പ്രതിഷേധത്തിനിടയിലും സൗദിയില്‍ നിന്നുള്ള ധനസഹായങ്ങള്‍ സ്വീകരിക്കാന്‍ എംഐടി തീരുമാനം

പ്രതിഷേധത്തിനിടയിലും സൗദിയില്‍ നിന്നുള്ള ധനസഹായങ്ങള്‍ സ്വീകരിക്കാന്‍ എംഐടി തീരുമാനം

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായമായി ഏകദേശം 7 മില്യണ്‍ ഡോളറാണ് എംഐടിക്ക് സൗദിയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്

People take part in a vigil to remember Jamal Khashoggi outside the Saudi consulate in Istanbul on Oct. 25, 2018. Photographer: Chris McGrath/Getty Images

റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള ധനസഹായങ്ങള്‍ തുടര്‍ന്നും സ്വീകരിക്കാന്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തീരുമാനിച്ചു. അറബ്‌മേഖലയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ജമാല്‍ ഖഷോഗ്ഗിയുടെ വധത്തെ തുടര്‍ന്ന് സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ പുനഃപരിശോധിച്ചുവരികയായിരുന്നു എംഐടി. ഖഷോഗ്ഗി വധത്തിനെതിരെ കാമ്പസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സൗദി സ്രോതസുകളില്‍ നിന്നുള്ള ധനസഹായങ്ങള്‍ തുടര്‍ന്നും സ്വീകരിക്കാന്‍ എംഐടി തീരുമാനിച്ചിരിക്കുന്നത്.

ധനസഹായവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ നിന്നുള്ള സ്‌പോണ്‍സര്‍മാരുമായും മറ്റ് വ്യക്തികളുമായും തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് എംഐടി പ്രസിഡന്റ് റഫീല്‍ റെയ്ഫ് ജീവനക്കാര്‍ക്ക് കത്തയച്ചു. അതേസമയം ഇവ സര്‍വ്വകലാശാല നിലവാരത്തിലുള്ളവ ആയിരിക്കണമെന്നും ഇക്കാര്യം പുനഃപരിശോധിച്ച് വരികയാണെന്നും റെയ്ഫ് കൂട്ടിച്ചേര്‍ത്തു. ധനസഹായങ്ങള്‍ തുടരാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അതിനാവശ്യമായ സഹായങ്ങളൊരുക്കുമെന്നും സര്‍വ്വകലാശാല അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് എംഐടി അസോസിയേറ്റ് പ്രിന്‍സിപ്പാള്‍ റിച്ചാര്‍ഡ് ലെസ്റ്റര്‍ ഡിസംബറില്‍ പുറത്തിറക്കിയ പ്രഥമ റിപ്പോര്‍ട്ട് റെയഫ് അംഗീകരിച്ചിട്ടുണ്ട്.

‘സൗദി ഭരണകൂടത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വളരെ ഭീതിജനകമായിട്ടാണ് നിങ്ങളില്‍ പലര്‍ക്കും തോന്നുക. സൗദിയിലെ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും എംഐടി പെട്ടെന്ന് തന്നെ വിച്ഛേദിക്കുമെന്ന തോന്നല്‍ സ്വാഭാവികമാണ്. പക്ഷേ സൗദിയുടെ ഇടപെടലുകള്‍ വ്യത്യസ്തമാണെന്നാണ് എന്റെ അനുഭവം’.അതിനാല്‍ തന്നെ ദീര്‍ഘകാലമായി തുടരുന്ന അത്തരം ബന്ധങ്ങള്‍ പകുതിക്കുവെച്ച് ഇല്ലാതാക്കുന്നത് നല്ല നടപടി അല്ലെന്ന് കത്തില്‍ പറയുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖകനായ ജമാല്‍ ഖഷോഗ്ഗിയുടെ വധത്തില്‍ മുഖ്യമായും സംശയസ്ഥാനത്ത് നില്‍ക്കുന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാന്റെ ഉപദേശകനായ യാസിന്‍ അക്തെ പറഞ്ഞിരുന്നത്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കഴിഞ്ഞ ഒക്‌റ്റോബറില്‍ കൊല്ലപ്പെട്ട ഖഷോഗ്ഗിയുടെ വധത്തെ കുറിച്ച് റിയാദിന് അറിവുണ്ടായിരുന്നെന്നാണ് പൊതുവെയുള്ള സംശയം. എന്നാല്‍ സല്‍മാന്‍ രാജകുമാരന് ഈ കൊലപാതകത്തിലുള്ള പങ്ക് സൗദി പൂര്‍ണ്ണമായും നിഷേധിച്ചിട്ടുണ്ട്.

ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായി ഏകദേശം 7 മില്യണ്‍ ഡോളറാണ് എംഐടിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സൗദിയില്‍ നിന്നും ലഭിച്ചത്. സൗദി എണ്ണഭീമന്മാരായ ആംകോ, കിങ് അബ്ദുള്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കെമിക്കല്‍ നിര്‍മ്മാതാക്കളായ സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ് തുടങ്ങിയ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സൗദിയില്‍ നിന്നും എംഐടിയിലേക്ക് ഏറ്റവും കൂടുതല്‍ ധനസഹായങ്ങള്‍ നല്‍കിയിട്ടുള്ളത്.

Comments

comments

Categories: Arabia