റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വലുപ്പത്തിന് ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ വരുന്നു

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വലുപ്പത്തിന് ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ വരുന്നു

ഇന്ത്യയിലെ വസ്ത്ര ഉപഭോഗത്തെ സംബന്ധിച്ച് ആറു മാസം നീണ്ടു നില്‍ക്കുന്ന പഠനം സിഎംഎഐ നടത്തുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അളവുകള്‍ ക്രമീകരിക്കുന്ന ഒരു സൈസ് ചാര്‍ട്ട് തയാറാക്കാനുള്ള ‘ഇന്ത്യ സൈസ് പ്രൊജക്റ്റി’ന്റെ അവതരണം ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി നിര്‍വഹിച്ചു. ഇന്ത്യയിലെ വസ്ത്ര ഉപഭോഗം സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും ഇന്ത്യന്‍ റെഡിമേയ്ഡ് വസ്ത്ര മേഖലയ്ക്കായുള്ള സ്റ്റാന്‍ഡേര്‍ഡ് അളവുകള്‍. യുകെയിലും യുഎസിലും മുള്ള സൈസ് ചാര്‍ട്ടുകളുടെ മാതൃകയാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ലോത്തിംഗ് മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(സിഎംഎ ഐ)യുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വസ്ത്ര നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായിരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വസ്ത്ര ഉപഭോഗത്തെ സംബന്ധിച്ച് ആറു മാസം നീണ്ടു നില്‍ക്കുന്ന പഠനം സിഎംഎഐ ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്. രാജ്യത്തെ വസ്ത്ര ഉപഭോഗത്തിന്റെ കൃത്യമായ കണക്കുകളും വിവിധ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കിടയിലെ പ്രവണതയും തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കൂടുതല്‍ കൃത്യമായ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും മാര്‍ക്കറ്റിംഗ് രീതികളും നിക്ഷേപവും ക്രമീകരിക്കുന്നതിനും സംരംഭകര്‍ക്കും ഈ വിവരങ്ങല്‍ സഹായമാകും.

ഒരോ മേഖല തിരിച്ചും ഉല്‍പ്പന്നം തിരിച്ചുമുള്ള ഉപഭോഗത്തിന്റെ കണക്കുകള്‍ പഠനത്തിന്റെ ഭാഗമായി രേഖപ്പെടുത്തും. ഈ വര്‍ഷം ജൂലൈയോടു കൂടി പഠന റിപ്പോര്‍ട്ട് പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. വരുന്ന വര്‍ഷങ്ങളിലെ വളര്‍ച്ചാ രീതികള്‍ വിലയിരുത്തുന്നതിനുള്ള അടിസ്ഥാനമായി ഈ റിപ്പോര്‍ട്ടിനെയാണ് ഉപയോഗിക്കുക.

രാജ്യത്തെ പവര്‍ലൂം മേഖലയിലെ ശേഷി വികസനത്തിനായി സിഎംഎഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്മൃതി ഇറാനി അറിയിച്ചിട്ടുണ്ട്. പവര്‍ലൂം ക്ലസ്റ്ററുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പവര്‍ലൂം നെയ്ത്തുകാരുടെ വരുമാനം വര്‍ധിക്കുന്നതിനും വൈദഗ്ധ്യ വികസനത്തിനും ഇത് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News