റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ധിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ധിപ്പിച്ചു

350-500 സിസി മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ 1,500 രൂപ വരെ വര്‍ധന

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. 350-500 സിസി ബൈക്കുകളുടെ വില 1,500 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധന റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ മാസം മുതല്‍ വര്‍ധിപ്പിച്ച വിലയിലാണ് ഡീലര്‍മാര്‍ ബൈക്കുകള്‍ വില്‍ക്കുന്നത്. ബുള്ളറ്റ് 350, ബുള്ളറ്റ് 500, ക്ലാസിക് 350, ക്ലാസിക് 500, ഹിമാലയന്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളെയും വില വര്‍ധന ബാധിച്ചു. എന്നാല്‍ ഈയിടെ വിപണിയിലെത്തിച്ച ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളുടെ വിലയില്‍ മാറ്റമില്ല.

1.34 ലക്ഷം രൂപ മുതലാണ് ഇപ്പോള്‍ ബുള്ളറ്റ് 350 മോഡലിന്റെ വില. ക്ലാസിക് 350 എബിഎസ് ബൈക്കിന് 1.53 ലക്ഷം രൂപ വില വരും. ക്ലാസിക് 350 എബിഎസ് സിഗ്നല്‍സ് എഡിഷനും 1,500 രൂപ വര്‍ധിപ്പിച്ചു. 1.63 ലക്ഷം രൂപയാണ് ഇപ്പോള്‍ വില. ഹിമാലയന്‍ എബിഎസ് മോട്ടോര്‍സൈക്കിളിന് 1.80 ലക്ഷം രൂപ വില നല്‍കണം. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളുടെ വില അതേപോലെ തുടരുന്നു. യഥാക്രമം 2.49 ലക്ഷം രൂപ, 2.64 ലക്ഷം രൂപ. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

എല്ലാ മോഡലുകളിലും ഡുവല്‍ ചാനല്‍ എബിഎസ് നല്‍കിവരുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350 ബൈക്കിലൊഴികെ മറ്റെല്ലാ മോഡലുകളിലും സുരക്ഷാ ഫീച്ചര്‍ നല്‍കിക്കഴിഞ്ഞു. ഈ വരുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിലും ഡുവല്‍ ചാനല്‍ എബിഎസ് നല്‍കും.

Comments

comments

Categories: Auto