പത്തരമാറ്റുള്ള പത്ത് കലാസന്ധ്യകള്‍

പത്തരമാറ്റുള്ള പത്ത് കലാസന്ധ്യകള്‍

കൃതി അരങ്ങേറുന്ന പത്തു ദിവസവും സന്ധ്യയ്ക്ക് കൊച്ചിയെ കാത്തിരിക്കുന്നത് ലോകോത്തര കലാപരിപാടികള്‍

ഇന്ന് മുതല്‍ 17 വരെ അരങ്ങേറുന്ന കൃതി അന്താരാഷ്ട്ര പുസ്തക മേളയുടേയും വിജ്ഞാനോത്സവത്തിന്റേയും രണ്ടാം പതിപ്പിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കൊച്ചിക്കാര്‍ ഉറ്റുനോക്കുന്നത് കൃതിയുടെ കലോത്സവ വേദിയിലേയ്ക്കു കൂടിയാണ്. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയാശാനും കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണയും അഗം ബാന്‍ഡുമെല്ലാം ചേര്‍ന്ന് ഉത്സവഭരിതമാക്കിയ 2018ലെ കലാസന്ധ്യകളാണ് അവരുടെ ഓര്‍മയില്‍. കൃതി 2019ഉം അവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നില്ല. കൃതി 2019 അരങ്ങേറുന്ന പത്തു ദിവസവും മറൈന്‍ ഡ്രൈവിലെ സന്ധ്യകളില്‍ ആഗോള നിലവാരമുള്ള മികച്ച കലാപരിപാടികളാണ് കൊച്ചിക്കാര്‍ക്കായി ഒരുങ്ങുന്നത്. വൈകീട്ട് 6:30നാണ് പ്രധാന പ്രദര്‍ശന നഗരിയോടു ചേര്‍ന്ന് പ്രത്യേക വേദിയില്‍ കലാപരിപാടികള്‍ ആരംഭിക്കുക.

ആദ്യദിനമായ ഇന്ന് പ്രളയത്തില്‍ നിന്നുള്ള കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇതിവൃത്തമാക്കി കലാമണ്ഡലം ചിട്ടപ്പെടുത്തിയ നവകേരളം എന്ന നൃത്തസംഗീത പരിപാടിയാണ് കൃതിയുടെ കലോത്സവ അരങ്ങിലെത്തുക. രണ്ടാം ദിവസമായ ഫെബ്രുവരി 9ന് കേരളത്തിലെ പുതുതലമുറയുടെ ഹരമായ മദ്രാസ് മെയില്‍ ബാന്‍ഡിന്റെ സംഗീതപരിപാടിയും ഫെബ്രുവരി 10ന് മിഥുന്‍ ജയരാജ്, ബേണി, സമീര്‍ ഉമ്പായി എന്നിവര്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും അരങ്ങേറും. ഫെബ്രുവരി 11ന് പാലക്കാടു നി്ന്നുള്ള പ്രസിദ്ധ തോല്‍പ്പാവക്കൂത്ത് കലാകാരന്‍ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്. ഫെബ്രുവരി 12ന് ചിന്താവിഷ്ടയായ സീതയുടെ ഭരതനാട്യരൂപവുമായി വിശ്രുതന നര്‍ത്തിക ലാവണ്യ അനന്ത് വേദിയിലെത്തും. ഫെബ്രുവരി 13നാണ് കഥകളി. ഇക്കുറി സദനം കൃഷ്ന്‍കുട്ടിയാശാനും സംഘവും അവതരിപ്പിക്കുന്ന കീചകവധമാണ് കൃതിയുടെ വേദിയെ സമ്പന്നമാക്കുക. ഫെബ്രുവരി 14ന് പ്രമുഖ നാടകപ്രവര്‍ത്തകന്‍ ചന്ദ്രദാസന്റെ സംവിധാനത്തില്‍ നാട്യധര്‍മി സാക്ഷാത്കരിക്കുന്ന കര്‍ണഭാരം എന്ന നാടകം.

ഫെബ്രുവരി 15നാണ് കര്‍ണാടക സംഗീതരംഗത്തെ താരമായ ബോംബെ ജയശ്രീ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. ഫെബ്രുവരി 16ന് കൊച്ചിന്‍ ചവിട്ടുനാടകക്കളരി അരങ്ങിലേറ്റുന്ന ജൂലിയസ് സീസര്‍ ചവിട്ടുനാടകം. അവസാനദിനമായ ഫെബ്രുവരി 17ന് വയലാര്‍, പി. ഭാസ്‌ക്കരന്‍, ഓഎന്‍വി ഗാനങ്ങളുമായി ത്രയംബകം അവതരിപ്പിക്കുന്ന ഗാനമേളയോടെയാണ് കൃതി 2019ന് തിരശ്ശീല വീഴുക. കഴിഞ്ഞ വര്‍ഷം 9 ദിവസം മാത്രമേ കലാപരിപാടികള്‍ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഈ വര്‍ഷം കൃതി നടക്കുന്ന 10 ദിവസവും കലാപരിപാടികളുണ്ടെന്നതും സവിശേഷതയാണ്.

Comments

comments

Categories: FK News