നികുതി ഓംബുഡ്‌സ്മാന്‍ ഇല്ലാതാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

നികുതി ഓംബുഡ്‌സ്മാന്‍ ഇല്ലാതാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അനധികൃത നിക്ഷേപ പദ്ധതികള്‍ നിരോധിക്കുന്നതിനുള്ള 2018ലെ ബില്ലില്‍ വരുത്തുന്ന ഭേദഗതികള്‍ക്കും അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: പ്രത്യക്ഷ നികുതിക്കും പരോക്ഷ നികുതിക്കും നിലവിലുണ്ടായിരുന്ന ഓംബുഡ്‌സ്മാന്‍ സംവിധാനം ഇല്ലാതാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഓണ്‍ലൈനിലൂടെയുള്ള പരാതി പരിഹാര സംവിധാനത്തിനാണ് ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നു വന്നത്.
2003 ലാണ് ആദായ നികുതി ഓംബുഡ്‌സ്മാനന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപിക്കപ്പെട്ടത്. ആദായ നികുതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്‌നങ്ങളിലെ നടപടികളില്‍ വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായിരുന്നു ഈ സംവിധാനം. എന്നാല്‍ നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇത് പരാജയപ്പെടുകയായിരുന്നുവെന്നും പുതുതായി ഓംബുഡ്‌സ്മാന് പരാതികള്‍ നല്‍കുന്നവരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് താഴ്ന്നുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. പരാതി പരിഹാരത്തിനുള്ള ബദല്‍ മാര്‍ഗങ്ങളെ അപേക്ഷിച്ച് ഓംബുഡ്‌സ്മാന്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാലും മറ്റ് മാര്‍ഗങ്ങള്‍ കൂടുതലായി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനാലും പ്രത്യക്ഷ, പരോക്ഷ നികുതികളിലെ ഓംബുഡ്‌സ്മാന്‍ സമ്പ്രദായം നിര്‍ത്തലാക്കുകയാണ്.
അനധികൃത നിക്ഷേപ പദ്ധതികള്‍ നിരോധിക്കുന്നതിനുള്ള 2018ലെ ബില്ലില്‍ വരുത്തുന്ന ഭേദഗതികള്‍ക്കും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ബില്ലിന്റെ ലക്ഷ്യങ്ങള്‍ കൂടുതല്‍ കാര്യപ്രാപ്തമായി നടപ്പാക്കുന്നതിനും സാധാരണക്കാരായ ജനങ്ങള്‍ തട്ടിപ്പുകള്‍ക്ക് ഇടയാകുന്നത് തടയാനും സഹായിക്കുന്നതാണ് ഭേദഗതി എന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നു.

നിക്ഷേപങ്ങള്‍ നിയമവിരുദ്ധമായി സമാഹരിക്കപ്പെട്ടാലും നിക്ഷേപ തുക തിരികെ ലഭിക്കുന്നതിന് ആവശ്യമായ വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്. നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 166 കേസുകളാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇവയില്‍ ഏറെയും പശ്ചിമ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആണെന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു.

Comments

comments

Categories: FK News