ഇന്ത്യക്ക് അവസരമാകുന്ന വ്യാപാരയുദ്ധം

ഇന്ത്യക്ക് അവസരമാകുന്ന വ്യാപാരയുദ്ധം

വ്യാപാരയുദ്ധം ആഗോള സാമ്പത്തിക രംഗത്ത് പല തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഇന്ത്യക്ക് ഗുണകരമാകുമെന്ന റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നു

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ലോകത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചുവെന്നത് വസ്തുതയാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ അത് ബാധിച്ചു. വിപണികളുടെ ആത്മവിശ്വാസം ഇടിച്ചു. ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുകയാണോ എന്ന പ്രതീതിയും ജനിപ്പിച്ചു. എന്നാല്‍ പല രാജ്യങ്ങള്‍ക്കും അവസരങ്ങള്‍ തുറന്നിടുന്നുവെന്ന മറുവശം കൂടിയുണ്ട് വ്യാപാര യുദ്ധത്തിന്.

അടുത്തിടെ യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്ക് മികച്ച സാധ്യതകള്‍ തുറന്നിടുകയാണ് യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം. രാജ്യത്തിന്റെ കയറ്റുമതിയില്‍ 3.5 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കാന്‍ വ്യാപാര യുദ്ധത്തിന് സാധിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയനായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. ഏകദേശം 70 ബില്ല്യണ്‍ ഡോളറിന്റെ അധിക വ്യാപാരമാണ് അമേരിക്ക-ചൈന വടംവലിയിലൂടെ അവര്‍ക്ക് ലഭിക്കുക.

കയറ്റുമതിയില്‍ മികച്ച മല്‍സരക്ഷമത പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് പിടിച്ചുകയറാന്‍ പറ്റുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സാരം. ഓസ്‌ട്രേലിയ, ഇന്ത്യ, ബ്രസീല്‍, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് വ്യാപാര യുദ്ധത്തിന്റെ ഗുണം ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജപ്പാന്‍, കാനഡ, മെക്‌സികോ തുടങ്ങിയ രാജ്യങ്ങളുടെ കയറ്റുമതിയില്‍ 20 ബില്ല്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മല്‍സരക്ഷമതയുടെ കാര്യത്തില്‍ ചൈനീസ് കമ്പനികള്‍ക്കും യുഎസ് കമ്പനികള്‍ക്കും ഒപ്പം നില്‍ക്കാന്‍ ശേഷിയുള്ള സംരംഭങ്ങളുള്ള രാജ്യങ്ങള്‍ക്ക് മികച്ച ലാഭം കൊയ്യാന്‍ സാധിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടുന്നത്. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണം.

വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട നടപടികള്‍ 90 ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി യുഎസും ചൈനയും ഡിസംബറില്‍ ധാരണയായിരുന്നു. അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതിന്റെ ഫലമായിട്ടായിരുന്നു താല്‍ക്കാലികാശ്വാസം. താരിഫ് യുദ്ധം നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ തുടരാനാണ് ട്രംപും ഷി ജിന്‍പിംഗും തീരുമാനിച്ചത്. എന്നാല്‍ മാര്‍ച്ച് 1ന് മുമ്പ് വിവാദവിഷയങ്ങളില്‍ ഒരു സമവായം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളും വാശിയോടെ തന്നെ വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 1ന് മുമ്പ് ചൈന വരുതിക്ക് വന്നില്ലെങ്കില്‍ 200 ബില്ല്യണ്‍ ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 25 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. നിരവധി വിപണികളില്‍ ഇത് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നതാണ് വാസ്തവം. പ്രത്യേകിച്ചും ചെറിയ രാജ്യങ്ങളെയാകും വ്യാപാര യുദ്ധം കൂടുതല്‍ ബാധിക്കുകയെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

വ്യാപാര യുദ്ധം ശക്തിപ്പെട്ടാല്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് അവരുടെ കയറ്റുമതിയില്‍ ഏകദേശം 160 ബില്ല്യണ്‍ ഡോളറിന്റെ ഇടിവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഗുരുതരമായ പ്രതിസന്ധിയാകും വികസ്വര രാജ്യങ്ങളില്‍ സൃഷ്ടിക്കുക. സംരക്ഷണവാദ നയങ്ങളുടെ പ്രായോഗികവല്‍ക്കരണം ലോകത്തെ മറ്റൊരു പ്രതിസന്ധിയുഗത്തിലേക്ക് തള്ളിയിടാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. മറ്റ് വികസിത, വികസ്വര രാജ്യങ്ങളുടെ പക്വതയനുസരിച്ചിരിക്കും ആഗോള സമ്പദ് വ്യവസ്ഥയുടെ അവസ്ഥ.

Comments

comments

Categories: Editorial, Slider
Tags: trade war