കുമ്പളങ്ങി നൈറ്റ്‌സ്(മലയാളം)

കുമ്പളങ്ങി നൈറ്റ്‌സ്(മലയാളം)

സംവിധാനം: മധു സി. നാരായണന്‍
അഭിനേതാക്കള്‍: ഷെയ്ന്‍ നിഗം, സൗബിന്‍ ഷഹീര്‍, ഫഹദ് ഫാസില്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 15 മിനിറ്റ്

2016-ല്‍ ഫഹദ് ഫാസില്‍- ശ്യാം പുഷ്‌കരന്‍-ദിലീഷ് പോത്തന്‍ കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. അതിനു ശേഷം 2017-ല്‍ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലും ഒരുമിച്ചു. 2019-ല്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെ വീണ്ടും ഇവര്‍ ഒരുമിച്ചിരിക്കുന്നു. ഇപ്രാവിശ്യം ദിലീഷ് പോത്തന്‍ നിര്‍മാതാവിന്റെ വേഷത്തിലാണെന്ന ഒരു ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്ത മുന്‍കാല ചിത്രങ്ങളെ പോലെ തന്നെ മികച്ച ഒരു ചിത്രമാണു കുമ്പളി നൈറ്റ്‌സ്.

കുമ്പളങ്ങിയുടെ പശ്ചാത്തലത്തില്‍, നാല് സഹോദരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണു ചിത്രത്തിന്റെ കഥ. ഷെയ്ന്‍ നിഗം, സൗബിന്‍ ഷഹീര്‍, ശ്രീനാഥ് ഭാസി, മാത്യൂസ് തുടങ്ങിയവരാണു നാല് സഹോദരങ്ങളെ അവതരിപ്പിക്കുന്നത്.

ബോബി (ഷെയ്ന്‍ നിഗം), സജി (സൗബിന്‍ ഷഹീര്‍) എന്നിവര്‍ പരാജിതരായി കഴിയുന്നവരാണ്. പ്രത്യേകിച്ചു ജോലിയൊന്നുമില്ലാതെ അലസമായി കറങ്ങിത്തിരിഞ്ഞ് നടക്കുന്നു. നിരവധി വിനോദസഞ്ചാരികളെത്തുന്ന ഗ്രാമമാണ് കുമ്പളങ്ങി. വിനോദസഞ്ചാരികള്‍ക്കു വേണ്ടി ചൂണ്ടയിടുന്നത് എങ്ങനെയാണെന്നു കാണിച്ചു കൊടുക്കാറുണ്ട് ബോബി. ടൂര്‍ ഗൈഡ് ബേബി മോളുമായി (അന്നാ ബെന്‍) ബോബിക്ക് അടുപ്പമുണ്ട്. ബേബി മോളുടെ കുടുംബം ഒരു ഹോം സ്‌റ്റേ നടത്തുകയാണ്. ബേബി മോളുടെ സഹോദരി ഗ്രേസ് ആന്റണി വിവാഹം കഴിച്ചിരിക്കുന്നത് ഷമ്മിയെയാണ്. ഫഹദ് ഫാസിലാണു ഷമ്മിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബിയും ബേബി മോളും വിവാഹിതരാകുന്നതിനു ഷമ്മി തടസമാണ്. എന്നാല്‍ ബോബിക്കു പിന്തുണയുമായി സഹോദരങ്ങള്‍ തീരുമാനിക്കുന്നു.

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ സഹോദരങ്ങള്‍ നാല് പേരും നാല് സ്വഭാവക്കാരാണെങ്കില്‍ രണ്ടാം പകുതിയില്‍ നാല് പേരും ഒരുമിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ കഥയ്ക്കു ഗതി വേഗം കൈവരുന്നുണ്ട്. ഉദ്വേഗം നിറഞ്ഞതും, വിസ്മയകരവുമാണു ക്ലൈമാക്‌സ്. ഫഹദ് ഫാസില്‍ തന്റെ കഥാപാത്രത്തെ മിഴിവുള്ളതാക്കിയിരിക്കുന്നു. ഒരു സാധാരണക്കാരന്റെ പോലെയല്ല ഫഹദിന്റെ ഷമ്മി എന്ന കഥാപാത്രം. വളരെ കാര്‍ക്കശ്യം നിറഞ്ഞതും വിചിത്രവുമാണ്. ഫഹദ് പ്രത്യക്ഷപ്പെടുന്ന ഓരോ രംഗവും പ്രേക്ഷകനെ ചിരിപ്പിക്കും. ഫഹദിനെ പോലെ ചിത്രത്തില്‍ തിളങ്ങിയ മറ്റൊരു അഭിനേതാവാണ് ഗ്രേസ് ആന്റണി. ചെറിയ വേഷമാണ് ഗ്രേസ് ആന്റണിയുടേതെങ്കിലും വളരെ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു ഗ്രേസ്.

Comments

comments

Categories: Movies