നിഗൂഢത വിട്ടൊഴിയുന്നില്ല; കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

നിഗൂഢത വിട്ടൊഴിയുന്നില്ല; കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തായി പരന്നുകിടക്കുന്ന വടക്കന്‍ കടലിന്റെ തീരങ്ങളില്‍ കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശാസ്ത്രജ്ഞരെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി കാണാത്തൊരു പ്രതിഭാസമാണിതെന്ന് അവര്‍ പറയുന്നു. ഇതു പോലെ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം 1980, 90കളില്‍ ഉണ്ടായിട്ടില്ലെന്നു മാര്‍ഡിക് ലിയോപോള്‍ എന്ന ജീവശാസ്ത്രജ്ഞന്‍ പറഞ്ഞു. ഗ്യുല്ലിമോട്ട് (Guillemot) എന്ന ഇനത്തില്‍പ്പെട്ട കടല്‍പ്പക്ഷികളാണു കഴിഞ്ഞയാഴ്ചകളിലായി ഡച്ച് തീരങ്ങളില്‍ ചത്ത് അടിഞ്ഞത്. ഏകദേശം 20,000-ത്തോളം പക്ഷികള്‍ ചത്തു. ഭൂരിഭാഗം നേരങ്ങളിലും കടലില്‍ കഴിയുന്ന ഈ പക്ഷികള്‍ കടലിലെ മത്സ്യങ്ങളെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. ഇപ്പോള്‍ ഡച്ച് തീരങ്ങളില്‍ ചത്ത് അടിഞ്ഞ പക്ഷികളുടെ മൃതശരീരം അടുത്തയാഴ്ച പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ശാസ്ത്രജ്ഞര്‍. ചത്ത് അടിഞ്ഞ പക്ഷികള്‍ ഭൂരിഭാഗവും ശോഷിച്ച നിലയിലായിരുന്നു.

ഏതാനും നാളുകള്‍ക്കു മുന്‍പു ജനുവരി രണ്ടിന് ഈ പ്രദേശം വഴി കടന്നു പോയ എംഎസ്‌സി സോ കണ്ടെയ്‌നര്‍ കപ്പലില്‍നിന്നും ഏകദേശം 291-ാളം കണ്ടെയ്‌നറുകള്‍ കടലിലേക്കു മറിഞ്ഞു വീണിരുന്നു. ശക്തമായി കാറ്റിനെ തുടര്‍ന്നു കടല്‍ പ്രക്ഷുബ്ദമായപ്പോഴായിരുന്നു കണ്ടെയ്‌നര്‍ മറിഞ്ഞത്. ഇതില്‍ 50 കണ്ടെയ്‌നറുകള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കടലിലേക്കു വീണ ഈ കണ്ടെയ്‌നറുകളില്‍ ചിലത് വടക്കന്‍ ഡച്ച് തീരത്ത് അടിയുകയുണ്ടായി. ഈ കണ്ടെയ്‌നറില്‍നിന്നും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍ എന്നിവയും കണ്ടെത്തുകയുണ്ടായി. ഇതിനു പുറമേ ഒരു ബാഗ് നിറയെ പെറോക്‌സൈഡും കണ്ടെത്തിയിരുന്നു. കണ്ടെയ്‌നറില്‍നിന്നും പുറത്തേയ്ക്കു വമിച്ച മാരകമായ പദാര്‍ഥമായിരിക്കാം പക്ഷികളുടെ നാശത്തിനു കാരണമായതെന്നു കരുതുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു സാധ്യത ഭക്ഷണത്തിനു ക്ഷാമം നേരിട്ടതു കൊണ്ടായിരിക്കാമെന്നും കരുതുന്നുണ്ട്.

Comments

comments

Categories: FK News