രൂപയാണെന്നും വോഡഫോണ്‍ ഐഡിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പ്രൊമോട്ടര്‍ ഓഹരി ഉടമകളുടെ പിന്തുണ ഉറപ്പിച്ചുകൊണ്ട് 25,000 കോടി രൂപയുടെ റൈറ്റ്‌സ് വിതരണം ചെയ്യുന്നതിനും ബുധനാഴ്ച ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.
തുടങ്ങിവെച്ച ബിസിനസ് തന്ത്രങ്ങളില്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകാനാകുന്നുണ്ടെന്ന് വോഡഫോണ്‍ ഇന്ത്യയുടെ സിഇഒ ബലേഷ് ശര്‍മ പറയുന്നു. കഴിഞ്ഞ പാദത്തില്‍ തുടങ്ങിവെച്ച പല ഉദ്യമങ്ങളിലും പ്രോല്‍സാഹനജനകമായ പ്രതികരണങ്ങള്‍ പാദത്തിന്റെ അവസാനത്തോടെ ലഭ്യമായി തുടങ്ങി. രണ്ട് കമ്പനികളുടെ കീഴിലുമുണ്ടായിരുന്ന സംവിധാനങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ വിചാരിച്ചതിലും വേഗത്തിലാണ് മുന്നോട്ടുപോകുന്നത്, പ്രത്യേകിച്ച് നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍. ലയനത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ കമ്പനി ട്രാക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍ നിരക്കിളവും പുതിയ ബിസിനസ് മാതൃകയുമായി റിലയന്‍സ് ജിയോ രംഗത്തെത്തിയതോടെയാണ് ഐഡിയയും വോഡഫോണ്‍ ഇന്ത്യയും പ്രതിസന്ധിയിലായത്. വരുമാനം കുത്തനേയിടിഞ്ഞ സാഹചര്യത്തില്‍ ഇരു കമ്പനികളും ലയനത്തിന് തീരുമാനിക്കുകയായിരുന്നു.

Comments

comments

Categories: Business & Economy