ഇന്ത്യ- യൂഎസ് കൊമേര്‍ഷ്യല്‍ ഡയലോഗും സിഇഓ ഫോറവും ഫെബ്രുവരി 14ന്

ഇന്ത്യ- യൂഎസ് കൊമേര്‍ഷ്യല്‍ ഡയലോഗും സിഇഓ ഫോറവും ഫെബ്രുവരി 14ന്

ഇ-കോമേഴ്സിലെ എഫ്ഡിഐ വ്യവസ്ഥകള്‍, ഇലക്ട്രോണിക്‌സിന്റെ ഇറക്കുമതിചുങ്കം, സ്റ്റീല്‍ അലുമിനിയത്തില്‍ ഏര്‍പ്പെടുത്തിയ പീനല്‍ ഡ്യൂട്ടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടും

അടുത്ത ആഴ്ച നടക്കുന്ന യുഎസ് ഇന്ത്യ കൊമേര്‍ഷ്യല്‍ ഡയലോഗില്‍ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവും ഇ-കോമേഴ്സില്‍ ഇന്ത്യയുടെ എഫ്ഡിഐ വ്യവസ്ഥകളും ഐടി ഇലക്ട്രോണിക്‌സിന്റെ ഇറക്കുമതി ചുങ്കവും സ്റ്റീല്‍ അലുമിനിയത്തില്‍ യുഎസ് ഏര്‍പ്പെടുത്തിയ പീനല്‍ ഡ്യൂട്ടിയും ചര്‍ച്ച ചെയ്യുമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേദിവസം ഫെബ്രുവരി 14-ന് നടക്കുന്ന ഇന്ത്യ-യുഎസ് സിഇഒ ഫോറത്തില്‍ പ്രമുഖ സിഇഒമാരായ എടിസിയുടെ ജെയിംസ് ടൈസ്ലെറ്റ് ടാറ്റ സണ്ണിലെ എന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും. ‘ന്യൂഡെല്‍ഹിയില്‍ ഫെബ്രുവരി 14-ന് നടക്കുന്ന കൊമേര്‍ഷ്യല്‍ ഡയലോഗിലും സിഇഒ ഫോറത്തിലും രണ്ട് വിഭാഗവും എത്തും. പരിഹരിക്കപ്പെടാത്ത പല പ്രശ്‌നനങ്ങളും രണ്ട് രാജ്യങ്ങളും ചര്‍ച്ച ചെയ്യും. ഇന്ത്യയും അമേരിക്കയും തമ്മില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചില ചെറിയ വ്യാപാര തടസങ്ങള്‍ ഉണ്ട്. എന്നാല്‍, രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇന്നും ശക്തമാണ്. അങ്ങനെ പല കാര്യങ്ങളും കൊമേര്‍ഷ്യല്‍ ഡയലോഗില്‍ ചര്‍ച്ച ചെയ്യപ്പെടും’- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇ-കോമേഴ്സ് എഫ്ഡിഐ വ്യവസ്ഥകള്‍ ന്യൂഡെല്‍ഹി ശക്തമാക്കിയതോടെ വാഷിംഗ്ടണ്‍ അസന്തുഷ്ടരാണ്. അമേരിക്കന്‍ വ്യവസായ ഭീമന്മാരായ ആമസോണിനെയും വാള്‍മാര്‍ട്ടിനെയുമാണ് ഇത് ബാധിക്കുന്നത്. ഇത് അവര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തുക. സ്മാര്‍ട്ട് ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഇന്ത്യ ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയതും അമേരിക്കയെ ചൊടിപ്പിച്ചു. ലോക വ്യാപാര സംഘടനയുടെ ഐടി കരാറിന് എതിരാണിതെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

സ്റ്റീല്‍, അലുമിനിയത്തിലും അമേരിക്ക ചുമത്തുന്ന പീനല്‍ ഡ്യൂട്ടി നീക്കം ചെയ്യാത്തതില്‍ ഇന്ത്യയ്ക്കും അതൃപ്തിയാണ്. ഇന്ത്യക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ യുഎസ് നല്‍കിയ അനുമതി ഏപ്രില്‍ 2019 വരെ തുടരണമെന്നും ഇന്ത്യയ്ക്ക് ആഗ്രഹമുണ്ട്. ട്രാവല്‍ ആന്‍ഡ് ടൂറിസം, നിക്ഷേപം, വ്യവസായ അന്തരീക്ഷം തുടങ്ങിയ വിഷയങ്ങളും കൊമേര്‍ഷ്യല്‍ ഡയലോഗ് കൈകാര്യം ചെയ്യും.

എംഎസ്എംഇ, ഐസിടി, ഇന്‍ഫ്രസ്റ്റട്രക്ചര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്, സാമ്പത്തികം, വൈദ്യുതിയും പരിസ്ഥിതിയും, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ ആയിരിക്കും ഇന്ത്യ-യുഎസ് സിഇഒ ഫോറം ചര്‍ച്ച ചെയ്യുക. കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന വികസനങ്ങള്‍ സിഇഓ ഫോറം വിലയിരുത്തും, അതോടൊപ്പം തന്നെ ഭാവി പരിപാടികളും പദ്ധ്യതികളും ഒരുക്കും. ഇന്ത്യന്‍ സര്‍ക്കാരും അമേരിക്കന്‍ സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന മേഖലകളുടെ പട്ടികയും സിഇഓ ഫോറം പുറത്തിറക്കും.

Categories: Business & Economy, Slider
Tags: e- commerce