ഇന്ത്യയിലെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാന്‍ കുവൈറ്റ് തീരുമാനം

ഇന്ത്യയിലെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാന്‍ കുവൈറ്റ് തീരുമാനം

ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കുള്ള എണ്ണേതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ പ്രതീക്ഷാര്‍ഹമായ വര്‍ധനവാണ് ഉണ്ടാകുന്നത്


കുവൈറ്റ്:ഇന്ത്യയിലുള്ള നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാനൊരുങ്ങി എണ്ണസമ്പന്ന രാഷ്ട്രമായ കുവൈറ്റ്. ഇന്ത്യയുടെ വളര്‍ച്ചാഗാഥ തങ്ങള്‍ക്കും അനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ ഇന്ത്യയിലെ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ കുവൈറ്റ് ആലോചിക്കുന്നത്. അടിസ്ഥാനസൗകര്യം, വിമാത്താവളങ്ങള്‍, ദേശീയപാതകള്‍ തുടങ്ങിയ മേഖലകളിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി നിക്ഷേപങ്ങള്‍ക്കൊരുങ്ങുന്നത്.

ഇന്ത്യയിലെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുന്നതോടൊപ്പം തന്നെ മൂന്നാംലോകരാഷ്ട്രങ്ങളുമായി സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള കുവൈറ്റ്-ജപ്പാന്‍ നിക്ഷേപ പദ്ധതികളുടെ ഭാഗമായി ഇന്ത്യന്‍ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനും കുവൈറ്റ് നിക്ഷേപ അതോറിട്ടി (കെഐഎ) ആലോചിക്കുന്നുണ്ട്.

ചരിത്രപരമായി ഇന്ത്യ-കുവൈറ്റ് ബന്ധങ്ങള്‍ക്ക് എല്ലായിപ്പോഴും വളരെ പ്രധാനപ്പെട്ട വ്യാപാരഗതി ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി കുവൈറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വ്യാപാര പങ്കാളികളിലൊന്നാകാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 2017-2018 കാലഘട്ടത്തില്‍ ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായിരുന്നു കുവൈറ്റ്. ഇക്കാലയളവില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങളുടെ 4.63 ശതമാനവും നിറവേറിയിരുന്നത് കുവൈറ്റാണ്.

രാജ്യത്തെ ഇന്ധന-വാതക മേഖലയില്‍ കുവൈറ്റ് നിക്ഷേപം നടത്തണുമെന്നും കുവൈറ്റിലെ വലിയ ബിസിനസ് സംരംഭങ്ങള്‍ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

2015-16 കാലഘട്ടത്തില്‍ 2,150.63 മില്യണ്‍ ആയിരുന്ന എണ്ണേതര മേഖലകളിലുള്ള ഇന്ത്യ-കുവൈറ്റ് വ്യാപാരബന്ധം 2017-18 ആയപ്പോഴേക്കും 11 ശതമാനം വര്‍ധിച്ച് 2,405.40 മില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കുള്ള എണ്ണേതര കയറ്റുമതിയുള്ള വര്‍ധന ശുഭസൂചകമാണ്. 2015-16 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കുള്ള 1,361.06 ഡോളറിന്റെ എണ്ണേതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 2017-18 ആയപ്പോഴേക്കും 19.60 ശതമാനം വര്‍ധിച്ച് 1,361.06 ആയിരുന്നു.

2015-16 കാലഘട്ടത്തില്‍ 6.2 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയ്ക്കും കുവൈറ്റിനുമിടയില്‍ ഉണ്ടായത്. 2014-15 വര്‍ഷത്തില്‍ നിന്നും 2015-16 ആയപ്പോഴേക്കും ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കുള്ള കയറ്റുമതിയില്‍ 4 ശതമാനത്തിന്റെ (1.24 ബില്യണ്‍ ഡോളര്‍) വളര്‍ച്ച ഉണ്ടായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യവസ്തുക്കള്‍, ധാന്യങ്ങള്‍, തുണിത്തരങ്ങള്‍, ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, കാറുകള്‍, ട്രക്കുകള്‍, ബസുകള്‍, ടയറുകള്‍, രാസവസ്തുക്കള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍.

നേരിട്ടല്ലാതെ, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റുകളിലൂടെയാണ് ഇന്ത്യയില്‍ കുവൈറ്റ് നിക്ഷേപം നടത്തുന്നത്. 2015 ഡിസംബറില്‍ ജിഎംആര്‍ ഇന്‍ഫ്രാസ്‌ടെക്ചറില്‍ 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം കെഐഎ നടത്തിയിരുന്നു. അതേവര്‍ഷം ഒക്‌റ്റോബറില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലും കെഐഎ നിക്ഷേപം നടത്തി. 2013ല്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ കെഐഎ 5.37 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. അല്‍ഗാനിം ഗ്രൂപ്പ്, കെഎപിഐസിഒ ഗ്രൂപ്പ്, നാഷ്ണല്‍ ഏവിയേഷന്‍ സര്‍വ്വീസസ്, അഗിലിറ്റി ലോജിസ്റ്റിക്‌സ്, ഹസിബത് ഹോള്‍ഡിംഗ് കോ. കെജിഎ ഗ്രൂപ്പ്, കെസിഐസി, കിപ്‌കോ, ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹൗസ്, കുവൈറ്റ് ഫിനാന്‍സ് ഹൗസ് തുടങ്ങിയ കുവൈറ്റ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയ കമ്പനികളില്‍ ശ്രദ്ധേയരാണ്.

Comments

comments

Categories: Arabia
Tags: investment

Related Articles